കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പെരിയയിലെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെ തുടർന്ന് പാർട്ടിയിലുണ്ടായ പൊട്ടിത്തെറിയും പ്രസ്താവന വിവാദവും അന്വേഷിക്കാൻ കെ.പി.സി.സി. അന്വേഷണ സമിതി 24ന് ജില്ലയിലെത്തും. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയംഗം എൻ. സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർ അംഗങ്ങളായ സമിതിയാണ് എത്തുന്നത്. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ 13ാം പ്രതിയും മുൻ ലോക്കൽ സെക്രട്ടറിയുമായയാളുടെ മകന്റെ വിവാഹത്തിൽ പങ്കെടുക്കുകയും പ്രതിയോടാപ്പംനിന്ന് പടമെടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതുമാണ് വിവാദത്തിന് കാരണം. പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയ, കെ.പി.സി.സി. സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, സഹോദരനും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ രാജൻ പെരിയ എന്നിവരാണ് വിവാഹത്തിൽ പങ്കെടുത്തത്.
പ്രമോദ് പെരിയയെ ഡി.സി.സി മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പ്രമോദിനെതിരെ നടപടിയെടുത്തതോടെയാണ് മറ്റ് ഭാരാവഹികളുടെ സൽകാര പങ്കാളിത്തം പുറത്തുവന്നത്.
പെരിയയിലെ നേതാക്കളുടെ നടപടിക്കെതിരെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി സമൂഹ മാധ്യമങ്ങളിൽ പേര് പരാമർശിക്കാതെ വിമർശിച്ചു. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർ എത്ര വലിയവരയാലും പാർട്ടിക്കു പുറത്തായിരിക്കുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ പരാമർശം. ഈ കുറിപ്പിനെതിരെ ബാലകൃഷ്ണൻ പെരിയ ശക്തമായ വിമർശനത്തോടെ മറ്റൊരു കുറിപ്പിട്ടു. ഇത് പിന്നീട് പിൻവലിക്കുകയുമുണ്ടായി.
ഉണ്ണിത്താനെതിരെ ബാലകൃഷ്ണൻ പെരിയ വിളിക്കാനിരുന്ന വാർത്തസമ്മേളനം നേതാക്കളുടെ ഇടപെടലിലൂടെ മാറ്റിവെച്ചു. ആത്മസംയമനം പാലിക്കാൻ നേതാക്കളോട് നിർദേശിച്ചുകൊണ്ടാണ് കെ.പി.സി.സി അന്വേഷണ സമിതിയെ നിയോഗിച്ചത്. ഈ മാസം 13ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ഒരാഴ്ചക്കം റിപ്പോർട്ട് സമർപിക്കാനാണ് നിർദേശിച്ചതെങ്കിലും രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശങ്ങൾ വീണ്ടും വിവാദമായി. മണ്ഡലം പ്രസിഡന്റുമാർ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്നും ചില കോൺഗ്രസുകാർ തോൽപിക്കാൻ ശ്രമിച്ചുവെന്നും ഉണ്ണിത്താന്റെ പരാമർശം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളെ ഉണ്ണിത്താനിൽനിന്നും അകറ്റി.
അന്വേഷണ സമിതിയുടെ റിപ്പോർട്ട് സൽക്കാരത്തിൽ പങ്കെടുത്ത നേതാക്കളെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയക്കെതിരെ നടപടിയെടുത്തതിനാൽ മറ്റ്നേതാക്കൾക്ക് എതിരെയും നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.