സൗമ്യക്ക് ഇനി എവറസ്റ്റ് കീഴടക്കണം

കാസർകോട്: ലോകത്തിന്റെ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്ന ഇരിയണ്ണി സ്വദേശി സാഹസിക ബൈക്ക് യാത്രക്കാരി പി.എൻ.സൗമ്യയുടെ അടുത്ത ലക്ഷ്യം എവറസ്റ്റാണ്. 18380 അടി ഉയരമുള്ള കർദുംഗ് ലാ ബൈക്കിൽ കീഴടക്കിയ ആദ്യ മലയാളി വനിതയായ സൗമ്യ പിന്നാലെ 17598 അടി ഉയരമുള്ള എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് നടന്ന് എത്തിയിരുന്നു. 2022 ജൂണിൽ 19300 അടി ഉയരമുള്ള ഏറ്റവും ഉയരം കൂടി മോട്ടോറബിൾ പാസിലേക്ക് യാത്ര ചെയ്ത സൗമ്യ പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിലാണ് അടുത്ത ആഗ്രഹം പ്രകടിപ്പിച്ചത്.

എവറസ്റ്റ് കയറുന്നതിനുള്ള പ്രധാന തടസ്സം സാമ്പത്തികമാണ്. കുറഞ്ഞത് 50 ലക്ഷം രൂപയെങ്കിലും വേണം. അത്രക്കും ചെലവുണ്ട്. മാസങ്ങൾ നീണ്ട പ്രയത്നമാണ് കൊടുമുടിയിലെത്താൻ വേണ്ടത്. തിരിച്ചു വരാത്തവർ ഏറെയുണ്ട്. എന്നാൽ, തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് സൗമ്യ പറയുന്നു. ഇതുവരെ ജോലി ചെയ്ത് നേടിയ വരുമാനവും അവധിയും സ്വരുക്കൂട്ടിയാണ് യാത്രകൾ നടത്തിയത്. എവറസ്റ്റിലേക്ക് കയറുന്നതിനു സ്പോൺസർമാരുണ്ടായാൽ സ്വീകരിക്കും. ഓരോ യാത്രയും പുതിയ ജീവിതമാണ് തരുന്നത്.

എല്ലാവരും യാത്ര ചെയ്യണം. പ്രത്യേകിച്ച് സ്ത്രീകൾ. ഈ ലോകം ആണുങ്ങൾക്കു വേണ്ടി രൂപകൽപന ചെയ്തതാണ്. ബൈക്കും ബസും വരെ ആണുങ്ങൾക്കു വേണ്ടിയാണ്. അതിൽ മാറ്റം വരുത്താൻ സ്ത്രീകൾക്കു കഴിയും. ബൈക്കിനറിയില്ലല്ലോ ഓടിക്കുന്നത് ആണോ പെണ്ണോയെന്ന്. യാത്ര ലോകത്തെ നമ്മുടെ മുന്നിൽ ചെറുതാക്കും. നാം ചെറുതാണെന്നും മനസ്സിലാകും. 13 രാജ്യങ്ങളിൽ യാത്ര ചെയ്തു. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണ്. അതാണ് അതിന്റെ ഭംഗി.

ബൈക്കിൽ യാത്ര ചെയ്യുമ്പോൾ മനസ്സിലായത് കേരളത്തിലാണ് റോഡുകൾ മോശം. അതിനു കാലാവസ്ഥയുടെ പ്രത്യേകതയും ഉണ്ടാകാം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വളരെ മോശമാണ്. അവഗണന തന്നെയാണ് കാരണം.യാത്രകൾ തുടരാനാണ് താൽപര്യം, പണം സമ്പാദിക്കുകയല്ല. ഇതുവഴി അനുഭവങ്ങൾ സമ്പാദിക്കുകയാണ് ലക്ഷ്യമെന്നും സൗമ്യ പറഞ്ഞു. ബംഗളൂരു വിപ്രോയിൽ സീനിയർ ഇൻസ്ട്രക്ഷൻ ഡിസൈനറാണ് സൗമ്യ.ഇരിയണ്ണി സ്നേഹാലയത്തിൽ കെ.വി. നാരായണന്റെയും എസ്‍.വി. പങ്കജത്തിന്റെയും മകളാണ്. ഭർത്താവ്: വിപിൻ ഗോപൻ. സഹോദരിമാർ: നിഷ, ശാന്തി. 

Tags:    
News Summary - Now Soumya has to conquer Everest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.