കാസർകോട്: വിഷു കഴിഞ്ഞിട്ടും അരിയിൽ ഉത്സവത്തിമിർപ്പിലായിരുന്നു. അവരുടെ എം.പി വീണ്ടും അവരെ കാണാനും വോട്ടഭ്യർഥിക്കാനും വരുന്ന ദിവസമായിരുന്നു. ഒമ്പതു മണിയോടടുക്കുമ്പോൾ കുഞ്ഞുങ്ങളുമായി ചെറിയൊരാൾക്കൂട്ടം അരിയിൽ ജുമാമസ്ജിദ് പരിസരത്ത് വഴിയേ കണ്ണുംനട്ടിരിക്കുന്ന കാഴ്ച. പടക്കത്തിന്റെയും ബാൻഡ്മേളത്തിന്റെയും ശബ്ദഘോഷത്തോടെ നേരെ ജനങ്ങൾക്കിടയിലേക്ക്. കൈകൂപ്പിയും കൈകൊടുത്തും തലോടിയുമുള്ള സ്നേഹാന്വേഷണം. കൂടെ വോട്ടഭ്യർഥനയും.
അരിയിൽ ഷുക്കൂർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽനിന്നാണ് ഉണ്ണിത്താൻ പര്യടനം തുടങ്ങിയത്. ഷുക്കൂറിന്റെ ഖബറിടത്തിലേക്ക് പോയി അഞ്ചുമിനിറ്റോളം പ്രാർഥനയിൽ മുഴുകി തിരിച്ച് വണ്ടിയിൽതന്നെയൊരുക്കിയ സ്റ്റേജിൽ കയറി സംസാരിച്ചു.
‘2019ൽ ഞാൻ വന്നപ്പോൾ എനിക്ക് വാരിക്കോരി സ്നേഹം തന്നവരാണ് നിങ്ങൾ. നിങ്ങളാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യൻ പാർലമെന്റിൽ സംസാരിക്കാനും ഈ നാടിനുവേണ്ടി ശബ്ദിക്കാനും എനിക്ക് ആദ്യമായി അവസരം തന്നത്.
അതിന് ജീവിതകാലത്തോളം നിങ്ങളോട് കടപ്പെട്ടിരിക്കും’. വാക്കുകൾ ഒഴുകിയപ്പോൾ കാണികളുടെ കരഘോഷം. സി.എ.എ ബിൽ പാർലമെന്റിൽ സ്പീക്കറുടെ മുന്നിലേക്ക് കീറിയെറിഞ്ഞതും അതിന്റെ പേരിൽ സസ്പെഷനിലായതുമൊക്കെ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിച്ചു. വികസനക്കണക്കും അക്രമരാഷ്ട്രീയത്തിനെതിരെയും പൗരത്വഭേദഗതിയുമെല്ലാം സമംചേർത്ത് പ്രസംഗം.സജീവ് ജോസഫ് എം.എൽ.എ അരിയിൽ പ്രചാരണം ഉദ്ഘാടനം ചെയ്തു. ദാമോധരൻ അധ്യക്ഷത വഹിച്ചു.
നേതാക്കളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ തുറന്നവാഹനത്തിലായിരുന്നു തുടർന്നുള്ള യാത്ര. രണ്ടാംഘട്ട യാത്രയിൽ വർധിത ആവേശത്തോടെയാണ് ജനങ്ങൾ ഉണ്ണിത്താനെ സ്വീകരിച്ചത്. വെയിലിന്റെ ചൂട് സഹിക്കാതായപ്പോൾ ഇടക്ക് തുറന്ന വാഹനത്തിൽനിന്ന് എം.പിയുടെ വാഹനത്തിലേക്ക് കയറി.
പ്രവർത്തകരിലും നേതാക്കളിലും ഒരുപോലെ വേനൽച്ചൂടിന്റെ ക്ഷീണം കാണാമായിരുന്നെങ്കിലും ചൂടിലും ഉണ്ണിത്താൻ ഉലഞ്ഞില്ല. ഇടക്കൊന്ന് അരിയിൽ ഷുക്കൂറിന്റെ വീട്ടിലെത്തി അനുഗ്രഹം വാങ്ങാനും മറന്നില്ല
. കൊല്ലത്തുനിന്ന് കാസർകോട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണിച്ചയായി മാറിയ കഥയും സ്നേഹത്തോടെ നെഞ്ചോടുചേർത്ത ജനങ്ങളോടുള്ള കടപ്പാടും പലവുരു ഉണ്ണിത്താൻ വിവിധ കേന്ദ്രങ്ങളിൽ പറയുന്നത് ജനങ്ങൾ സാകൂതം കേട്ടുനിന്നു.
കഴിഞ്ഞ അഞ്ചുവർഷം മണ്ഡലത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളും എം.പിയുടെ ആസ്തിവികസന ഫണ്ട് പൂർണമായി വിനിയോഗിച്ചതും മുൻ എം.പിക്ക് ചെലവഴിക്കാൻ സാധിക്കാതെപോയ 2.5 കോടി രൂപ തിരിച്ചുപിടിച്ച് വികസനത്തിന് ഉപയോഗിച്ചതും അക്കമിട്ട് പറഞ്ഞാണ് രാജ്മോഹൻ ഉണ്ണിത്താൻ തന്റെ തുടർച്ചക്കുവേണ്ടിയുള്ള വോട്ടഭ്യർഥനയിൽ പ്രധാനമായും ഊന്നിയത്. കല്യാശ്ശേരി മണ്ഡലത്തിലെ പ്രചാരണം പള്ളിക്കരയിലാണ് അവസാനിച്ചത്. തനിക്കുവേണ്ടി ദുആ ചെയ്യാൻ ഓർമിപ്പിച്ചാണ് സ്വീകരണകേന്ദ്രങ്ങളിൽനിന്ന് നിറചിരിയോടെയുള്ള ഉണ്ണിച്ചയുടെ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.