കാസർകോട്: മുഖ്യമന്ത്രിയും മന്ത്രിമാരും ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നടത്തിയ നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച പരാതികളുടെ പരിശോധന തുടരുന്നു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ് പി.ആര് ചേംബറില്‍ സജ്ജീകരിച്ച സംവിധാനങ്ങളിലൂടെ പരാതി പരിശോധന ഉള്‍പ്പെടെയുള്ള നടപടികളില്‍ അഞ്ചാംദിനവും സജീവമാണ് റവന്യൂ ജീവനക്കാര്‍. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ നിയോജക മണ്ഡലങ്ങളിലെ പരാതികളുടെ സ്കാനിങ് പൂര്‍ത്തിയാക്കി. മഞ്ചേശ്വരം, കാസര്‍കോട് നിയോജക മണ്ഡലങ്ങളിലെ പരാതികള്‍ സ്കാന്‍ ചെയ്തശേഷം പ്രത്യേകം തയാറാക്കിയ പോര്‍ട്ടലിലേക്ക് പരാതി വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
കാസര്‍കോട് നിയോജക മണ്ഡലത്തില്‍ 3252ഉം മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ 1909ഉം പരാതികള്‍, പരിശോധിച്ച് സ്കാന്‍ ചെയ്ത് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തി. ഉദുമ നിയോജക മണ്ഡലത്തില്‍ ലഭിച്ച 3700 പരാതികളുടെ സ്കാനിങ് പൂര്‍ത്തിയാക്കി. ഈ പരാതികളുടെ വിവരങ്ങള്‍ പോര്‍ട്ടലിലേക്ക് ഉള്‍പ്പെടുത്തുന്നത് പുരോഗമിക്കുകയാണ്. അഞ്ച് നിയോജക മണ്ഡലങ്ങളില്‍നിന്ന് ലഭിച്ച പരാതികളുടെ പരിശോധനയും സ്കാനിങ്ങും ഇന്ന് പൂര്‍ത്തിയാക്കും.
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടലിന്റെ മാതൃകയിലാണ് നവകേരള സദസ്സ് പോര്‍ട്ടലും പ്രവര്‍ത്തിക്കുന്നത്.
മൂന്ന് നിയോജക മണ്ഡലത്തിലെ പരാതികളുടെ പരിശോധന പൂര്‍ത്തിയായപ്പോള്‍ അഞ്ഞൂറിലധികം പരാതികള്‍ അപൂര്‍ണവും അവ്യക്തവുമാണെന്ന് കണ്ടെത്തി. ഫോണ്‍നമ്പര്‍ ഉള്‍പ്പെടുത്താത്തവ, പരാതികള്‍ എഴുതാത്തവ, തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയവ എന്നിങ്ങനെയുള്ള പരാതികള്‍ അതത് താലൂക്കിലേക്ക് അയക്കാനാണ് തീരുമാനം. വില്ലേജ് ഓഫിസ് മുഖേന അപേക്ഷകരുടെ വിവരങ്ങള്‍ ശേഖരിച്ച് വീണ്ടും അയക്കാന്‍ ആവശ്യപ്പെടും.
സ്കാന്‍ ചെയ്ത പരാതികളുടെ വിവരങ്ങള്‍ നവകേരള സദസ്സ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനോടൊപ്പം പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളിലേക്കും കൈമാറി വരുകയാണ്. നിലവില്‍ കൂടുതല്‍ പരാതികള്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്കാണ്. 1113 പരാതികള്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് കൈമാറി. മറ്റ് വകുപ്പുകളും കൈമാറിയ പരാതികളും- പൊതുമരാമത്ത് - 191, ഭക്ഷ്യ-പൊതു വിതരണ വകുപ്പ് -179, പൊതു വിദ്യാഭ്യാസ വകുപ്പ് - 174, തൊഴില്‍ വകുപ്പ് 131, ആരോഗ്യ വകുപ്പ് 112.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.