യുദ്ധങ്ങളുടെയും അധിനിവേശത്തിന്റെയും ആദ്യ ഇരകൾ കുഞ്ഞുങ്ങളാണ്. എല്ലാ യുദ്ധങ്ങളിലും കരിഞ്ഞുണങ്ങുന്നത് അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. ഇസ്രായേൽ ആക്രമണത്തിൽ 4000ഓളം ഫലസ്തീൻ കുരുന്നുകളാണ് കൊല്ലപ്പെട്ടത്.
1990 മുതൽ കുട്ടികളുടെ മരണനിരക്ക് കുറക്കുന്നതിന് ലോകം പ്രത്യേക ശ്രദ്ധചെലുത്തുന്നുണ്ട്. യു.എന്നിന്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ യുനിസെഫ് നടത്തുന്നത്. അഞ്ച് വയസ്സിന് താഴെയുള്ളവരുടെ ആകെ മരണസംഖ്യ 1990ൽ 12.8 ദശലക്ഷമായിരുന്നു. 2021ലേക്ക് എത്തിയപ്പോൾ അത് അഞ്ച് ദശലക്ഷമായി കുറഞ്ഞു.
59 ശതമാനം കുറവ്. ലോകം കുഞ്ഞുങ്ങളെ മാറോട് ചേർത്തുനിർത്തിയതിന്റെ ഫലമാണിത്. 1990ൽ 1000 കുട്ടികളിൽ 93 മരണമായിരുന്നുവെങ്കിൽ 2021ൽ അത് 38 ആയി മാറി. 1990ൽ 5.2 ദശലക്ഷമായിരുന്നു നവജാത ശിശുമരണം. 2021ൽ 2.3 ദശലക്ഷമായി. എന്നിരുന്നാലും ഓരോ ദിവസവും ഏകദേശം 6400 നവജാത ശിശുമരണങ്ങൾ നടക്കുന്നു.
യു.എൻ സെക്രട്ടറി ജനറലിന്റെ വാർഷിക റിപ്പോർട്ടിൽ യുദ്ധം കുഞ്ഞുങ്ങളെ കൊല്ലുന്നുവെന്ന് പറയുന്നു. കൊല്ലപ്പെടുന്ന പട്ടാളക്കാരുടെ മൂന്നിരട്ടിയാണ് കുട്ടികളുടെ മരണമെന്നാണ് പറയുന്നത്. 2022ൽ 24 രാജ്യങ്ങളിലായി നടന്ന സായുധ കലാപത്തിൽ (യുദ്ധം ഉൾപ്പെടെ) 2,985കുട്ടികൾ കൊല്ലപ്പെട്ടു.
2021ൽ 2,515 ആയിരുന്നത് 2020ൽ 2,674 ആണ്. യുക്രെയ്ൻ യുദ്ധത്തിൽ 100 കുട്ടികളും മൂന്നാഴ്ച നീണ്ട ഇസ്രായേൽ ആക്രമണത്തിൽ 3600 കുട്ടികളും കൊല്ലപ്പെട്ടു. ലോകം മനുഷ്യന്റെ വേരറുക്കുകയാണ് എന്ന് സാരം.
തങ്ങളുടേതല്ലാത്ത കുറ്റംകൊണ്ട് അരികുവത്കരിക്കപ്പെട്ട ജന്മങ്ങൾക്ക് അനുഗ്രഹമായി ഒരു സ്നേഹ വീട് ഒരുങ്ങുകയാണ് അമ്പലത്തറയിൽ. എൻഡോസൾഫാൻ ദുരിതപ്പെയ്ത്തിൽ ആശയറ്റുപോയ ജന്മങ്ങളെ പരിപാലിക്കാനാണ് സ്നേഹവീട്. ജില്ലയുടെ വടക്കേ അറ്റത്തുള്ള എൻമകജെ മുതൽ പടന്നവരെയുള്ള പഞ്ചായത്തുകളിൽ നിന്ന് എൺപതോളം കുട്ടികൾ ഇപ്പോൾ സ്നേഹ വീട്ടിലെത്തുന്നു.
പുതിയ കെട്ടിടം തുറക്കുന്നതിലൂടെ നൂറിലധികം കുഞ്ഞുങ്ങൾക്ക് പ്രയോജനം ലഭിക്കും. നവംബർ 18ന് രാവിലെ പത്തിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. കസ്തൂർബ മഹിള സമാജം സൗജന്യമായി നൽകിയ സ്ഥലത്ത് കാഞ്ഞങ്ങാട് നെഹറു കോളജ് എൻ.എസ്.എസും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് നിർമിച്ചതാണ് കെട്ടിടം. ഫിസിയോ തെറപ്പി, ഒക്യുപേഷനൽ, തെറപ്പി സ്പീച്ച്, തെറപ്പി ബിഹേവിയർ, തെറാപ്പി സ്പെഷൽ എജുക്കേഷൻ, വൊക്കേഷനൽ ട്രെയിനിങ് എന്നിവയുണ്ടാകും.
പൂർണമായും സൗജന്യമായാണ് ചികിത്സ. സർക്കാർ സംവിധാനങ്ങളുടെ യാതൊരുവിധ സഹായവുമില്ലാതെ പൂർണമായും ജനകീയ പങ്കാളിത്തത്തോടെയാണ് സ്നേഹവീട് ഒരുങ്ങുന്നത്. കുട്ടികളുടെ എണ്ണം കൂടുന്നതോടെ തെറപ്പിസ്റ്റുകളുടെ എണ്ണവും വർധിപ്പിക്കും. മാസം രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവ് വേണ്ടിവരുക.
ചെറുവത്തൂർ: തന്റെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് പറന്ന് നേഹ എഴുതുന്ന അക്ഷരക്കൂട്ടുകൾക്ക് ആകാശത്തോളം വലുപ്പം. ശാരീരിക പരിമിതികള്‍ക്കിടയിലും തന്റെ മൂന്നാമത്തെ കവിത സമാഹാരം പുറത്തിറക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ചെറുവത്തൂര്‍ സ്വദേശിനി നേഹയെന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനി.
ചന്തേര ബി.ആർ.സി, കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി അധ്യാപകർ എന്നിവരുടെ പിന്തുണയിൽ നേഹ വായനക്കൊപ്പം എഴുത്തിലും വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്.
ചെറുവത്തൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മജീഷ്യൻ ഗോപിനാഥ് മുതുകാട് പുസ്തകം പ്രകാശനം ചെയ്തപ്പോൾ നേഹയുടെ മനസ്സിൽ കൊണ്ടുനടന്ന മറ്റൊരു സ്വപ്നംകൂടി പൂർത്തിയാവുകയായിരുന്നു.
ചെറുപ്പത്തില്‍തന്നെ എല്ലുകള്‍ പൊടിയുന്ന ഓസ്റ്റിയോപൊറൊസിസ് നേഹയുടെ ജീവിതത്തില്‍ വില്ലനായെത്തി. പിന്നീട് അതിജീവനത്തിന്റെ നാളുകള്‍. ഇതിനിടയില്‍ രോഗം നേഹയെ വീല്‍ച്ചെയറിലാക്കി. കാഴ്ചയും മങ്ങിത്തുടങ്ങി. ജീവിതം വീടിനുള്ളിലായപ്പോള്‍ പതിയെ അക്ഷരങ്ങളോടും പുസ്തകങ്ങളോടും കൂട്ടുകൂടാന്‍ തുടങ്ങി. അക്ഷരങ്ങളെ പ്രണയിച്ചു. പതിയെ ഓരോന്ന് കുത്തിക്കുറിക്കാന്‍ തുടങ്ങി, കുട്ടിക്കവിതകളായി. ബ്രെയിലി ലിപിയില്‍ നേഹ എഴുതിയത് പകര്‍ത്തിയെഴുതുന്നത് സ്കൂള്‍ ടീച്ചറായ അമ്മയാണ്.
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ കവിത സമാഹാരം സ്നേഹാമൃതം പുറത്തിറക്കിയത്. പുതിയ രചനയായ നേഹായനം 40 കവിതകളുടെ സമാഹരണമാണ്. പ്രകാശന ചടങ്ങിൽ നേഹയെ ഇഷ്ടപ്പെടുന്ന വൻ ജനാവലിയാണ് സാക്ഷിയായി എത്തിയത്. ഈ ശിശുദിനത്തിൽ പുതിയ ഒരു പുസ്തകത്തിന് തുടക്കം കുറിക്കുകയാണ് നേഹ.
വലിയ ആഘോഷങ്ങളോടെ തുടങ്ങിയതാണ് പെരിയ ബഡ്സ് സ്കൂൾ. ഇപ്പോൾ ബുദ്ധിയുറക്കാത്ത കുട്ടികൾക്ക് ഡയപ്പർ വാങ്ങാനുള്ള പണം പോലും സാമൂഹിക സുരക്ഷ മിഷൻ നൽകുന്നില്ല. 15 വയസ്സുള്ള കുട്ടികൾപോലും പ്രാഥമിക കാര്യങ്ങളിൽ ശ്രദ്ധയുള്ളവരല്ല. ഇവരുടെ മുൻകരുതലിനാണ് ഡയപ്പർ നൽകുന്നത്.
അതിനുള്ള പണംപോലും അനുവദിക്കുന്നില്ല. ഇതു കാരണം കൗമാരത്തിലേക്ക് കടന്ന എൻഡോസൾഫാൻ ദുരിത ബാധിതരായ കുട്ടികൾ ബഡ്സ് സ്കൂളിലേക്ക് എത്തുന്നില്ല. 58 കുട്ടികളാണുള്ളത്. ഇവരെ പരിചരിക്കാൻ സ്പീച്ച് തെറപ്പിസ്റ്റ്, ഒക്യൂപേഷണൽ തെറപ്പിസ്റ്റ്, ആയ, സെക്യൂരിറ്റി ഓഫിസർ എന്നിങ്ങനെയുണ്ട്.
ഇവരിൽ പഞ്ചായത്ത് നിയമിച്ചവർക്ക് മാത്രമാണ് ശമ്പളം ലഭിക്കുന്നത്. സാമൂഹിക സുരക്ഷ മിഷൻ നിയമിച്ചവർക്ക് അഞ്ചുമാസമായി ശമ്പളമില്ല.
ആളുകൾ ചർച്ച നടത്തുന്നത് ഇവരുടെ പെൻഷൻ മാത്രമാണ്. അതിനേക്കാൾ ഗുരുതരമാണ് കുഞ്ഞുങ്ങളുടെ മറ്റ് കാര്യങ്ങളും ജീവനക്കാരുടെ ശമ്പളമില്ലാത്ത സ്ഥിതിയുമെന്ന് ജീവനക്കാർ പറയുന്നു.
ശിശുക്ഷേമ സമിതിയുടെ വിദ്യാർഥി പാർലമെന്റ് ഇന്ന് കാസർകോട് കലക്ട്രേറ്റിൽ ചേരുമ്പോൾ പ്രധാനമന്ത്രിയാണ് ശിവദ കൂക്കൾ. ഈ വർഷത്തെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ ജില്ലയിലെ നാല് പേരിൽ ഒരാൾ.
ഈ പദവി ഏറ്റെടുക്കാൻ കലക്ടറുടെ നിർദേശമുള്ളതിനാൽ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഉജ്ജ്വല ബാല്യം പുരസ്കാരം ഏറ്റുവാങ്ങാൻ ശിവദ പോകില്ല. കാസർകോടിന്റെ കുട്ടികളുടെ പ്രധാനമന്ത്രി യുദ്ധത്തെ കുറിച്ചു പറയുന്നത് നോക്കു.
‘ഈ യുദ്ധത്തിൽ കുട്ടികൾക്ക് പക്ഷമില്ല. ഇരുപക്ഷത്ത് നിൽക്കുന്നവരോടും പറയാനുള്ളത് കുട്ടികൾക്ക് ഒരുപക്ഷം മാത്രമേയുള്ളൂ. അത് സമാധാനത്തിന്റെ പക്ഷമാണ്. ഓരോ ദിവസവും വാർത്തകളിൽ നിറയുന്നത് കുഞ്ഞുങ്ങളോട് കാണിക്കുന്ന സമാനതകളില്ലാത്ത് ക്രൂരതകളാണ്. യുദ്ധം എന്താണ് എന്ന് അവർക്കറിയില്ല.
അവർ താമിക്കുന്ന വീട്ടിൽ സുരക്ഷിതരാകുന്നില്ല. ആശുപത്രിയിൽ സുരക്ഷിതരല്ല. സുരക്ഷിത കേന്ദ്രങ്ങളിൽ നിന്നെല്ലാം അവർ പിഴുതുമാറ്റപ്പെടുന്നു. യുദ്ധത്തിനെതിരെ ലോകം ഒറ്റക്കെട്ടാകണം.
കുട്ടികൾ ഒരു രാജ്യത്തിന്റെയും സ്വത്തല്ല, ലോകത്തിന്റെ പൊതുസ്വത്താണ്. അവരെ വെറുതെ വിടുക.' (ആറുമുതൽ 11 വരെ പൊതുവിഭാഗത്തിൽ നിന്നാണ് ഉജ്ജ്വല ബാല്യം പുരസ്കാരം വേലാശ്വരം എ.യു.പി സ്കൂൾ വിദ്യാർഥിനി ശിവദ നേടിയത്. അങ്കണം, കുഞ്ഞുണ്ണി, മുല്ലനേഴി, ശിശുക്ഷേമസമിതി, ലൈബ്രറി കൗൺസിൽ ഉൾപ്പെടെ നിരധി സാഹിത്യ കലാപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.)
"ഈ കാലഘട്ടത്തിലും യുദ്ധം നടത്താൻ നമ്മൾ മനുഷ്യർക്ക് മാത്രമേ സാധിക്കൂ... യുദ്ധങ്ങൾ സംസ്കാരങ്ങൾ പോലെ കൈമാറി വരുകയാണ്...പണ്ട് എപ്പോഴോ തുടങ്ങിയ പ്രശ്നങ്ങളുടെ ബാക്കി ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. ഓരോ ദിവസവും പിഞ്ചു കുട്ടികളുടെ ജീവനുകൾ നഷ്ടപ്പെടുകയാണ്. ഇന്നലെ ജനിച്ച അവർ എന്തു തെറ്റ് ചെയ്തു.? ജീവന്റെ വില എന്താണെന്ന് മനസ്സിലാക്കാൻ എല്ലാവർക്കും കഴിയട്ടെ"...- വി.എസ്. അനുപ്രിയ ഇന്റർ നാഷനൽ ഷോട്ട്പുട്ട് മെഡലിസ്റ്റ്
"എല്ലാ യുദ്ധങ്ങളിലും മുളയിലേ കരിഞ്ഞുണങ്ങുന്നത് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. പഠിക്കാനും ചിരിക്കാനും ഉല്ലസിക്കാനുമുള്ള ഞങ്ങളുടെ സ്വാതന്ത്ര്യമാണ് നിഷേധിക്കപ്പെടുന്നത്. യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധങ്ങളില്ലാത്ത, മനുഷ്യർ പരസ്പരം സ്നേഹിക്കുന്ന ഒരു ലോകത്തെ നമുക്ക് വരവേൽക്കാം"- നിള വി. ഉജ്ജ്വലബാല്യം പുരസ്കാര ജേത്രി ഒമ്പതാം തരം, ജി.എച്ച്.എസ്.എസ് ഉദിനൂർ, (ഇടയിലെക്കാട്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.