ബ​ദ്ര​ഡു​ക്ക​യി​ലെ കെ​ൽ ഇ.​എം.​എ​ൽ ക​മ്പ​നി

കെൽ: പെൻഷൻ പ്രായം മാറ്റില്ല; വിവാദ നിർദേശങ്ങളിൽ ഭേദഗതി

കാസർകോട്: പൊതുമേഖല സ്ഥാപനമായ കെൽ-ഇ.എം.എൽ കമ്പനിയുടെ ധാരണപത്രത്തിലെ വിവാദ നിർദേശങ്ങളിൽ ഭേദഗതി വരുത്തും. പെൻഷൻ പ്രായം 58 ആയി തുടരും. 2020 മാർച്ച് 31വരെയുള്ള ശമ്പള കുടിശ്ശിക ധാരണപത്രം ഒപ്പിട്ടാൽ ദിവസങ്ങൾക്കകം നൽകും.

കമ്പനി അടച്ചിട്ട രണ്ടുവർഷ കാലയളവിൽ ശമ്പളത്തിന്‍റെ 35 ശതമാനം നിജപ്പെടുത്തി കുടിശ്ശികയായും നൽകും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷുമായി ജീവനക്കാരുടെ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇതോടെ, പൂട്ടിക്കിടക്കുന്ന കമ്പനി തുറക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങി.

കേന്ദ്ര സ്ഥാപനമായ ഭെല്ലിൽനിന്ന് കമ്പനി സംസ്ഥാനം ഏറ്റെടുത്തതിനാൽ കേന്ദ്ര പെൻഷൻ പ്രായമായ 60 തുടരാൻ ആവില്ലെന്ന് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കി. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായമായ 58 ആയി മാറ്റും. പെൻഷൻ പ്രായം കുറഞ്ഞതിനാൽ മേയിനകം 37 ജീവനക്കാർക്ക് വിരമിക്കേണ്ടിവരും. ഇവർക്ക് കമ്പനി പ്രവർത്തിച്ച 2020 മാർച്ച് 31വരെയുള്ള ശമ്പള കുടിശ്ശികയും ശേഷം അടച്ചുപൂട്ടിയ കാലയളവിലെ ശമ്പള കുടിശ്ശികയും ഒരുമിച്ച് നൽകും. മറ്റുള്ളവർക്ക് സാമ്പത്തിക നില കണക്കാക്കി വിവിധ സമയങ്ങളിലേ അടച്ചിട്ടകാലത്തെ ശമ്പളം നൽകൂ.

12 വർഷമായി മുടങ്ങിക്കിടക്കുന്ന ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കില്ല. കമ്പനി ലാഭത്തിലാകുന്നവരെ ശമ്പള വർധനയില്ലെന്ന വിവാദ നിർദേശവും ഭേദഗതി വരുത്തും. മൂന്നുവർഷമോ കമ്പനി ലാഭത്തിലാകുന്നതോ ഏതാണ് ആദ്യം വരുന്നതെന്നത് കണക്കാക്കി ശമ്പള വർധനയെന്നാണ് പുതിയ ഭേദഗതി. കേന്ദ്രം വിൽപനക്കുവെച്ച കമ്പനി സംസ്ഥാനം ഏറ്റെടുത്തെങ്കിലും പുതിയ തൊഴിൽ വ്യവസ്ഥകൾ കാരണം തുറക്കുന്നത് വൈകുകയായിരുന്നു. ജീവനക്കാരുമായി ധാരണയായതിനാൽ ഏപ്രിൽ ആദ്യവാരം കമ്പനി തുറക്കാനാണ് സാധ്യത.

കെൽ ഇ.എം.എൽ മാനേജിങ് ഡയറക്ടർ ഷാജി വർഗീസ്, യൂനിറ്റ് മേധാവി ജോസി കുര്യാക്കോസ്, വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.പി. മുഹമ്മദ് അഷ്റഫ് (എസ്.ടി.യു), വി. രത്നാകരൻ (സി.ഐ.ടി.യു), എ. വാസുദേവൻ (ഐ.എൻ.ടി.യു.സി), കെ.ജി. സാബു (ബി.എം.എസ്) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Tags:    
News Summary - KEL Pension age will not change; Amendment to controversial proposals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.