കാസർകോട്: ഒരുമഴയെങ്കിലും കിട്ടിയിരുന്നെങ്കിലെന്ന് നാടും നഗരവും ആഗ്രഹിക്കുകയാണ്. കടുത്ത വേനലിൽ ഇനി വറ്റാൻ പുഴകളോ നീർച്ചാലുകളോ ബാക്കിയില്ല. വെള്ളമൊഴുകും വഴികൾ മറന്നാണ് ഇവയുടെ കിടപ്പ്. ഏപ്രിൽ കഴിയാറായിട്ടും ജില്ലയിൽ മഴ പെയ്യാൻ മടിച്ചു നിൽക്കുകയാണ്. ചൂട് അതിന്റെ പാരമ്യത്തിലെത്തി. ജില്ലയിലെ ജലാശയങ്ങളെല്ലാം വറ്റിവരണ്ടു. തെങ്ങുകളും കവുങ്ങുകളും ഉൾപ്പെടെ ഫലവൃക്ഷങ്ങൾ കരിഞ്ഞുണങ്ങുകയാണ്. ഈ അവസ്ഥ ഇനിയും നീണ്ടാൽ കുടിവെള്ളക്ഷാമം മാത്രമല്ല, കാർഷികമേഖലയുടെ സർവനാശവും ജില്ലയെ തുറിച്ചു നോക്കുകയാണ്.
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ കാസർകോടാണുള്ളത്. കൂർഗിലെ പട്ടിമലയിൽനിന്ന് ആരംഭിച്ച് തളങ്കരയിൽ സമുദ്രത്തോടു ചേരുന്ന 105 കി.മീറ്റർ നീളമുള്ള ചന്ദ്രഗിരിപ്പുഴയടക്കം (പയസ്വിനി) 12 നദികൾ ജില്ലയിലുണ്ട്. 64 കി.മീറ്റർ നീളമുള്ള കാര്യങ്കോട് പുഴയാണ് നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത്. കാര്യങ്കോടുപുഴയെ തേജസ്വിനി പുഴയെന്നും വിളിക്കുന്നു. കാക്കടവ് എന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള ഡാം ഈ പുഴക്കു കുറുകേയാണ്.
ഷിറിയ പുഴ, ഉപ്പള പുഴ, മൊഗ്രാൽ പുഴ, ചിത്താരിപ്പുഴ, നീലേശ്വരം പുഴ, കവ്വായിപ്പുഴ, മഞ്ചേശ്വരം പുഴ, കുമ്പള പുഴ, ബേക്കൽ പുഴ, കളനാട് പുഴ എന്നിവയാണ് മറ്റു പുഴകൾ. ഇതിൽ പല പുഴകളും പലയിടത്തും വറ്റിവരണ്ട അവസ്ഥയിലാണ്. മാർച്ചിൽ കാസർകോട്ട് 2.1 മി.മീറ്റർ (87 ശതമാനം കുറവ്) മഴക്കുറവാണ് രേഖപ്പെടുത്തിയിരുന്നത്.
സംസ്ഥാനത്തെ മധ്യ-തെക്കൻ ജില്ലകളെ അപേക്ഷിച്ച് വടക്കൻ കേരളത്തിൽ സാധാരണ വേനൽമഴ കുറവായാണ് കിട്ടാറുള്ളത്. താരതമ്യേന കുറവാണെങ്കിലും കടുത്ത വേനലിന് ആശ്വാസമായും കുടിവെള്ള ക്ഷാമത്തിന് മുക്തിയായും ശരാശരി അഞ്ചുമുതൽ 10വരെ മി.മീറ്റർ മഴ ഓരോ മാർച്ചിലും കാസർകോട് ജില്ലയിൽ കിട്ടിയിരുന്നു. എന്നാൽ, ഇത്തവണ അതുപോലുമുണ്ടായില്ല. അന്തരീക്ഷ താപനില എല്ലാവർഷത്തേക്കാളും ഉയർന്ന വേനൽക്കാലമാണ് ഇത്തവണത്തേത്.
വേനല്‍ കടുക്കുകയും വരള്‍ച്ച രൂക്ഷമാവുകയും ചെയ്യുമ്പോഴും കാസര്‍കോട് ജില്ലയിലെ പല കുടിവെള്ള പദ്ധതികളുടെയും പ്രവര്‍ത്തനം അവതാളത്തിലാകുന്നതും പതിവാണ്. കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ ജില്ലയിലുണ്ട്. എന്നാല്‍, ഈ പദ്ധതികള്‍ വഴിയുള്ള ജലവിതരണം ഒട്ടുമിക്ക ഭാഗങ്ങളിലും തടസ്സപ്പെടുക പതിവാണ്. വേനല്‍ മഴയുടെ ലഭ്യതക്കുറവും കൊടുംചൂടും കാരണം ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. പല കുടുംബങ്ങളും കുഴല്‍ക്കിണറുകളെയും ആശ്രയിച്ചുവരുന്നു. കുഴൽക്കിണര്‍ നിര്‍മിച്ചാലും വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്.
തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കുടിവെള്ള പദ്ധതികളെയും വരൾച്ച പ്രതികൂലമായി ബാധിക്കുന്നുണ്ട്. പുഴകളും മറ്റ് ജലസ്രോതസ്സുകളും വറ്റിത്തുടങ്ങിയതോടെ കുടിവെള്ള പദ്ധതി വഴിയുള്ള ജലവിതരണവും തടസ്സപ്പെടുന്ന സ്ഥിതിയാണ്.
കാസർകോട്: ജല അതോറിറ്റിക്ക് താഴെ ചിന്മയ കോളനിയിൽ കുടിവെള്ളക്ഷാമം. പതിറ്റാണ്ടിലേറെ ഉപ്പ് വെള്ളം കുടിച്ച് കഷ്ടപ്പെട്ട വിദ്യാനഗർ ചിന്മയ കോളനി നിവാസികൾക്ക് ബാവിക്കര തടയണ വന്നതോടെ ആശ്വാസമായിരുന്നു.
എന്നാൽ, കഴിഞ്ഞ കുറെ ആഴ്ചകളായി ഹൈവേ വികസനം ജലലഭ്യത ഇല്ലാതാക്കി. ജല അതോറിറ്റി ഓഫിസിന് തൊട്ടരികെ നൂറിലധികം കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്നിടത്ത് പൈപ്പ് വെള്ളമാണ് ഏക ആശ്രയം. ഒരാഴ്ചയിലധികമായി പൈപ്പ് വെള്ളം കിട്ടിയിട്ട്. പൈപ്പിലൂടെ വരുന്നത് വെള്ളത്തിനു പകരം ചൂട് കാറ്റാണെന്ന് ജനങ്ങൾ പറയുന്നു.
ചിന്മയ കോളനി റസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് പ്രഫ. വി. ഗോപിനാഥന്റെ നേതൃത്വത്തിൽ കെ. രവീന്ദ്രൻ നായർ, രഞ്ജിത് കെ. നായർ, കരിച്ചേരി ചന്ദ്രശേഖര, രവിദാസ്, കേപ്റ്റൻ നീട്ടൂർ ദാമോദരൻ, പത്മനാഭ ഷെണായ്, കെ. മഹാബലഭട്ട് തുടങ്ങിയവർ എക്സിക്യൂട്ടിവ് എൻജിനീയർ അമൃത് രാജിനെ കണ്ട് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.