കാസർകോട്: മുപ്പത്തിയേഴ് വയസ്സ് തികഞ്ഞ ജില്ലക്ക് പ്രതീക്ഷക്ക് വകയുണ്ടെങ്കിലത് കാസർകോട് വികസന പാക്കേജാണ്. മുൻ ചീഫ് സെക്രട്ടറി ഡോ. പി. പ്രഭാകരൻ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പിറവികൊണ്ടതാണ് കാസർകോട് വികസന പാക്കേജ്. പരിമതികളേറെയുണ്ടെങ്കിലും ജില്ലയുടെ പുരോഗതിയുടെ നാഴികക്കല്ലാണിത്. 430 പദ്ധതികൾ അടങ്ങിയ റിപ്പോർട്ടിലെ ഒേട്ടറെ നിർദേശങ്ങൾ ഇതിനകം നടപ്പാക്കി. കുറേ പദ്ധതികൾ പുരോഗമിക്കുന്നു.
ജില്ലയുടെ പിറവിക്കുശേഷം ആദ്യമായാണ് പിന്നാക്കാവസ്ഥ പഠിക്കാൻ ഒരു കമീഷനെ നിയോഗിച്ചത്. ജില്ലയുടെ ഒട്ടുമിക്ക മേഖലകളിലെയും പിന്നാക്കാവസ്ഥ ശരിവെച്ചശേഷമാണ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. ഒരുനാടിെൻറ അവഗണനയുടെ നേർസാക്ഷ്യമാണ് 617 പേജുള്ള ആ റിപ്പോർട്ട്. കാസർകോടിനെ സംബന്ധിച്ചിടത്തോളം പ്രഭാകരൻ കമീഷൻ റിപ്പോർട്ട് ഒരു വഴിത്തിരിവാണ്. ഗവ. മെഡിക്കൽ കോളജ് മുതൽ ഒാവുപാലം വരെയെല്ലാം കാസർകോട് പാക്കേജ് വഴിയാണ് നടപ്പാക്കുന്നത്. ഇ.പി. രാജ്മോഹനാണ് സ്പെഷൽ ഒാഫിസർ. ഇദ്ദേഹത്തിെൻറ നേതൃത്വത്തിൽ കലക്ടറേറ്റിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നു.
കാസർകോടിെൻറ വിവിധ മേഖലകളിലെ വികസനം ലക്ഷ്യമിട്ട് 11,123 കോടിയുടെ പദ്ധതിയാണ് സർക്കാർ നിർദേശിച്ചത്. എന്നാൽ, പല പദ്ധതികളും പിന്നീട് ഉപേക്ഷിച്ചതിനാൽ ഏകദേശം 4200 കോടിയിലൊതുങ്ങി. 5500 കോടിയുടെ ചീമേനി താപവൈദ്യുതി പദ്ധതി ആണ് ഉപേക്ഷിച്ച വൻകിടപദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത്. ചീമേനി വില്ലേജിൽ സംസ്ഥാന വ്യവസായവികസന കോർപറേഷനും വൈദ്യുതി ബോർഡും സംയുക്തമായി താപവൈദ്യുതി പ്ലാൻറ് നിർമിക്കാൻ തീരുമാനിച്ചെങ്കിൽ നാട്ടുകാരുടെ എതിർപ്പ് കാരണം പിന്നീട് റദ്ദാക്കുകയായിരുന്നു.
വൈദ്യുതിമേഖലയിൽ വലിയ പ്രതിസന്ധിയില്ലെന്നതും പിന്മാറ്റത്തിന് കാരണമായി. നീലേശ്വരം മേഖലയിൽ ഇരുമ്പയിര് ഖനനത്തിന് 1000 കോടി വകയിരുത്തിയെങ്കിലും അതും വേണ്ടെന്നുവെച്ചു. ഒരിക്കലും നടപ്പാക്കാൻ പ്രയാസമേറിയ 400 കോടിയുടെ പദ്ധതികളും റദ്ദാക്കി. അങ്ങനെ 4200 കോടിയുടെ പദ്ധതികളിൽ പാക്കേജ് ഒതുങ്ങി. ഇതിൽ 3600 കോടിയുടെ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. ഏതാനും പദ്ധതികൾകൂടി നടപ്പാക്കുന്നതോടെ പാക്കേജ് പ്രകാരമുള്ള പദ്ധതികൾ അവസാനിക്കും.
കാസർകോട് പാക്കേജിെൻറ പകുതിയിലധികം തുകയുടെ പദ്ധതികളും ഒഴിവാക്കിയതിനാൽ ആനുപാതികമായി പുതിയ പ്രപ്പോസൽ സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാറിലെ കാലാവധി പൂർത്തിയാക്കുന്നതിന് മാസങ്ങൾക്കുമുമ്പ് 6500 കോടിയുടെ പദ്ധതി സമർപ്പിക്കുകയും ചെയ്തു. സംസ്ഥാന ആസൂത്രണ ബോർഡിെൻറ പരിഗണനയിലാണത്. ചീമേനി പ്ലാൻറിനും ഇരുമ്പയിര് ഖനനത്തിനും പകരമുള്ള പദ്ധതിനിർദേശമാണ് ഇതിലുള്ളത്.
മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള ഫണ്ട് ഇതിലുൾപ്പെടും. 500 ബെഡുള്ള മെഡിക്കൽ കോളജിൽ ഒന്നരവർഷത്തിനകം വിദ്യാർഥി പ്രവേശനവും സാധ്യമാക്കുകയാണ് ലക്ഷ്യം. എന്നാൽ, ഫണ്ട് ലഭിച്ചില്ലെങ്കിൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തിയാവാൻ പിന്നെയും കാത്തിരിക്കേണ്ടിവരും. ജില്ലയിൽ ഏഴ് ഡയാലിസിസ് കേന്ദ്രങ്ങൾ ഉടൻ പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.
കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ, സ്വകാര്യ പങ്കാളിത്തം എന്നിങ്ങനെയെല്ലാം കണക്കിലെടുത്താണ് കാസർകോട് പാക്കേജ് പ്രഖ്യാപിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, വൈദ്യുതി, റോഡ്, പാലം, ജലവിതരണം, കൃഷി, മാലിന്യനിര്‍മാര്‍ജനം, മത്സ്യബന്ധനം തുടങ്ങി വിവിധ മേഖലകളിലായി പദ്ധതികള്‍ നടപ്പിലാക്കാനാണ് നിര്‍ദേശിച്ചത്. എന്നാൽ, ഫണ്ടിെൻറ അഭാവം വലിയ തിരിച്ചടിയായിട്ടുണ്ട്. ഒന്നാം പിണറായി സർക്കാറിെൻറ കാലത്ത് 238 പദ്ധതികളാണ് അനുവദിച്ചത്. എന്നാൽ, ബജറ്റിൽ ഫണ്ട് വകയിരുത്തിയാലും ലഭ്യമാവുന്നില്ലെന്നാണ് മറ്റൊരു പ്രശ്നം. ഭരണാനുമതി ലഭിച്ചാലും ഫണ്ട് അനുവദിക്കുന്നതിൽ കാലതാമസം വരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പുതിയ സാഹചര്യത്തിൽ സ്വാഭാവികമായും ജില്ലയിലെ പദ്ധതികളെയും അത് ബാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.