കാസർകോട്: എം.എസ്.എഫ് നേതാവ് പി.കെ. നവാസ് തനിക്കുനേരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്ക് സർക്കാർ അനുമതിയോടെ നിയമനടപടി സ്വീകരിക്കുമെന്ന് കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. എം. രമ. വിഡിയോയും വാർത്തകളും പ്രസിദ്ധീകരിച്ച മാധ്യമങ്ങൾക്കെതിരെയും അത് സമൂഹ മാധ്യമങ്ങളിൽ മോശം കമൻറുകളോടെ പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടികളുണ്ടാകുമെന്ന് അവർ പറഞ്ഞു.
കാമ്പസിൽ സർക്കാറിെൻറ കോവിഡ് പ്രോട്ടോകോൾ ഭൂരിപക്ഷം വിദ്യാർഥികളും പാലിക്കാൻ തയാറാവുന്നുണ്ട്. അതിനു കൂട്ടാക്കാത്ത വിദ്യാർഥികളെ പ്രിൻസിപ്പൽ എന്ന നിലയിൽ ശാസിച്ചിട്ടുണ്ട്. എന്നാൽ, മാസ്ക് അണിഞ്ഞു കൂട്ടം കൂടാതെ നിൽക്കണമെന്നു പറഞ്ഞപ്പോൾ മുഹമ്മദ് സാബീർ സനത് എന്ന വിദ്യാർഥി അപ്രതീക്ഷിതമായി എന്നെ ദേഹോപദ്രവമേൽപിക്കാൻ കൈയുയർത്തി വരുകയാണുണ്ടായത്.
പൊലീസ് ഇടപെട്ട് കോവിഡ് പ്രോട്ടോകോൾ ലംഘനത്തിന് പിഴയടപ്പിച്ചു. അതിനുശേഷം ക്രിമിനൽ കേസ് എടുത്താൽ ജീവിതം ബുദ്ധിമുട്ടിലാവുമെന്നും സഹായിക്കണമെന്നും പറഞ്ഞ് കുനിഞ്ഞുനിന്ന് മാപ്പ് പറഞ്ഞു. അത് ഒരു അടവായിരുന്നു എന്നത് ഇപ്പോഴാണറിയുന്നത്. അതിേന്റതാണെന്ന പേരിൽ വ്യാജ ഫോട്ടോയും പ്രചരിപ്പിക്കുന്നു. ഞാൻ കാലുപിടിച്ച് മാപ്പു പറയാൻ പറഞ്ഞു എന്നും അതിനു നിർബന്ധിച്ചു എന്നും പറയുന്നത് പച്ചക്കള്ളമാണ്.
കോളജിലെ എല്ലാ വിദ്യാർഥി സംഘടനകളോടും ഒരേ സമീപനമാണ് പ്രിൻസിപ്പൽ എന്ന നിലയിൽ സ്വീകരിക്കുന്നത്. എന്നാൽ കോളജിൽ ദേശീയ പതാക ഉയർത്തുന്ന കൊടിമരത്തിൽ എം.എസ്.എഫ് അവരുടെ കൊടിയും തോരണങ്ങളും കെട്ടിയത് എടുത്തുമാറ്റാൻ പറഞ്ഞത് അവർക്ക് ഇഷ്ടമായിട്ടില്ല.
അതിെൻറ പേരിൽ എം.എസ്.എഫ് നേതാക്കൾ പ്രിൻസിപ്പൽ സ്ഥാനത്തു നിർത്തില്ലെന്നും നാട്ടിൽ ജോലിയെടുത്തു കഴിയാൻ വിടില്ലയെന്നുമാണ് ഭീഷണിപ്പെടുത്തുന്നത്. പർദ ധരിച്ച് വരുന്ന പെൺകുട്ടികളെയും ഉയരം കുറഞ്ഞ കുട്ടിയെയും ആക്ഷേപിച്ചു എന്നു പറയുന്നത് സ്വപ്നത്തിൽപോലും വിചാരിക്കാത്ത കാര്യമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.