കാസർകോട്: തിരുവനന്തപുരം-കാസർകോട് അർധ അതിവേഗ പദ്ധതിക്ക് (സിൽവർ ലൈൻ) കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കുന്നത് കോടതി വിലക്കിയതോടെ കരിങ്കല്ലുകൾ സ്ഥാപിച്ച് കെ-റെയിൽ കോർപറേഷൻ. കോൺക്രീറ്റ് തൂണല്ലേ വിലക്കിയതെന്നും കരിങ്കല്ലുകൾ സ്ഥാപിക്കുന്നതിന് എതിർപ്പില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അധികൃതരുടെ നടപടി. നിർദിഷ്ട പാതയുടെ വടക്കേയറ്റമായ കാസർകോട് ജില്ലയിൽ കരിങ്കല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.
സൗത്ത് തൃക്കരിപ്പൂർ, നോർത്ത് തൃക്കരിപ്പൂർ, ഉദിനൂർ, പിലിക്കോട്, നീലേശ്വരം, പെരോൾ, കാഞ്ഞങ്ങാട്, ചെറുവത്തൂർ, ബെല്ല, അജാനൂർ വില്ലേജുകളിൽ കല്ലിടൽ പൂർത്തിയായി. ഈ വില്ലേജുകളിലായി 939 കല്ലുകൾ സ്ഥാപിച്ചുകഴിഞ്ഞു.
ചിത്താരി വില്ലേജിലാണ് ഇപ്പോൾ കല്ലിടൽ പുരോഗമിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും ഉയർന്ന എതിർപ്പുകളും വിമർശനങ്ങളുമെല്ലാം അവഗണിച്ചാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. കനത്ത പൊലീസ് സന്നാഹത്തോടെയാണ് കല്ലിടൽ പ്രവൃത്തികൾ. ജില്ലയിൽ 53.8 കിലോമീറ്റർ ദൈർഘ്യത്തിലാണ് സിൽവർ ലൈൻ കടന്നുപോകുന്നത്. ഇതിൽ 27 കിലോമീറ്ററിലും കല്ലിടൽ നടപടികൾ പൂർത്തിയായതായി കെ-റെയിൽ അധികൃതർ 'മാധ്യമ'ത്തോട് പറഞ്ഞു. സ്പെഷൽ തഹസിൽദാർമാരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി.
പാത കടന്നുപോകുന്ന വഴികൾ
ഏകദേശം 106.20 ഹെക്ടര് ഭൂമിയാണ് ജില്ലയിൽ പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ഇതിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. കാസർകോട്, ഹോസ്ദുർഗ് താലൂക്കുകളിലൂടെയാണ് പാത കടന്നുപോകേണ്ടത്. ഹോസ്ദുർഗ് താലൂക്കിൽ അജാനൂർ, ചെറുവത്തൂർ, ഹോസ്ദുർഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോൽ, പിലിക്കോട്, തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത്, ഉദിനൂർ, ഉദുമ, കാസർകോട് താലൂക്കിൽ കളനാട്, കുഡ്ലു, തളങ്കര എന്നീ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്.
നീർത്തടം ഭൂമിയും വയലുകളും
ഇതര ജില്ലകളെ അപേക്ഷിച്ച് ഏറക്കുറെ നിലവിലെ റെയിൽ പാതക്ക് സമാന്തരമായാണ് നിർദിഷ്ട സിൽവർ ലൈൻ കാസർകോട് വഴി കടന്നുപോകുക. നഷ്ടപ്പെടുന്ന വീട്, ഭൂമി എന്നിവയെ കുറിച്ച് കൃത്യമായ പഠനറിപ്പോർട്ടില്ലെങ്കിലും ശാസ്ത്ര സാഹിത്യ പരിഷത്ത് സ്വന്തം നിലക്ക് പഠനം നടത്തിയിട്ടുണ്ട്. പാത കടന്നുപോകുന്ന 53.8 കി.മീ യിൽ അനേകം വീടുകളും നീർത്തട ഭൂമിയും നെൽപാടങ്ങളും നഷ്ടപ്പെടുമെന്നാണ് പ്രാഥമിക പഠനം. പാത കടന്നുപോകുന്ന ഭാഗങ്ങളെ 11 മേഖലകളാക്കിയാണ് പരിഷത്ത് പഠനവിധേയമാക്കിയത്. ഇതിനായി പ്രത്യേക മൊബൈൽ ആപ്പും ഇവർ ഉപയോഗിക്കുന്നു. പത്ത് ഹെക്ടറിലധികം നീർത്തട ഭൂമിയും കണ്ടൽ വനവും നഷ്ടപ്പെടും. അത്രതന്നെ വയലുകളും ഇല്ലാതാവും. തൃക്കരിപ്പൂർ മുതൽ ഒളവറ വരെയുള്ള നാലുകി.മീ യിൽ മാത്രം 40ഓളം വീടുകൾ പൊളിക്കേണ്ടി വരും. ഇങ്ങനെ ജില്ലയുടെ 11മേഖലകളിലുമായി നൂറുകണക്കിന് വീടുകൾ നഷ്ടപ്പെടുമെന്നാണ് കണക്കുകൂട്ടൽ. സാമൂഹികാഘാത പഠനം നടത്താത്തതിനാൽ ഇതേക്കുറിച്ച് പ്രതികരിക്കാനാവില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. സർവേക്കല്ലുകൾ നാട്ടുന്നത് ഭൂമി ഏറ്റെടുക്കാനല്ലെന്നും സാമൂഹികാഘാത പഠനത്തിനാണെന്നുമാണ് അധികൃതരുടെ പക്ഷം. എന്നാൽ, ഭൂമി ഏറ്റെടുക്കാനുള്ള അതിർത്തി തിരിക്കലാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
പ്രതിഷേധമുണ്ട, പക്ഷേ പേടിയാണ്
ജില്ലയിൽ കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുന്ന ഒട്ടേറെ പേരുണ്ടെങ്കിലും ഒന്നുറക്കെ പറയാൻ പേടിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. ഭരണപക്ഷ പാർട്ടികളിൽനിന്നുണ്ടാകുന്ന എതിർപ്പു തന്നെയാണ് എല്ലാം നഷ്ടപ്പെടുന്നവരിലും ഇത്തരമൊരു മാനസികാവസ്ഥ സൃഷ്ടിച്ചത്. നീലേശ്വരം പള്ളിക്കരയിൽ മാത്രമാണ് ഇതിനകം കാര്യമായ എതിർപ്പുണ്ടായത്. കറുത്ത ഗേറ്റ് പരിസരത്ത് പദ്ധതിക്കായി കല്ലിട്ട് അടയാളപ്പെടുത്തുന്നതിനെതിരെ നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരുമാണ് രണ്ടാഴ്ച മുമ്പ് പ്രതിഷേധിച്ചത്.
ജില്ല പരിസ്ഥിതി സമിതി, കെ- റെയിൽ വിരുദ്ധ സമിതി പ്രവർത്തകരും നാട്ടുകാരുമാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം കല്ലിടൽ പുരോഗമിക്കുകയും ചെയ്തു. പള്ളിക്കര സെന്റ് ആൻസ് എ.യു.പി സ്കൂളിന്റെ മധ്യത്തിലൂടെയാണ് പാത കടന്നുപോകുന്നത്. പ്രദേശത്തെ പതിറ്റാണ്ടുകൾ പ്രായമുള്ള സ്കൂളാണിത്.
പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ രാഷ്ട്രീയപരമായാണ് ഭരണപക്ഷപാർട്ടികൾ നേരിടുന്നത്. വീടുകൾ കയറിയിറങ്ങി പദ്ധതിയെ കുറിച്ച് വിശദീകരിക്കുകയാണ് പാർട്ടിക്കാർ. വൻ നഷ്ടപരിഹാരം ലഭിക്കുമെന്ന ഉറപ്പിൽ പ്രതീക്ഷയർപ്പിക്കുകയാണ് കിടപ്പാടം നഷ്ടപ്പെടുന്നവർ. ദേശീയപാത വികസനത്തിന്റെ ഭാഗമായി വൻ തുക നഷ്ടപരിഹാരം കിട്ടിയത് ചൂണ്ടിക്കാട്ടിയാണ് എതിർപ്പുകളെ നിർവീര്യമാക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
'വീട് നഷ്ടപ്പെടുന്നതുപോലും അറിയാത്തവരാണ് പലരും'
പദ്ധതിക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർപോലും അക്കാര്യം തിരിച്ചറിയുന്നില്ലെന്ന് ജില്ല പരിസ്ഥിതി സമിതി പ്രസിഡന്റ് അഡ്വ. ടി.വി. രാജേന്ദ്രൻ പറഞ്ഞു. പാത കടന്നുപോകുന്ന വഴികളിലൂടെ പരിസ്ഥിതി സമിതി പ്രവർത്തകർ സ്വന്തം നിലക്ക് ബോധവത്കരണം നടത്തുന്നുണ്ട്. ഞായറാഴ്ചയും പലയിടത്തും സഞ്ചരിച്ചു. വീട് നഷ്ടപ്പെടുന്ന കാര്യംപോലും പലരും അറിഞ്ഞത് ഞങ്ങൾ പറഞ്ഞപ്പോഴാണ്. കിടപ്പാടം മാത്രമല്ല, ജീവിതോപാധികൾ നഷ്ടപ്പെടുന്ന ഒട്ടേറെ പേരുണ്ട് ജില്ലയിൽ. കൃത്യമായ കണക്ക് ശേഖരിച്ചുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
'പാത പോകുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെ'
ജില്ലയുടെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് പാത കടന്നുപോകുന്നതെന്നും ജില്ലയുടെ പരിസ്ഥിതി സംവിധാനത്തിന് ഏറെ പ്രതികൂലമായി ബാധിക്കുന്നതാണ് പദ്ധതിയെന്നും കെ- റെയിൽ വിരുദ്ധ സമിതി കൺവീനർ വി.കെ. വിനയൻ പറഞ്ഞു. ജില്ലയുടെ ഒരറ്റമായ ഒളവറ പാലം മുതൽ വിവിധ മേഖലകളാക്കി സമിതി സർവേ നടത്തുന്നുണ്ട്. പാലക്കുന്ന്, നീലേശ്വരം പള്ളിക്കര എന്നിവിടങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിലൂടെയാണ് പാത കടന്നുപോകുന്നത്. കൃത്യമായ സാമൂഹികാഘാത പഠനം അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.