ബദിയടുക്ക: ബാലൻ എന്ന വൃദ്ധന്റെ ജീവിതം മുഴുവൻ കാട്ടിൽ തീരുകയാണ്. പാവപ്പെട്ടവന് വീടും സ്ഥലവും നൽകുന്ന സർക്കാർ പദ്ധതികൾ ബാലന്റെ ജീവിതത്തിനു മുന്നിൽ പരിഹസിക്കപ്പെടുകയാണ്. ബദിയടുക്ക പഞ്ചായത്തിലെ പത്താം വാർഡിൽ പെടുന്ന ബീജന്തടുക്ക മാഹിലങ്കോടി വളവിലെ കാട്ടിൽ തനിച്ചുള്ള കുടിൽ ജീവിതത്തിന് പത്ത് വർഷത്തോളമായി.
കാട്ടിലെ വന്യജീവികളും ഇഴജന്തുക്കളും കാലവർഷക്കെടുതിയും ജീവിതത്തിന്റെ ഭാഗമാക്കിയാണ് ഈ മനുഷ്യൻ കഴിയുന്നത്. എന്നാൽ അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ടും കണ്ണുതുറക്കാനാളുണ്ടായില്ല. ബാലന്റെ കദനകഥ ബന്ധപ്പെട്ട അധികാരികൾ അറിയാതെ പോകുകയാണ്.
കുമ്പഡാജെ പഞ്ചായത്തിലെ അഗൽപ്പാടിയിലായിരുന്നു ആദ്യത്തെ കുടിൽ വാസം. പത്ത് വർഷം മുമ്പാണ് ബദിയടുക്ക - ചെർക്കള പൊതുമരാമത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന സർക്കാർ സ്ഥലത്ത് എത്തിയത്.
കൂറ്റൻ മരങ്ങളുള്ള കാടിനകത്താണ് ഒരാൾ പൊക്കം പോലുമില്ലാത്ത ഉയരത്തിൽ പ്ലാസ്റ്റിക്കും, ചാക്കും, തുണി കഷണങ്ങളും കൊണ്ടുണ്ടാക്കിയ കുടിലിൽ താമസിച്ചുവരുന്നത്. ‘കല്യാണം മനസിൽ പോലും ഉണ്ടായിട്ടില്ല എന്ന് ബാലൻ പറയുന്നു. അച്ഛൻ രാമകൃഷ്ണ പത്ത് വർഷം മുമ്പും അമ്മ യശോദ രണ്ട് വർഷം മുമ്പുമാണ് മരിച്ചത്.
സഹോദരങ്ങൾ അവരുടെ വഴിക്കാണ്. ഇങ്ങനെയൊരാളുണ്ടന്ന വിവരം അവർക്ക് അറിയില്ലന്ന് ബാലൻ പറഞ്ഞു.
അമ്മ ജീവിച്ചിരുന്നപ്പോൾ തന്നെ വന്ന് കണ്ട് പോകാറുണ്ടായിരുന്നു. മരിച്ചതോടെ കുടുംബത്തിന്റെ ബന്ധം മുറിഞ്ഞു. സ്കൂളിൽ പോയില്ല. അക്ഷരാഭ്യാസമില്ല. മേൽവിലാസ രേഖയായി ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് ഒന്നുമില്ല. അമ്മ പറഞ്ഞുതന്ന പ്രായം കണക്കാക്കി 55 വയസ് കഴിഞ്ഞു എന്ന് ബാലൻ പറയുന്നു. എനിക്ക് അസുഖങ്ങൾ ഒന്നുമില്ല. ഇടത് കാലിന് നേരെത്തെ പാമ്പ് കടിയേറ്റിരുന്നു. ആ ഒരു വേദന മാത്രമാണ് എനിക്കുള്ള പ്രശ്നം. ആഴ്ചയിൽ ലഭിക്കുന്ന കൂലിപ്പണിക്ക് പോയി ലഭിക്കുന്ന തുകകൊണ്ട് പട്ടിണി ഇല്ലാതെ ജീവിച്ചുപോകുന്നു. ഭക്ഷണം പാകം ചെയ്യാൻ കുടിലിന് അരികിൽ വിറക് കത്തിക്കുന്ന അടുപ്പുണ്ട്.
പ്രാഥമിക ആവിശ്യത്തിനും കുളിക്കാനും മറ്റും വെള്ളം പരിസരത്തെ വീടുകളിൽനിന്ന് കൊണ്ടുവരും. കാട്ടിലെ പക്ഷികൾക്ക് കുടിക്കാനായി വെള്ളവും ഭക്ഷണവും തയാറാക്കുക എന്ന ജോലിയും ബാലൻ ഒരുക്കിയിട്ടുണ്ട്.
കാട്ടു പന്നികൾ ഓടി കളിക്കുന്ന ഇടമാണ് ഇവിടെ. അതിനെ ഭയപ്പെടുത്താൻ കുപ്പി കൊണ്ട് ഉണ്ടാക്കിയ മണി മുഴക്കമാണ് ബാലന്റെ കൈയിലെ റിമോട്ട്. കുടിലിനകത്ത് കിടക്കാനുള്ള കട്ടിലും അതിന്റെ അടിഭാഗത്ത് പാചകം ചെയ്യുന്ന പത്രങ്ങളുമുണ്ട്. ഒരു മണ്ണണ്ണ വിളക്കുണ്ട്. ഒരിക്കൽ പഞ്ചായത്തിൽ നിന്നും അന്വേഷിക്കാൻ ആൾ വന്നിരുന്നു.
പിന്നീട് ആരും ഈ വഴിക്ക് വന്നില്ല. എന്നെ ആരും ബുദ്ധിമുട്ടിക്കാൻ വന്നിട്ടില്ല. ഇതേ പോലെ മരിച്ചാൽ മതിയെന്ന് ബാലൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.