സർകോട്: എൽ.ഡി.എഫ് സ്ഥാനാർഥി. എം.വി. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൊട്ടിക്കലാശം പയ്യന്നൂരിൽ നഗരത്തെ ഇളകിമറിച്ച് ജനസമുദ്രമായി അലയടിച്ചപ്പോൾ യു.ഡി.എഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താന്റെ പ്രചാരണ കലാശം കാസർകോട് നഗരത്തെ അക്ഷരാർഥത്തിൽ ശ്വാസംമുട്ടിച്ചു. എൻ.ഡി.എ സ്ഥാനാർഥി എം.എൽ. അശ്വിനിയുടെ പ്രചാരണവും മികച്ച പ്രകടനത്തിൽ കലാശിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ വിജയ ഭേരിയായിരുന്നു പയ്യന്നൂരിൽ നടന്ന എൽ.ഡി.എഫ് കലാശകൊട്ട്. ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയായ പയ്യന്നൂരിൽ നഗരത്തെ കൂടുൽ ചുവപ്പിച്ചു കൊണ്ടാണ് അവസാനവട്ട പരസ്യ പ്രചാരണം സമാപിച്ചത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് തുറന്ന വാഹനത്തിൽ സ്ഥാനാർഥിയെയും ആനയിച്ച് എത്തി.
ശിങ്കാരിമേളവും ബാൻഡ് മേളവും അകമ്പടിയായി. എൽ.ഡി.എഫിലെ വിവിധ പാർട്ടികളുടെ കൊടികളും വർണ ബലൂണുകളും കളരി അഭ്യാസവും കൂറ്റൻ ചെങ്കൊടിയുമെല്ലാം റാലിക്ക് കൊഴുപ്പേകി. പതിവില്ലാത്തവിധം പ്രകടനത്തിലും കാഴ്ചക്കാരായും ആയിരങ്ങൾ നഗരത്തിലേക്ക് ഒഴുകിയെത്തി.
ഇടത് വലത് മുന്നണികളുെട കൊട്ടിക്കലാശം കാഞ്ഞങ്ങാട്ടും ആ വേശമായി. മുന്നിലും പിന്നിലുമായി മൂന്ന് മുന്നണികളുടെയും ഘോഷയാത്ര കടന്നുപോയി. അഞ്ച് മണിക്ക് ആരംഭിച്ച് ആറ് മണിക്ക് കലാശക്കൊട്ട് അവസാനിച്ചു. സ്ഥാനാർഥി അശ്വനിയുടെ കട്ടൗട്ടും മോദിയുടെ ചിത്രങ്ങളും കയ്യിലേന്തി ആദ്യം ബി.ജെ.പിയുടെ പ്രകടനം കോട്ടച്ചേരി ഭാഗത്ത് നിന്നുമെത്തി. നഗരത്തിൽ പ്രവേശിച്ച് പുതിയ കോട്ടയിൽ സമാപിച്ചു.
പിന്നാലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ കൊട്ടികലാശം എത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയായിരുന്നു ഘോഷയാത്ര. കോട്ടച്ചേരി എലൈറ്റ് ഹോട്ടൽ പരിസരം കേന്ദ്രീകരിച്ച് വാദ്യമേളങ്ങൾക്കൊപ്പം മൈക്ക് പ്രചരണവാഹനവും മുന്നിൽ നീങ്ങിയപ്പോൾ പിന്നാലെ എൽ.ഡി.എഫ് മണ്ഡലം നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അരിവാൾ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത പതാകകളും ബലൂണുകളും സ്ഥാനാർഥിയുടെ പടം ആലേഖനം ചെയ്ത പ്ലക്കാർഡുകളും ഉയർത്തി അണിനിരന്നു.
കൈലാസ് പരിസരം ചുറ്റി കോട്ടച്ചേരി ബസ് സ്റ്റാൻഡ് പരിസരത്താണ് പ്രകടനം സമാപിച്ചത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ, വി.കെ. രാജൻ, കെ.വി. കൃഷ്ണൻ, അഡ്വ. കെ. രാജ്മോഹൻ, എം. പൊക്ലൻ, കാറ്റാടി കുമാരൻ, എം. രാഘവൻ, എം. ഹമീദ് ഹാജി, സി.കെ . നാസർ, ഉദിനൂർ സുകുമാരൻ തുടങ്ങിയവർ നേതൃത്വം നൽകി.
എൽ.ഡി.എഫ് പ്രകടനത്തിന് പിന്നാലെയായിരുന്നു യു.ഡി.എഫ് ജാഥയുടെ കലാശക്കൊട്ടെത്തിയത്. കോട്ടച്ചേരിയിൽനിന്ന് ആരംഭിച്ച് പഴയ ബസ് സ്റ്റാൻഡിന് മുമ്പിൽ സമാപിച്ചു. സ്ത്രീകൾ ഉൾപ്പെടെ പങ്കെടുത്തു. ബൈക്ക് റാലി ഉണ്ടായില്ല. നഗരത്തിൽ സമാധാനപരമായിരുന്നു കൊട്ടിക്കലാശം. കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.