കേന്ദ്ര വാഴ്സിറ്റിയിൽ അന്താരാഷ്ട്ര നാനോ സാങ്കേതികവിദ്യ സമ്മേളനം രണ്ടു മുതല്‍

പെരിയ: കേരള കേന്ദ്ര സർവകലാശാലയില്‍ ജനുവരി രണ്ടു മുതല്‍ നാലു വരെ ഫങ്ഷണല്‍ മെറ്റീരിയല്‍സ് ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജി എന്ന വിഷത്തില്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ സർവകലാശാല കാമ്പസിലെ നാലു വേദികളിലായാണ് നാനോ ടെക്‌നോളജിയുടെ സാധ്യതകള്‍ സംബന്ധിച്ച കോണ്‍ഫറന്‍സ് നടക്കുന്നത്.

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വിഖ്യാതരായ 24 ശാസ്ത്രജ്ഞര്‍ പ്രബന്ധം അവതരിപ്പിക്കും.ഇതിൽ 14 പേര്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവരാണ്. റഷ്യ, ആസ്‌ട്രേലിയ, സിംഗപ്പൂര്‍, ജപ്പാന്‍, പോര്‍ച്ചുഗല്‍, ചെക് റിപ്പബ്ലിക്, യു.കെ, യു.എസ്.എ, കാനഡ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പങ്കെടുക്കുന്നത്.

ജനുവരി രണ്ടിന് രാവിലെ 10ന് വൈസ് ചാന്‍സലര്‍ പ്രഫ. എച്ച് വെങ്കടേശ്വര്‍ലു ഉദ്ഘാടനം ചെയ്യും. കാര്‍ബന്‍ നാനോ ട്യൂബ് സംബന്ധമായ ഗവേഷണത്തില്‍ രണ്ട് ഗിന്നസ് റെക്കോഡുകള്‍ നേടിയ അജയന്‍ പുളിക്കല്‍ സംസാരിക്കും. വാർത്തസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ പ്രഫ. സ്വപ്‌ന എസ്. നായര്‍, കോ കണ്‍വീനര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, കമ്മിറ്റി മെംബര്‍ പ്രഫ. എ. ശക്തിവേല്‍, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കെ. സുജിത് എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - International Nanotechnology Conference at Central Varsity from 2nd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.