ഉദുമ: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഹരിതകർമ സേനക്ക് വാതിൽപടി ശേഖരണത്തിന് നൽകേണ്ട യൂസർ ഫീ നൽകാൻ വീട്ടമ്മ നൽകിയ കത്ത് വൻ ഹിറ്റായി. ചെമ്മനാട് പഞ്ചായത്തിലെ ഹരിത സേന അംഗങ്ങൾക്ക് 15ാംവാർഡ് കളനാട് അടച്ചിട്ട വീട്ടു പടിക്കലിൽ നിന്ന് കിട്ടിയ ‘പൈസ പച്ച പാക്കിന്റെ അടിയിൽ വെച്ചിട്ടുണ്ട്, വീടിന്റെ സൈഡ് വശത്ത്’ എന്നെഴുതിയ കടലാസ് തുണ്ടാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. വീട് പൂട്ടിയ നേരം മാലിന്യം ശേഖരിക്കാൻ ഹരിതകർമ സേന വരുമെന്ന് പ്രതീക്ഷിച്ച് നേരത്തെ യൂസർ ഫീ കരുതിവെച്ച മാതൃക ജില്ല കലക്ടർ ഫേസ്ബുക്കിൽ പോസ്റ്റുകയും വാട്സ് ആപ് സ്റ്റാറ്റസ് വെച്ച് ഇതിന് പിന്തുണ അറിയിക്കുകയും ചെയ്തു.
യൂസർ ഫീ സംബന്ധിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യത്യസ്തമായ ഈ സംഭവം.
ഇതോടെ വീട്ടുടമ താഹിറ മുഹമ്മദ് കുഞ്ഞിയുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ് നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും. മാലിന്യ നിർമാർജനത്തിന് ചെമ്മനാട് പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് നാട്ടുകാരിൽനിന്നും ലഭിക്കുന്ന പിന്തുണയും സേവനം വൈകിയാൽ വാർഡ് മെംബർമാരെയും ഹരിതകർമ സേന അംഗങ്ങളെയും തേടി വരുന്ന ഫോൺ കാളുകളും, ഒരുവർഷത്തെ യൂസർ ഫീ മുൻകൂട്ടി അടക്കാൻ താൽപര്യം കാണിക്കുന്നതും ഈ പദ്ധതി എത്രത്തോളം വിജയിച്ചു എന്നുള്ളതിന് തെളിവാണെന്ന് പ്രസിഡന്റ് സുഫൈജ അബൂബക്കർ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ചെമ്മനാട് പഞ്ചായത്തിൽ 336130 കിലോ മാലിന്യമാണ് ഹരിതകർമസേന ശേഖരിച്ചത്. ഇതിലൂടെ പഞ്ചായത്തിലെ 81 ശതമാനം വീടുകളും 95ശതമാനം കടകളും സർക്കാർ നിശ്ചയിച്ച ഫീസ് നൽകി ഹരിതകർമ സേനയുമായി സഹകരിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്.
വരുംനാളുകളിൽ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി നിലനിർത്തുന്നതിന് വേണ്ടി പൊതു ഇടങ്ങളിൽ എ.ഐ കാമറ, ബോട്ടിൽ ബൂത്ത്, ടൗണുകളിൽ കലക്ട്ടേഴ്സ് ബിന്ന് എന്നിവ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത് ഭരണസമിതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.