കാസർകോട്: പെരിയ കേന്ദ്ര സർവകലാശാലയിൽ ഇൻഫർമേഷൻ സയന്റിസ്റ്റ് തസ്തികയിലേക്കുള്ള നിയമനത്തിൽ ക്രമക്കേട് എന്ന് വിവരാവകാശ രേഖ. 2019 ജൂൺ 10ന് അപേക്ഷ ക്ഷണിച്ച് കൂടിക്കാഴ്ചക്കുശേഷം നടത്തിയ നിയമനത്തിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാണ് കണ്ണൂർ സ്വദേശി രഞ്ജിത്ത് രാജന് ലഭിച്ച മറുപടിയിൽ വ്യക്തമാകുന്നത്. ഇൻഫർമേഷൻ സയൻറിസ്റ്റ് തസ്തികയിലേക്ക് 85 പേരാണ് അപേക്ഷിച്ചിരുന്നത്.
ഒരു വർഷത്തെ പ്രവൃത്തി പരിചയത്തിന് നാലു മാർക്കാണ് നൽകുന്നത്. ഒരു വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധവുമാണ്. എന്നാൽ നിയമനം ലഭിച്ചയാൾക്ക് പത്ത് മാസത്തെ പരിചയം മാത്രമാണുണ്ടായത് എന്ന് രേഖ പറയുന്നു. ഇയാൾക്ക് നാലു മാർക്ക് നൽകി നിയമനത്തിന് വഴി സൃഷ്ടിക്കുകയായിരുന്നു.
ഈ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് 2020 ഡിസംബർ 24 നാണ്. എന്നാൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഡിസംബർ 17ന് തന്നെ നിയമന ഉത്തരവ് നൽകി. അപേക്ഷ ക്ഷണിക്കലും അഭിമുഖവും എല്ലാം പ്രഹസനമായിരുന്നു.
അപേക്ഷയിലും പ്രവൃത്തി പരിചയം സംബന്ധിച്ച് ഹാജരാക്കിയ രേഖകളിലും നിരവധി പ്രശ്നങ്ങൾ വേറെയുമുണ്ടായിരുന്നതായി ആക്ഷേപമുണ്ട്. നിയമനം ലഭിച്ചയാളുടെ യോഗ്യത, പ്രവൃത്തി പരിചയം ഉൾപ്പെടെയുള്ള വിവരങ്ങൾ ആവശ്യപ്പെട്ട് രണ്ടു തവണ വിവരാവകാശ അപേക്ഷ നൽകിയപ്പോൾ പൂർണ വിവരങ്ങൾ കേന്ദ്ര സർവകലാശാല നൽകിയിരുന്നില്ല.
വ്യക്തിഗത വിവരങ്ങൾ നൽകാൻ കഴിയില്ലെന്നായിരുന്നു വാദം. രഞ്ജിത്തിന്റെ പരാതി പരിഗണിച്ച് വിവരങ്ങൾ നൽകാൻ കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിട്ടതിനെ തുടർന്നാണ് കേന്ദ്ര സർവകലാശാല മറച്ചുവെച്ച വിവരങ്ങൾ നൽകാൻ തയാറായത്.
എം.ടെക്, എം.സി.എ മുതലായവ ആയിരുന്നു തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത. നിയമനം ലഭിച്ച ഉദ്യോഗാർഥിയുടെ വിദ്യാഭ്യാസ യോഗ്യത തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യതക്ക് തത്തുല്യമാണോയെന്ന ചോദ്യത്തിന് മൂന്നു തവണ വിവരാവകാശ അപേക്ഷ നൽകിയപ്പോഴും കൃത്യമായ മറുപടി കേന്ദ്ര സർവകലാശാല നൽകിയിട്ടില്ല. നിയമന ക്രമക്കേടിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവാനാണ് രഞ്ജിത്ത് രാജന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.