കാസർകോട്: ദത്തെടുക്കലുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കോടതിയുടെ അധികാര പരിധിയില്‍ നിന്നും ജില്ല മജിസ്‌ട്രേറ്റിന്റെ അധികാര പരിധിയിലേക്ക് മാറ്റിയതിന് ശേഷമുള്ള സംസ്ഥാനത്തെ ആദ്യ ദത്തെടുക്കല്‍ ഉത്തരവ് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പുറത്തിറക്കി.
സംസ്ഥാന ശിശുക്ഷേമസമിതിയുടെ ജില്ലയിലെ ശിശുവികാസ് ഭവന്‍ എന്ന ദത്തെടുക്കല്‍ സ്ഥാപനത്തിലെ ഒരു വയസ്സ് പ്രായമുള്ള രണ്ട് ആണ്‍ കുട്ടികളുടെ ദത്തെടുക്കല്‍ സംബന്ധിച്ച ഹിയറിംഗ് ചൊവ്വാഴ്ച നടന്നു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ദമ്പതികളാണ് കുട്ടികളെ ദത്തെടുത്തത്. ഇവരുടെ ദത്ത് പെറ്റീഷന്‍ കാസര്‍കോട് കുടുംബ കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ജുവനൈല്‍ ജസ്റ്റിസ് ആക്ട്-2015 ലെ ഭേദഗതിയുടെ അടിസ്ഥാനത്തില്‍ കുടുംബ കോടതി പെറ്റീഷന്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറുകയായിരുന്നു.
ഫയല്‍ പരിശോധിച്ചതിനു ശേഷം ഉടന്‍ ഹിയറിംഗ് നടത്താനുള്ള നടപടി ക്രമങ്ങള്‍ ജില്ലാ കലക്ടര്‍ സ്വീകരിച്ചു.ജുവനൈല്‍ ജസ്റ്റ്സിസ് ഭേദഗതി ആക്ട് -2021, അഡോപ്ഷന്‍ റെഗുലേഷന്‍-2022 എന്നിവയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ദത്തെടുക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഹിയറിംങ് നടപടി ക്രമങ്ങളില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എ.കെ. രമേന്ദ്രന്‍, ജില്ലാ ലോ ഓഫിസര്‍ കെ. മുഹമ്മദ് കുഞ്ഞി, ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫിസര്‍ കെ. ഷുഹൈബ്, ശിശുവികാസ് ഭവന്‍ ഹോം മാനേജര്‍ പി.ബി. രേഷ്മ, അപേക്ഷകരായ രണ്ട് ദമ്പതികളും കുട്ടികളും പങ്കെടുത്തു.
കാസർകോട്: ജില്ലാതലത്തില്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റാണ് ദത്തെടുക്കല്‍ നടപടികള്‍ ഏകോപിപ്പിക്കുന്നത്. ദത്ത് സംബന്ധിച്ച ഓറിയന്റേഷനും കൗണ്‍സിലിംങ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ലഭ്യമാണ്. ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായോ, ചെങ്കള ചേരൂറിലെ ശിശുവികാസ് ഭവനുമായോ ബന്ധപ്പെടാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.cara.nic.inയിൽ ലഭ്യമാണ്. ഫോണ്‍ 04994 256 990.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.