കാസർകോട്: പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അതിന്റെ ഭാഗമാണ് മീഡിയവൺ വിലക്ക് എന്നും രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ലെന്നും നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ കാസർകോട് പ്രസ് ക്ലബ് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചാനൽ നിരോധിച്ചതിനുള്ള കാരണം മുദ്രവെച്ച കവറിൽ രഹസ്യമാക്കിവെക്കുകയല്ല വേണ്ടത്. അത് ജനങ്ങളെ അറിയിക്കണം. ദേശവിരുദ്ധർ ആരാണെന്ന് ചരിത്രം പരിശോധിച്ചാൽ ബോധ്യമാവും. ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയ വി.ഡി. സവർക്കറെ പാർലമെന്റിൽ സ്ഥാപിച്ചത് മോദി സർക്കാറാണ്. ഗാന്ധിയെ വെടിവെച്ചുകൊന്ന ഗോദ്സെക്ക് ക്ഷേത്രം പണിയുന്നു.
ചരിത്രം തിരുത്തിയെഴുതുകയാണ് കേന്ദ്ര സർക്കാറെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. പ്രസ്ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എം. രാജഗോപാലൻ, എ.കെ.എം. അഷ്റഫ് എന്നിവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. എ. അബ്ദുറഹ്മാൻ (മുസ്ലിം ലീഗ്), അഡ്വ. സുരേഷ് ബാബു (സി.പി.ഐ), ടി.കെ. രാജൻ (സി.ഐ.ടി.യു), അസീസ് കടപ്പുറം (ഐ.എൻ.എൽ), അഷ്റഫ് എടനീർ, അസീസ് കളത്തൂർ (മുസ്ലിം യൂത്ത് ലീഗ്), മുഹമ്മദ് വടക്കേക്കര (വെൽഫെയർ പാർട്ടി ), കെ.വി. കൃഷ്ണൻ (എ.ഐ.ടി.യു.സി), ജലീൽ (എൻ.എൽ.യു), ഹമീദ് കക്കണ്ടം (എഫ്.ഐ.ടി.യു), സി.എ. യൂസുഫ് (ഫ്രറ്റേണിറ്റി), ബഷീർ ശിവപുരം ( ജമാഅത്തെ ഇസ്ലാമി),റഈസ് മഞ്ചേശ്വർ (എസ്.ഐ.ഒ), സുമൈല (ജി.ഐ.ഒ), ഷറഫുന്നിസ ഷാഫി (അവേക്ക്), രവീന്ദ്രൻ പാടി, അഷ്റഫ് അലി ചേരങ്കൈ, പത്മനാഭൻ ബ്ലാത്തൂർ, മാധ്യമപ്രവർത്തകരായ രവീന്ദ്രൻ രാവണേശ്വരം, അബ്ദുറഹ്ൻ ആലൂർ, ഉദിനൂർ സുകുമാരൻ, അഷ്റഫ് കൈന്താർ, രാജേഷ് മാങ്ങാട് തുടങ്ങിയവർ സംസാരിച്ചു.
ഷഫീക്ക് നസറുല്ല സ്വാഗതവും പ്രദീപ് നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.