കാസർകോട്: സംസ്ഥാന ബജറ്റിൽ ജില്ലക്ക് മിത പരിഗണന. കാസർകോട് പാക്കേജിന് 75കോടി രൂപയും എൻഡോസൾഫാൻ ദുരിത ബാധിതർക്ക് 17കോടിയും വകയിരുത്തി. ഈ തുക തന്നെയാണ് 2023ലെ ബജറ്റിലും വകയിരുത്തിയത്.
കാസർകോട് വികസന പാക്കേജിന് കൂടുതൽ തുക അനുവദിച്ചാൽ അത് മുഴുവൻ ചെലവഴിക്കാൻ ജില്ലക്ക് കഴിയാറുണ്ട്. ഇത്തവണ അത് വർധനയോടെ ലഭിക്കും എന്ന് പ്രതീക്ഷയുണ്ടായിരുന്നു.ദയനീയമാണ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ സ്ഥിതി. പുനരധിവാസ ഗ്രാമത്തിന് ഇതുവരെ തുക വകയിരുത്തിയിട്ടില്ല.
ഡിജിറ്റൽ സർവകലാശാലക്ക് ഉത്തരമലബാറിൽ കേന്ദ്രം, വർക്ക് നിയർ ഹോം പദ്ധതിയിൽ കാസർകോട് ലീഡ് സെന്റർ, ജില്ലയിൽ കെ.എസ്.ഇ.ബിയുടെ ഇ- വെഹിക്കിൽ ചാർജിങ് സെന്റർ, ജില്ലയിലെ ഒരു സ്കൂളിനെ രാജ്യാന്തര നിലവാരത്തിൽ മാതൃക സ്കൂളാക്കി ഉയർത്തൽ, ജില്ലയിലടക്കം ആറിടത്ത് പി.എസ്.സി ഓഫിസിന് കെട്ടിടം പണിയാൻ 5.24 കോടി എന്നിവ കാസർകോടിനുള്ള ബജറ്റ് നേട്ടങ്ങളാണ്.
പെരിയ എയർസ്ട്രിപ്പിന് 1.10കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലും ഇതേ തുക നീക്കിവെച്ചിരുന്നു. എന്നാൽ, വിനിയോഗിക്കാൻ കഴിഞ്ഞിട്ടില്ല. കേന്ദ്ര വ്യോമയാനവകുപ്പിന്റെ ഉഡാൻ പദ്ധതിയിലാണ് എയർസ്ട്രിപ്പ് ഉൾപ്പെടുതിയിരിക്കുന്നത്. സർവേ നടത്തിയിട്ടുണ്ട് എങ്കിലും മുന്നോട്ട് നീങ്ങുന്നതിൽ വേഗം കുറവാണ്.
ജില്ലക്ക് പുതിയ ഗവ. നഴ്സിങ് കോളജ് അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ കോളജ് തുടങ്ങുന്നതിന്റെ ഭാഗമായാണിത്.നഴ്സിങ് കോളജുകളുടെ അഭാവം ഉള്ള എല്ലാ ജില്ലകളിലും കോളജുകൾ തുടങ്ങുന്നതിന്റെ ഭാഗമായാണിത്.അഞ്ച് കോടി രൂപയാണ് പുതിയ നഴ്സിങ് കോളജുകൾക്കായി നീക്കിവെച്ചിരിക്കുന്നത്.
ജില്ലയിലെ മൂന്ന് ചെറുകിട തുറമുഖങ്ങളിൽ വികസനം നിർദേശിക്കുന്നുണ്ട്. നിലേശ്വരം-ചെറുവത്തൂർ, കാസർകോട് മഞ്ചേശ്വരം തുറമുഖങ്ങളെയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കോടി രൂപയാണ് നീക്കിവെച്ചത്.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ സംയോജിപ്പിക്കുന്ന പദ്ധതിയിൽ ബേക്കലും ഉൾപ്പെടും. 500 പേർക്ക് കൂടിച്ചേരാവുന്ന വിധത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിൽ സംവിധാനം ഒരുക്കുകയാണ് ചെയ്യുന്നത്. 50കോടി രൂപയാണ് ഈ പദ്ധതിക്ക് നീക്കിവെച്ചിരിക്കുന്നത്.
പൈതൃക മ്യൂസിയം ഒരുക്കുന്ന പദ്ധതി വിഹിതം ജില്ലക്കും ലഭിക്കും. അഞ്ച് കോടി രൂപ ഇതിനായി എല്ലാ ജില്ലകൾക്കുമായി നീക്കിവെച്ചിട്ടുണ്ട്.
ചെറുവത്തൂർ: സംസ്ഥാന ബജറ്റിൽ തൃക്കരിപ്പൂർ മണ്ഡലത്തിന് ലഭിച്ചത് മികച്ച പരിഗണന. ജനങ്ങളുടെ ഏറെക്കാലത്തെ സ്വപ്നപദ്ധതിയായ ചീമേനി വ്യവസായ പാർക്കിന് 10കോടി രൂപ, ടൂറിസം മേഖലക്ക് പുത്തനുണർവേകുന്ന വലിയപറമ്പ് ഒരിയര ബീച്ച് ടൂറിസം പദ്ധതിക്ക് രണ്ടു കോടി, മണ്ഡലത്തിലെ പ്രധാന ടൂറിസം കേന്ദ്രമായ അഴിത്തല ബീച്ചിലേക്കുള്ള നീലേശ്വരം തൈക്കടപ്പുറം റോഡ് ആധുനി കവത്കരണത്തിന് മൂന്നുകോടി, എളേരിത്തട്ട് ഇ.കെ. നായനാർ സ്മാരക ഗവ: കോളജിലേക്കുള്ള റോഡിന്റെ ആധുനികവത്കരണത്തിന് രണ്ടുകോടി, മലയോരമേഖലയിലെ ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് ആശ്വാസം പകരുന്ന ചീമേനി ഫയർസ്റ്റേഷന് മൂന്നുകോടി രൂപയും ബജറ്റിൽ അനുവദിച്ചു.
ചന്തേര റെയിൽ ഓവർ ബ്രിഡ്ജ് 10 കോടി, ചെമ്മരംകയം-കൊല്ലാട്-ആയന്നൂർ-മണക്കടവ്-നീലമ്പാററോഡ് ആധുനികവത്കരണത്തിന് അഞ്ചുകോടി, ഒളവറ-ഉടുമ്പന്തല-ആയിറ്റി റോഡ് പരിഷ്കരണം 10 കോടി, നീലേശ്വരം നഗരസഭയിലും അനുബന്ധ പ്രദേശങ്ങളിലും കുടിവെള്ള പദ്ധതി 50 കോടി, തൃക്കരിപ്പൂർ പഞ്ചായത്തിലെ ഒളവറ റെഗുലേറ്റർ കം ബ്രിഡ്ജ് 50 കോടി, തേജസ്വിനി പുഴയോരം റിവർവ്യൂ ടൂറിസം പദ്ധതി മൂന്നുകോടി, പോത്താംകണ്ടം-അത്തൂട്ടി-മാനളം പാമ്പെരിങ്ങാര-പള്ളിപ്പാറ റോഡ് പരിഷ്കരണത്തിന് എട്ടുകോടി, ചീമേനി ഐ.എച്ച്.ആർ.ഡി. അപ്ലൈഡ് സയൻസ് കോളജിന് സ്പെഷൽ ബ്ലോക്ക് നിർമാണം അഞ്ചുകോടി, നീലേശ്വരം ബ്ലോക്ക് ഓഫിസ്-പാലായി റെഗുലേറ്റർ കംബ്രിഡ്ജ്-കൂക്കോട്ട്-കയ്യൂർ സ്മാരകം റോഡ് ആധുനികവത്കരണം 10 കോടി, തൃക്കരിപ്പൂർ നെയ്ത്ത് സഹകരണ സംഘത്തിന് കെട്ടിട നിർമാണം രണ്ടുകോടി, ചെറുവത്തൂർ ടി.എച്ച്.എസ് കാമ്പസിൽ ഗവ.എൻജിനീയറിങ് കോളജ് 10 കോടി, തെക്കേക്കാട്-ഇടയിലെക്കാട്-മാടക്കാൽ ബണ്ടുകളിൽ പാലം നിർമാണം 15 കോടി, ചെറുവത്തൂർ വീരമലക്കുന്ന് ടൂറിസം പ്രോജക്ട് 10 കോടി എന്നീ പ്രവൃത്തികൾക്ക് ടോക്കൺ തുക നൽകിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട്: സംസ്ഥാന ബജറ്റിൽ കാഞ്ഞങ്ങാട് നിയമസഭ മണ്ഡലത്തിൽ പത്തുകോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് ഗവ.റസ്റ്റ് ഹൗസിന്റെ കെട്ടിടം പണി പൂർത്തിയാക്കുന്നതിന് ഒന്നരക്കോടി രൂപ വകയിരുത്തി. പനത്തടി പഞ്ചായത്തിൽ റോഡ് നവീകരണത്തിനായി നാലു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കള്ളാർ പഞ്ചായത്തിൽ പാലം നിർമിക്കുന്നതിന് മൂന്നുകോടി രൂപ പ്രഖ്യാപിച്ചു. കോടോം ബേളൂർ പഞ്ചായത്തിൽ സ്റ്റേഡിയം നിർമാണത്തിനായി ഒന്നരക്കോടി രൂപയും വകയിരുത്തി. ബജറ്റിൽ ഉൾപ്പെടുത്താൻ ഇരുപതോളം പദ്ധതികൾ സമർപ്പിച്ചിരുന്നതായി ഇ. ചന്ദ്രശേഖരൻ എം.എൽ.എ മാധ്യമത്തോട് പറഞ്ഞു. സംസ്ഥാന സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലം പല പ്രധാന പദ്ധതികളും ഉൾപ്പെടുത്താതെ പോവുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.
ഉദുമ: സംസ്ഥാന ബജറ്റിൽ ഉദുമ മണ്ഡലത്തിന് 20 കോടി രൂപ വകയുത്തി. പെരിയ എയർ സ്ട്രിപ്പിന്റെ പ്രാരംഭ പ്രവർത്തികൾക്കായി അഞ്ചു കോടി, ബേക്കൽ കൺവെൻഷൻ സെന്ററിന് 10 കോടി, ഉദുമ മുല്ലച്ചേരി റോഡിന് അഞ്ചു കോടിയും വകയിരുത്തിയിട്ടുണ്ട്.
മഞ്ചേശ്വരം: നിയോജക മണ്ഡലത്തിലെ എട്ട് പദ്ധതികള്‍ക്ക് ബജറ്റില്‍ തുക അനുവദിച്ചു. മംഗല്പാടി ഗ്രാമപഞ്ചായത്തിലെ മുട്ടം ബേരിക്ക ബീച്ച് ടൂറിസം പദ്ധതി, അടുക്ക-ഇച്ചിലങ്കോട്-വലാക്ക് റോഡ് പുനരുദ്ധാരണം, നയാബസാര്‍ - ഐല സ്കൂള്‍ റോഡ് പുനരുദ്ധാരണം എന്നീ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപ വീതവും, എന്മകജെ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് ഒരുകോടി രൂപയും, മഞ്ചേശ്വരം പഞ്ചായത്തിലെ ഹൊസബെട്ടു ബീച്ച് ടൂറിസം പദ്ധതിക്ക് 50 ലക്ഷം രൂപയും, വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ പാത്തൂര്‍ കുദുംബളാച്ചില്-ബംഗാരഗുഡ്ഡെ റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും, പൈവളികെ ഗ്രാമ പഞ്ചായത്തിലെ സര്ക്കുത്തി-കന്യാല റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയും അനുവദിച്ചു.
കുമ്പള: തിങ്കളാഴ്ച അവതരിപ്പിച്ച സംസ്ഥാന ബജറ്റ് അടിസ്ഥാന വർഗത്തെ മറന്നുവെന്ന് എ.കെ.എം. അഷ്റഫ് എം.എൽ.എ. പെൻഷൻ തുക 2500 രൂപയായി വർധിപ്പിക്കും എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. കാർഷിക മേഖലക്ക് തികച്ചും അവഗണന മാത്രമാണ്. ജില്ലയിലെ അടക്ക കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഗണിക്കപെട്ടില്ല.
വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയില്ല. വിപണിയിൽ ഇടപെടേണ്ട സർക്കാർ അതിന് ഫണ്ട് നീക്കിവെച്ചില്ല. താലൂക്ക് ഓഫിസ് മിനി സിവിൽ സ്റ്റേഷൻ നിർമാണം എന്നിവയും പരിഗണിപ്പെട്ടില്ല.
കാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിൽ മഹാകവി ടി. ഉബൈദ് മാപ്പിള കലാ അക്കാദമിക്ക് സംസ്ഥാന ബജറ്റില്‍ ഒരു കോടി രൂപ അനുവദിച്ചു. മൂന്നു കോടിയാണ് അടങ്കല്‍ തുക. നിര്‍മാണം നടക്കുമ്പോള്‍ ബാക്കി തുക അനുവദിക്കുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.