ഹോസ്ദുര്‍ഗ് താലൂക്കിലെ കടകളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നു
കാസർകോട്: അരി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിക്കുമ്പോൾ അവസരം മുതലെടുത്ത് പൂഴ്ത്തിവെപ്പും. ഏതാനും കടകളാണ് അടിക്കടിയുള്ള വിലവർധന മുൻകൂട്ടി കണ്ട് സാധനങ്ങൾ പൂഴ്ത്തുന്നത്. ആവശ്യക്കാർ ചോദിക്കുന്ന ഇനങ്ങൾ ഇല്ലെന്ന് പറഞ്ഞാണ് സാധനങ്ങൾ മാറ്റിവെക്കുന്നത്.
ജില്ലയിൽ ചില കടകളിൽ പൂഴ്ത്തിവെക്കുന്നുവെന്ന് പരാതിയുയർന്നു. പൂഴ്ത്തിവെപ്പ് തടയാൻ കർശന നടപടികളെടുക്കാൻ ഭക്ഷ്യമന്ത്രി കലക്ടർമാർക്ക് നിർദേശം നൽകിയതിനു പിന്നാലെ ജില്ല കലക്ടർ ഭണ്ഡാരി സ്വാഗത് രണ്വീര്ചന്ദും ഉത്തരവിട്ടു.
ജില്ലയിലെ കടകളിൽ പരിശോധന നടത്താൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അരി വില കുതിക്കുന്ന സാഹചര്യത്തിൽ ഗോഡൗണുകളിൽ ഉൾെപ്പടെ പരിശോധന നടത്താനാണ് നിർദേശിച്ചത്. പലവ്യഞ്ജനങ്ങൾക്കു പുറമെ പച്ചക്കറിക്കടകളിലും പൂഴ്ത്തിവെപ്പ് ഉണ്ടെന്നാണ് സൂചന. ജില്ലയിൽ ജയ അരിക്ക് 56 മുതല്‍ 63 രൂപ വരെ വിലയാണ് പല കടകളും ഈടാക്കുന്നത്.
ജില്ലയിൽ കർണാടക അരി ഇനങ്ങൾക്കാണ് ആവശ്യക്കാർ കൂടുതൽ. ഉപഭോക്താക്കളിൽ 75ശതമാനം കർണാടകയിൽനിന്നുള്ള അരി ഇനങ്ങളാണ് വാങ്ങുന്നത്. ജയ, മട്ട അരിയെ അപേക്ഷിച്ച് കർണാടക അരിക്ക് വിലയും കുറവാണ്. അതേസമയം, അരി വില കൂടുന്നുണ്ടെങ്കിലും കടകളിൽ കാര്യമായ തിരക്കൊന്നുമില്ലെന്ന് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ എന്നീ വിഭാഗമാണ് പരിശോധന നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.