കാസർകോട്: നഗരസഭയിൽ ആകെ ജീവനക്കാർ 52. അതിൽ 44പേർക്കും സ്ഥലംമാറ്റം. നിയമനം നൽകിയ ഒരാൾ വന്ന ദിവസം തന്നെ അവധിയെടുത്തുപോയി. സെക്രട്ടറിക്കും സ്ഥലം മാറ്റം. സെക്രട്ടറിയുടെ ചുമതല നൽകിയ പി.എക്ക് പിന്നാലെ സ്ഥലംമാറ്റം. ഒഴിഞ്ഞ കസേരകൾ നോക്കി നിൽക്കുകയാണ് ഓഫിസിലെത്തുന്നവർ.
സാധാരണക്കാരുടെ ഒരു അപേക്ഷയും പരിഗണിക്കാനാവുന്നില്ല. ഒരു സ്ഥലത്ത് മൂന്നുവർഷം പൂത്തിയാക്കിയ ജീവനക്കാരെ ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റുകയോ അപേക്ഷ നൽകാത്തവരെ വകുപ്പിന് താൽപര്യമുള്ളിടത്തേക്ക് സ്ഥലം മാറ്റുകയോ ചെയ്യുമെന്ന സർക്കാർ തീരുമാനത്തിന്റെ ഭാഗമായാണ് കാസർകോട് നഗരസഭയിൽ വന്ന സ്ഥലം മാറ്റം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 19പേരെ സ്ഥലം മാറ്റി പട്ടിക ഇറങ്ങി. ആ തസ്തികകളിലേക്ക് 13 പേർക്ക് പുതിയ നിയമനം നൽകി. ചുമതലയേറ്റത് ഒരാൾ മാത്രം. കൊല്ലത്ത് നിന്ന് വന്ന ഇദ്ദേഹത്തിന് സർവീസ് ഒരു വർഷം മാത്രം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അവധിയിലാണിപ്പോൾ. രണ്ടാംഘട്ട പട്ടികയിൽ 24പേരെ മാറ്റി. അതിനും പകരം നിയമനത്തിന് സമയമുണ്ട്. ചുമതലയേൽക്കാൻ ജീവനക്കാർക്കും സമയമുണ്ട്. ഈ ഇടവേളകളിൽ നഗരസഭയിൽ ഭാരിച്ച ചുമതലകളുമുണ്ട്.
ആരോഗ്യവിഭാഗം പൂർണ നിശ്ചലമാണ്. ശുചിത്വകേരളം നടപ്പാക്കണം. പകർച്ചവ്യാധികൾ പടരുന്ന സമയം. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ കാലവും. യോഗങ്ങളിൽ പങ്കെടുക്കാൻപോലും ആളില്ലാത്ത സ്ഥിതി. മൂന്നു വർഷം ജോലി ചെയ്തവരെ മാത്രമല്ല. അഞ്ചുമാസം മാത്രം സർവീസുള്ളവരെയും മാറ്റിയിട്ടുണ്ട്. കാസർകോടിന്റെ സവിശേഷത കന്നടയാണ്. ഈ വിഭാഗത്തിൽ പൊതുജനങ്ങൾ ധാരാളം വരും. അവർ തരുന്ന അപേക്ഷ വായിച്ച് പരിഭാഷപ്പെടുത്താനാളില്ല. കന്നട അറിയാവുന്ന ഒരു റവന്യൂ ഇൻസ്പെക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തെയും മാറ്റി. സമ്പൂറണമായി നിശ്ചലമായിരിക്കുകയാണ് നഗരസഭ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.