കാസർകോട്: തോട്ടങ്ങളിൽ കാൽനൂറ്റാണ്ടു കാലത്തോളം തുടർച്ചയായി ഉപയോഗിച്ചതിനുശേഷം ബാക്കിയായ എൻഡോസൾഫാൻ പെരിയ, ചീമേനി, രാജപുരം എസ്റ്റേറ്റ് ഗോഡൗണുകൾക്ക് സമീപം കുഴിച്ചുമൂടാനുള്ള നീക്കം നടക്കുന്നതായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരോപിച്ചു. എൻഡോസൾഫാൻ നിർവീര്യമാക്കി സംസ്കരിക്കാൻ ഡബ്ൾ ചേംബർ സൗകര്യമുള്ള, 30 മീറ്ററിൽ അധികം ഉയരത്തിൽ പുകക്കുഴലുള്ള ആധുനിക സംസ്കരണ പ്ലാൻറ് ആവശ്യമാണ്.
എന്നാൽ, അത്തരം സൗകര്യങ്ങളൊന്നുമില്ലാത്തിടത്ത് കുഴിച്ചുമൂടാൻ ശ്രമിക്കുന്നുവെന്നത് ഞെട്ടലുണ്ടാക്കുന്നതാണ്. ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ആധുനിക സംസ്കരണ പ്ലാൻറുകളിലേക്ക് നീക്കം ചെയ്ത് എൻഡോസൾഫാൻ സംസ്കരിക്കുന്നതിനായിരുന്നു നേരത്തേ ധാരണയുണ്ടായിരുന്നത്. എൻഡോസൾഫാൻ 'സ്ഥാവര കാർബണിക മാലിന്യകാരികൾ (പി.ഒ.പി-Persistent Organic Pollutants) പട്ടികയിൽ പെടുന്നതിനുമുമ്പേ നടന്ന ആലോചനയാണിത്.
പി.ഒ.പിയിൽ ഉൾപ്പെടുത്തിയതിനുശേഷം, കാലഹരണപ്പെട്ട എൻഡോസൾഫാൻ സ്റ്റോക്കുകൾ നിർവീര്യമാക്കി നശിപ്പിക്കുന്നതിന് കൂടുതൽ കർക്കശമായ നിബന്ധനകൾ നിലവിൽ വന്നതിനുശേഷം, മുമ്പുണ്ടാക്കിയ ധാരണകളെപ്പോലും അട്ടിമറിക്കുന്ന നിലയിൽ അന്താരാഷ്ട്ര തലത്തിലുണ്ടാക്കിയ കരാറുകളെ മാനിച്ചുകൊണ്ട് ഭരണഘടനാനുസൃതമായ നിയമങ്ങളിലൂടെ പ്രവർത്തിക്കേണ്ട ജില്ല ഭരണകൂടം നിയമങ്ങൾ അട്ടിമറിക്കുന്ന രീതിയിൽ പെരുമാറുന്നത് പ്രതിഷേധാർഹമാണെന്ന് മുന്നണി ഭാരവാഹികൾ പറഞ്ഞു.
2011ലെ സ്റ്റോക് ഹോം കൺവെൻഷൻ എൻഡോസൾഫാൻ പി.ഒ.പി പട്ടികയിൽപെടുത്തുകയും ആഗോളതലത്തിൽ നിരോധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ആഗോള മാനദണ്ഡത്തിനു അനുസൃതമായി നിർവീര്യമാക്കുന്നതിന് കൂടുതൽ സുരക്ഷിതമായ നടപടിക്രമങ്ങൾക്ക് തുടക്കമിടേണ്ടതുണ്ടായിരുന്നു.
എന്നാൽ, പി.സി.കെ ഗോഡൗണുകൾക്ക് സമീപം കുഴിയെടുത്ത് കേരള കാർഷിക സർവകലാശാലയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് സുതാര്യതയോ കൂടിയാലോചനകളോ ഒട്ടുമില്ലാതെ എൻഡോസൾഫാൻ സംസ്കരിക്കാനുള്ള ധിറുതിപിടിച്ച നീക്കം പാരിസ്ഥിതികവും ആരോഗ്യപരവുമായ ഒട്ടേറെ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.
വിനാശകാരി പത്ത് വർഷത്തോളം ബാരലിൽ തന്നെ
എൻഡോസൾഫാൻ വിഷയം രൂക്ഷമായതോടെ തളിക്കൽ നിർത്തുകയും നിരോധനം ഏർപ്പെടുത്തുകയും ചെയ്ത കീടനാശിനി, ബാരലുകളിലാണ് സൂക്ഷിക്കപ്പെട്ടത്. 2012 ജൂലൈ മാസത്തിൽ ഗോഡൗണുകളിൽ ബാരലിൽ അവശേഷിച്ച എൻഡോസൾഫാനും അത് കലർന്ന അവശിഷ്ടങ്ങളും അന്താരാഷ്ട്ര മാനദണ്ഡപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ്, അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന വിദഗ്ധർ, ആരോഗ്യ വിദഗ്ധർ, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് പ്രതിനിധി എന്നിവരുടെ മേൽനോട്ടത്തിൽ അന്താരാഷ്ട്ര ഭക്ഷ്യ കാർഷിക സംഘടനയുടെയും ലോകാരോഗ്യ സംഘടനയുടെയും നിർദേശങ്ങൾക്ക് അനുസൃതമായി ഡ്രമ്മുകളിലേക്ക് മാറ്റുന്ന പ്രവർത്തനം പൂർത്തീകരിച്ചിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് രാസപരിശോധന മാനദണ്ഡപ്രകാരം സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു.
മൂന്നു മാസത്തിനുള്ളിൽ എൻഡോസൾഫാൻ, ഗോഡൗണുകളിൽനിന്ന് നീക്കം ചെയ്ത് നിർവീര്യമാക്കി നശിപ്പിക്കുമെന്ന് 2014 ജനുവരി 28ന് ചേംബറിൽ കൃഷി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായതാണ്. സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീർ, ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമൻ, കെ. കുഞ്ഞിരാമൻ (ഉദുമ), കെ.എം. എബ്രഹാം ഐ.എ.എസ്, ഡോ. കെ. ഇളങ്കോവൻ ഐ.എ.എസ്, കെ.ആർ. ജ്യോതിലാൽ ഐ.എ.എസ്, വി.എൻ. ജിതേന്ദ്രൻ ഐ.എ.എസ്, ബിനോയ് വിശ്വം, അഗ്രികൾചർ ഡയറക്ടർ ആർ. അജിത്ത് കുമാർ, ഡോ. മുഹമ്മദ് അഷീൽ എന്നിവരും എൻഡോസൾഫാൻ സമരസമിതി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തിരുന്നു. എൻഡോസൾഫാന് ആഗോള നിരോധനം നിലവിൽവരുകയും വിവിധ സംസ്ഥാനങ്ങളിൽ ബാക്കിയുള്ള എൻഡോസൾഫാൻ നിർവീര്യമാക്കി സംസ്കരിക്കുന്നതിന് ഏറ്റവും സുരക്ഷിതമായ ടെക്നോളജി ലഭ്യമാക്കാനുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ജില്ലയിലെ കീടനാശിനി നിർവീര്യമാക്കി നശിപ്പിക്കുന്ന പ്രക്രിയയും നീണ്ടുപോയി.
എൻഡോസൾഫാൻ വീര്യം
35 ശതമാനം ഇ.സി വീര്യമുള്ള 1438 ലിറ്റർ എൻഡോസൾഫാനും കൂടാതെ അത് കലർന്ന അവശിഷ്ടങ്ങളുമാണ് ഗോഡൗണുകളിലുള്ളത്. 65 ശതമാനം നിഷ്ക്രിയ പദാർഥങ്ങൾ കീടനാശിനിയിൽ അടങ്ങിയിട്ടുണ്ട്. അത് എൻഡോസൾഫാനുമായി പ്രതിപ്രവർത്തനം ഇല്ലാത്തതാണെങ്കിലും പ്രകൃതിക്കും ജനാരോഗ്യത്തിനും അപകടകരമായ രാസവസ്തുക്കളാണെന്നാണ് പറയപ്പെടുന്നത്. എങ്കിലും രാസ പരിശോധന നടത്തി മാത്രമേ, സംസ്കരണം നടത്തണമെന്ന തീരുമാനം എടുക്കാൻ പറ്റൂ. ജില്ല ഭരണകൂടം ഇപ്പോൾ സാങ്കേതിക സഹായത്തിന് ആശ്രയിക്കുന്ന കാർഷിക സർവകലാശാലക്ക് ഇക്കാര്യം ചെയ്യാനുള്ള ഒരു ശാസ്ത്രീയ വൈദഗ്ധ്യവുമില്ല എന്നാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ആരോപിക്കുന്നത്. നിയമപരമായ അംഗീകാരവുമില്ല. കീടനാശിനി നശിപ്പിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിെൻറ അംഗീകാരമുള്ള ഒരു സ്ഥാപനമല്ല കാർഷിക സർവകലാശാല. നാഗ്പുരിലെ നാഷനൽ എൻവയൺമെൻറ് എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങളാണ് രാസ പരിശോധന നടത്തേണ്ടതെന്നും പറയുന്നു.
നിർണായക യോഗം ഇന്ന്
എൻഡോസൾഫാൻ നിർവീര്യമാക്കുന്നത് സംബന്ധിച്ച് വിവാദങ്ങൾ കത്തിനിൽക്കെ ഇന്ന് വൈകീട്ട് നാലിനു കലക്ടറേറ്റിൽ യോഗം നടക്കും. കലക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തിൽ എം.എൽ.എമാരും എം.പിമാരും കാർഷിക സർവകലാശാല പ്രതിനിധികളും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കളും സംബന്ധിക്കും.
എൻഡോസൾഫാൻ കുഴിച്ചുമൂടില്ല -–സെൽ
കാസർകോട്: പെരിയ, ചീമേനി, രാജപുരം എന്നിവിടങ്ങളിലെ എൻഡോസൾഫാൻ കുഴിച്ചുമൂടില്ല. അവ നിർവീര്യമാക്കാനുള്ള നടപടികളാണ് ഉണ്ടാവുകയെന്ന് എൻഡോസൾഫാൻ സെൽ. പ്ലാേൻറഷൻ ഗോഡൗണിനു സമീപമെടുത്ത കുഴികൾ ടാങ്ക് പണിയാനുള്ളതാണ്.
ഇത് എൻഡോസൾഫാൻ നിർവീര്യമാക്കുന്നതിനു വേണ്ടിയുള്ള ടാങ്ക് നിർമിക്കുന്നതിനുള്ളതാണ്. 2017ൽ കാർഷിക സർവകലാശാലയിൽ എൻഡോസൾഫാൻ മാതൃകപരമായി നിർവീര്യമാക്കിയതിെൻറ റിപ്പോർട്ട്, ജനപ്രതിനിധികളും എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതാക്കളും ഉൾപ്പെട്ട യോഗത്തിൽ അവതരിപ്പിച്ചിരുന്നു. ഇത് അന്ന് അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇന്ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
ഗോഡൗണുകളിൽ നശിപ്പിക്കാൻ സമ്മതിക്കില്ല
ഗോഡൗണുകളിൽ രണ്ടു പതിറ്റാണ്ടായി സൂക്ഷിച്ചുവെച്ചിരിക്കുന്ന എൻഡോസൾഫാൻ, നിർവീര്യമാക്കുന്നുവെന്നതിെൻറ പേരിൽ കുഴിച്ചുമൂടാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും നേരിടാൻ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി തീരുമാനിച്ചു.
എൻഡോസൾഫാൻ മൂലം ഒരുവിധ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാവില്ലെന്ന് പറഞ്ഞുനടക്കുന്നവർ ആരുമറിയാതെ 40 ലക്ഷം രൂപ ചെലവ് ചെയ്ത് ചൂടാക്കി കുഴിച്ചുമൂടാൻ തീരുമാനിച്ചതിെൻറ പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന് പീഡിത ജനകീയ മുന്നണി യോഗം ആവശ്യപ്പെട്ടു.
എൻഡോസൾഫാൻ കമ്പനിക്കുവേണ്ടി വാദിച്ചു കൊണ്ടിരിക്കുന്ന, രാസഘടകങ്ങൾ വേർതിരിക്കാനറിയാത്ത ഏജൻറുമാരായി മാത്രം പ്രവർത്തിക്കുന്ന കാർഷിക ഉദ്യോഗസ്ഥരെ നിർവീര്യമാക്കാൻ ഏൽപിച്ചത് ഏത് യുക്തിയുടെ അടിസ്ഥാനത്തിലാണെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കണം. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ഡോ. അംബികാസുതൻ മാങ്ങാട്, കെ. കൊട്ടൻ, അഡ്വ. ടി.വി.രാജേന്ദ്രൻ, പ്രേമചന്ദ്രൻ ചോമ്പാല, ഗോവിന്ദൻ കയ്യൂർ, കെ. ചന്ദ്രാവതി, ബി. മിസിരിയ, അബ്ദുൽഖാദർ ചട്ടഞ്ചാൽ, വേണു അജാനൂർ, പ്രവീൺ, കെ. ശിവകുമാർ, പവിത്രൻ തോയമ്മൽ, കെ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം.പി. ജമീല നന്ദിയും പറഞ്ഞു.
കാർഷിക സർവകലാശാലക്ക് എൻഡോസൾഫാൻ നിർവീര്യമാക്കാം
എൻഡോസൾഫാൻ നിർവീര്യമാക്കാൻ കേരള കാർഷിക സർവകലാശാലക്ക് സാധിക്കുമെന്ന് കാർഷിക സർവകലാശാല അധ്യാപകൻ ഡോ. കെ.എം. ശ്രീകുമാർ. നിർവീര്യമാക്കാതിരിക്കാനുള്ള ശ്രമമാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നടത്തുന്നത്. അവരുടെ സമരത്തിന് വീര്യം നിലനിർത്താൻ വേണ്ടിയാണ് നിർവീര്യമാക്കുന്നതിനെതിരെ നിൽക്കുന്നത്. കേന്ദ്ര ഇൻസെക്ടിസൈഡ് ആക്ട് 1968-70 നിയമ പ്രകാരം കീടനാശിനി നിർവീര്യമാക്കാനുള്ള ചുമതല ജില്ല കലക്ടർക്ക് സ്വയം ഏറ്റെടുക്കാം. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് എന്ന നിലയിൽ ഇത്തരം തീരുമാനങ്ങൾ എടുക്കാവുന്നതാണ്. ഈ വിഷയത്തിൽ പരമോന്നത കേന്ദ്ര സർക്കാർ സ്ഥാപനമായ ഡയറക്ട് പ്ലാൻറ് പ്രൊട്ടക്ഷൻ ക്വാറൻറീൻ ആൻഡ് സ്റ്റോറേജ് എന്ന സ്ഥാപനത്തിെൻറ സഹായവും തേടാം. കാർഷിക സർവകലാശാലയിൽ ഇത് നിർവഹിക്കുന്നതിനുള്ള വിദഗ്ധരുണ്ട്. ബാക്കിവരുന്ന എൻഡോസൾഫാൻ സംബന്ധിച്ച് വിവാദം കത്തിനിൽക്കുന്ന 2004- -05 കാലത്ത് ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ(ഡി.ആർ.ഡി.ഒ) ജോ. ഡയറക്ടർ ഡോ. മെഷ്റാം കാസർകോട്ട് വന്നപ്പോൾ എൻഡോസൾഫാൻ നിർവീര്യമാക്കാൻ തയാറായിരുന്നു. എന്നാൽ, ആശങ്ക കാരണം അതിനു തയാറായിരുന്നില്ല. എൻഡോസൾഫാൻ നിർവീര്യമാക്കാൻ ഒപ്പിട്ടവരിൽ പീഡിത ജനകീയ മുന്നണിയും ഉണ്ടായിരുന്നു. ഇപ്പോൾ അതിനെതിരെ നിൽക്കുന്നത് ഇരട്ടത്താപ്പാണ്–ഡോ. കെ.എം. ശ്രീകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.