കാസര്‍കോട്: കാസർകോട് ഗവ. മെഡിക്കല്‍ കോളജില്‍ ഒ.പി ഉടന്‍ ആരംഭിക്കുമെന്നും ന്യൂറോളജിസ്റ്റിെൻറ സേവനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ന്യൂറോളജിസ്റ്റ് വേണമെന്നത് കാസര്‍കോട്ടുകാരുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്ള ജില്ല എന്നതിനാല്‍ സര്‍ക്കാര്‍ പ്രത്യേകമായി കണ്ട് ന്യൂറോളജിസ്റ്റ് സേവനം ഉറപ്പാക്കും. മറ്റു സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ന്യൂറോളജിസ്റ്റിനെ നിയമിക്കണമെങ്കില്‍ തസ്തിക സൃഷ്ടിക്കേണ്ടതുണ്ട്.
എന്നാല്‍, ഇതിനു മുമ്പുതന്നെ ന്യൂറോളജിസ്റ്റ് സേവനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഇവിടെ നിയമിക്കുന്നവർ ജോലി ചെയ്യാനെത്തുമെന്ന് ഉറപ്പാക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മന്ത്രി പറഞ്ഞു.
നിലവില്‍ പണി നടക്കുന്ന ആശുപത്രിക്കെട്ടിടത്തിെൻറ നിർമാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കാസര്‍കോട് ജില്ലയെ സംബന്ധിച്ചിടത്തോളം ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് പ്രാധാന്യം നല്‍കുന്നത്. കാസര്‍കോട് മെഡിക്കല്‍ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആരംഭിക്കണമെന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നേരത്തേ കോവിഡ് ചികിത്സ നടത്തിയ കെട്ടിടത്തിലാണ് ഒ.പി ആരംഭിക്കുന്നത്. ഡോക്ടര്‍മാരും ജീവനക്കാരുമുള്ളതിനാല്‍ ജനറല്‍ ഒ.പി എത്രയും വേഗം തുടങ്ങാന്‍ സാധിക്കും. ഇതിനൊപ്പം മെഡിക്കല്‍ കോളജിേൻറതായ സൗകര്യങ്ങള്‍ ക്രമീകരിച്ചുകൊണ്ട് മറ്റു സംവിധാനങ്ങളിലേക്ക് കടക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
കാസർകോട്: ആരോഗ്യമന്ത്രിയായ ശേഷം ആദ്യമായി ജില്ലയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആദ്യം സന്ദര്‍ശിച്ചത് ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ്.
കോവിഡ് രൂക്ഷമായ ഘട്ടത്തില്‍ കിടത്തി ചികിത്സ നടത്താനായി മെഡിക്കല്‍ കോളജില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളൊക്കെയും മന്ത്രി നേരിട്ട് കണ്ടു. മെഡിക്കല്‍ കോളജ് ജീവനക്കാരുമായും മന്ത്രി സംസാരിച്ചു. കോവിഡ് ആശുപത്രിയാക്കി മെഡിക്കല്‍ കോളജിനെ മാറ്റിയപ്പോള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചതിന് ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. തുടര്‍ന്ന് ആശുപത്രിക്കെട്ടിടത്തിെൻറ നിര്‍മാണ പുരോഗതിയും വിലയിരുത്തി.
എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, സി.എച്ച്. കുഞ്ഞമ്പു, ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ജോയൻറ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന്, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, മെഡിക്കല്‍ വിദ്യാഭ്യാസ ജോയൻറ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫിസര്‍ ഡോ. ആദര്‍ശ് എം.ബി, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി. രാജ്മോഹന്‍, ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. ഇ. മോഹനന്, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.