കാസർകോട്: ജില്ലയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന നഗരത്തിലെ ചന്ദ്രഗിരി ജങ്ഷനിലെ കുരുക്കഴിക്കാൻ നിർദേശവുമായി കാസർകോട് സൗഹൃദവേദി.
പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് പഴയ ബസ് സ്റ്റാൻഡ് ഭാഗത്തേക്കും സംസ്ഥാന പാതയിലൂടെ കാഞ്ഞങ്ങാട് ഭാഗത്തേക്കും തിരിച്ചും ഇടതടവില്ലാതെ വാഹനങ്ങൾ ഓടുന്നതിനാൽ തിരക്കേറിയ നേരങ്ങളിൽ ചന്ദ്രഗിരി ജങ്ഷനിൽ യാത്രക്കാർ ശ്വാസം മുട്ടുകയാണ്. അരമണിക്കൂർ വരെ വാഹനങ്ങൾ നിശ്ചലമാകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ കേരളത്തിലെ തിരക്കുപിടിച്ച 20 ജങ്ഷനുകളിൽ സൗകര്യം മെച്ചപ്പെടുത്താൻ പ്രഖ്യാപിച്ച തുക ചന്ദ്രഗിരി ജങ്ഷനിലും പ്രയോജനപ്പെടുത്തണമെന്നതാണ് ഒരു നിർദേശം. സംസ്ഥാന പാതയിലൂടെ കാഞ്ഞങ്ങാട് ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾക്ക് ദേശീയ പാതയിലേക്ക് നേരിട്ട് കടക്കാൻ ചന്ദ്രഗിരി ജങ്ഷനിൽനിന്ന് മേൽപാലം നിർമിക്കണം. ഇപ്പോൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലുള്ള എൻ.എച്ച് 66ലെ മേൽപാലവുമായി കാമത്ത് ആശുപത്രിക്കടുത്ത് ബന്ധിപ്പിക്കണം. ഇത് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
വിദ്യാനഗർ ഭാഗത്തേക്കും മംഗളൂരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾക്ക് വഴി എളുപ്പമാകും. നഗരത്തിൽ അമിത ഗതാഗതം സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് മംഗളൂരുവിൽ പോയിവരുന്ന കെ.എസ്.ആർ.ടി.സി ബസുകളാണ്. രണ്ടുമിനിറ്റിൽ ഒരുബസ് വീതം ഇപ്പോൾ ഈ റൂട്ടിൽ കേരള, കർണാടക ആർ.ടി.സികളുടേതായി ഓടുന്നുണ്ട്. ഇവ പോകുമ്പോഴും വരുമ്പോഴും നഗരം ചുറ്റുന്ന അവസ്ഥ ഒഴിവാക്കാൻ സാധിക്കുകയാണെങ്കിൽ ഗതാഗതപ്പെരുപ്പത്തിന് ഒരളവോളം പരിഹാരമാകും.
കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം ഒരുലക്ഷത്തോളം രൂപ ഇന്ധന ചെലവിനത്തിൽ ലാഭിക്കുകയും ചെയ്യാം. ബസുകളുടെ പലപ്പോഴുമുള്ള വൈകിയോട്ടവും ഇല്ലാതാക്കാം.
മംഗളൂരുവിൽ നിന്നുവരുന്ന ബസുകൾ പുതിയ ബസ് സ്റ്റാൻഡിൽ ആളുകളെ ഇറക്കുന്നതോടൊപ്പം അവിടെനിന്ന് മംഗളൂരുവിലേക്കുള്ളവരെ കൂടി കയറ്റി ടൗൺ വഴി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പോയി വീണ്ടും പുതിയ ബസ് സ്റ്റാൻഡിൽ വരാതെ കറന്തക്കാട് വഴി മംഗളൂരുവിലേക്ക് വിടാം. ഒന്നിടവിട്ട ട്രിപ്പുകൾ ഡിപ്പോയിൽ പോകാതെ, പുതിയ ബസ് സ്റ്റാന്‍ഡിൽനിന്ന് നേരെ ഹൈവേയിലൂടെ മംഗളൂരുവിലേക്ക് വിടുകയെന്നതാണ് മറ്റൊരു നിർദേശം. ഒന്നിടവിട്ട ട്രിപ്പുകൾ മാത്രം ടൗണിൽ പോവുക. ഈ രണ്ടുനിർദേശങ്ങളും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു നടപ്പിലാക്കാൻ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയോടും നഗരസഭ അധ്യക്ഷൻ അഡ്വ. മുനീറിനോടും സൗഹൃദ വേദി അഭ്യർഥിച്ചു.
യോഗത്തിൽ നിസാർ പെർവാഡ് അധ്യക്ഷത വഹിച്ചു. ഹമീദ് കാവിൽ, ലത്തീഫ് ചെമ്മനാട്, ഖന്ന അബ്ദുല്ലക്കുഞ്ഞി, അസീസ് കടവത്ത്, മുഗു അബ്ദുല്ല, ഖാദർ പള്ളം, സാലിം ബള്ളൂർ, സിദ്ദീഖ് ഒമാൻ, ഷെരീഫ് പണ്ഡിറ്റ്, സഫ്വാൻ പാണ്ടികശാല, സിദ്ദീഖ് പടുപ്പിൽ, റാഫി പള്ളിപ്പുറം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അബു താഇ സ്വാഗതവും സലീം അത്തിവളപ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.