പു​ലി​ക്കു​ന്നി​ലെ ലെ​ഫ്റ്റ​ന​ന്റ് കേ​ണ​ല്‍ മു​ഹ​മ്മ​ദ് ഹാ​ഷിം സ്മാ​ര​ക സ്തൂ​പം

നഗരസഭ വാക്കുപാലിച്ചു; കേണൽ ഹാഷിമിന്റെ ജ്വലിക്കുന്ന സ്മൃതികൾക്ക് നിത്യസ്മാരകം

കാസർകോട്: പാക് പട്ടാളത്തിന്റെ വെടിയേറ്റ്, പിറന്ന മണ്ണിനുവേണ്ടി വീരമൃത്യുവരിച്ച മുഹമ്മദ് ഹാഷിമിന് സ്മാരകം ഈ റിപ്പബ്ലിക് ദിനത്തിൽ യാഥാർഥ്യമാകും. പട്ടാളത്തിൽ ചേർന്ന് രണ്ടുവർഷത്തിനകം രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ധീര ജവാന്റെ ഭൗതിക ശരീരംപോലും കാണാതെ സല്യൂട്ട് നൽകി യാത്രയാക്കിയ നാട്ടിൽ ധീരജവാന് അർഹമായ സ്മാരകം ഉയർന്നിരുന്നില്ല. നഗരസഭ മുൻകൈയെടുത്ത് പുലിക്കുന്ന് െഗസ്റ്റ് ഹൗസിനു സമീപത്താണ് നിത്യസ്മാരകം ഒരുക്കിയത്.

1963ലാണ്‌ തളങ്കര പുതിയ പുരയിൽ ഹാഷിം പട്ടാളത്തിൽ ചേർന്നത്‌. സെക്കൻഡ് ലെഫ്റ്റനൻറായി അംബാലയിൽ ആയിരുന്നു ആദ്യ നിയമനം. രണ്ടു വർഷത്തിനുശേഷം അവധിക്ക് നാട്ടിലെത്തിയ ഹാഷിമിന് അവധി തീരുന്നതിനുമുമ്പ് ‘വേഗം മടങ്ങുക’ എന്ന കമ്പി സന്ദേശം ലഭിച്ചു. ഇന്ത്യ-പാക് യുദ്ധത്തിനുള്ള ഒരുക്കത്തിനിടെയാണ് വിവരം ലഭിച്ചത്.

ഓപറേഷൻ ജിബ്രാൾട്ടർ എന്നു പാകിസ്താൻ പേരിട്ട, തങ്ങളുടെ സേനകളെ ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറ്റാനുള്ള പദ്ധതിയെത്തുടർന്നാണ് ഇന്ത്യ-പാക് യുദ്ധം ഉണ്ടായത്. സൈനിക കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്യാമ്പിലേക്ക് മടങ്ങിയ ഹാഷിമിന് സിയാൽകോട്ട്‌ ബോർഡർ ലൈനിലായിരുന്നു നിയമനം. അപ്പോഴേക്കും. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം മുറുകിയിരുന്നു.

1965 ഏപ്രിലോടെ തുടങ്ങിയ യുദ്ധം സെപ്റ്റംബറോടെ രൂക്ഷമായി. സെപ്റ്റംബർ 14ന് കമ്പി സന്ദേശമായി ആ വിവരം തളങ്കരയിലെ വീട്ടിലെത്തി. യുദ്ധത്തിനിടയിൽ മുഹമ്മദ്‌ ഹാഷിമിനെ കാണാതായിരിക്കുന്നു എന്നായിരുന്നു സന്ദേശം. ‘മരിച്ചിരിക്കാനാണ്‌ സാധ്യത’എന്ന് രണ്ടാമതായി മറ്റൊരു സന്ദേശവും വൈകാതെ കിട്ടി. യുദ്ധ ഭൂമിയിലാണ് എന്ന യാഥാർഥ്യം നേരത്തേ ഉൾക്കൊണ്ട വീട്ടുകാർക്ക് അവസാനമായി ഒന്നുകാണാൻ മൃതദേഹം പോലും ലഭിച്ചില്ല.

ഷാഹിമിന്റെ സ്മരണക്ക് കാസർകോട് ഫോർട്ട്‌ റോഡിനെ തളങ്കര തെരുവത്തുമായി ബന്ധിപ്പിക്കുന്ന റോഡിന് ‘ഹാഷിം സ്‌ട്രീറ്റ്‌’ എന്ന നാമം ചാർത്തിയതല്ലാതെ, ഒരു ധീരജവാൻ അർഹിക്കുന്ന സ്മാരകം ഒരുങ്ങിയിരുന്നില്ല. മുഹമ്മദ്‌ ഹാഷിമിന്റെ തിളക്കമാർന്ന ജീവിതത്തെ ചരിത്രത്തിൽ അടയാളപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത് നിലവിലെ നഗരസഭയുടെ കാലത്താണ്. 2022 റിപ്പബ്ലിക് ദിനത്തിലാണ് മുഹമ്മദ് ഹാഷിംമിന് അർഹിക്കുന്ന സ്മാരകം നഗരത്തിൽ ഉയരുമെന്ന് ചെയർമാൻ വി.എം. മുനീർ പ്രഖ്യാപിച്ചത്. ആ വാക്ക് നഗരസഭയും ചെയർമാനും പാലിച്ചു.

പുലിക്കുന്നിലെ ഗവ. ഗെസ്റ്റ് ഹൗസിന് എതിര്‍വശത്താണ് ഹാഷിമിന്റെ ഓർമക്കായി സ്മാരക സ്തൂപം ഒരുക്കിയത്. ഹാഷിമിന്റെ ഫോട്ടോ ആലേഖനം ചെയ്ത സ്തൂപമാണ് സ്ഥാപിച്ചത്. ഇതിനോടു ചേർന്ന് വൈകാതെ ഓപണ്‍ ജിംനേഷ്യവും സ്ഥാപിക്കാനാണ് നഗരസഭയുടെ പദ്ധതി. കാസർകോട്ടെ അറിയപ്പെടുന്ന അഭിഭാഷകനായിരുന്ന തളങ്കര തെരുവത്തെ അഹമ്മദിന്റെ മകനായി 1942ലാണ്‌ ‘പുതിയപുര മുഹമ്മദ്‌ ഹാഷിമിന്റെ’ ജനനം. അഹമ്മദിന്റെ ആറു മക്കളിൽ ഏറ്റവും ഇളയവനായിരുന്നു. ഹാഷിമിന്റെ മൂത്ത സഹോദരൻ പി. മുഹമ്മദിന്റെ മകൾ നഗ്‌മ ഫരീദ്‌ 2012 തൊട്ട്‌ തുനീഷ്യയിൽ ഇന്ത്യൻ അംബാസഡറാണ്‌. പ്രശസ്ത കന്നട സാഹിത്യകാരി സാറാ അബൂബക്കർ ഹാഷിമിന്റെ സഹോദരിയുമാണ്‌.

Tags:    
News Summary - Muhammad Hashim Monument

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.