കാസർകോട്: കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാനപാതയിലെ ഇന്റർലോക്ക് ചിലയിടങ്ങളിൽ തകർന്നു. ചന്ദ്രഗിരി ജങ്ഷൻ മുതൽ പുലിക്കുന്നുവരെയാണ് ഇന്റർലോക്ക് പ്രവൃത്തി നടത്തിയിരുന്നത്. നിർമാണപ്രവൃത്തി അവസാനിച്ച് അഞ്ചാം തീയതി സംസ്ഥാനപാത ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.
എന്നാൽ, തുറന്ന് രണ്ടാം ദിവസംതന്നെ ജനങ്ങൾക്ക് പണികിട്ടിയിരിക്കുകയാണ്. നിർമാണ പ്രവൃത്തിക്കുവേണ്ടി സെപ്റ്റംബർ 19നായിരുന്നു പാത അടച്ചിട്ടുള്ള ഇന്റർലോക്ക് പാകൽ. 15 ദിവസമാണ് ഇതിനായി അടച്ചിട്ടത്. തുടക്കംമുതൽ പ്രദേശത്തെ ജനങ്ങളും യാത്രക്കാരും ഇന്റർലോക്കിടുന്നത് ഗുണകരമാവില്ലെന്ന് ആക്ഷേപമുന്നയിച്ചിരുന്നു. മാത്രമല്ല, ഉറവവന്ന് വെള്ളം കിനിയുന്ന ഇടങ്ങളിലാണ് ഇന്റർലോക്ക് പാകിയത്. കോൺക്രീറ്റ് പ്രവൃത്തി ശാശ്വതപരിഹാമെന്ന് ജനങ്ങൾ നിർദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും അധികൃതർ ചെവിക്കൊണ്ടില്ല. പണി ഒരുവിധത്തിൽ അവസാനിപ്പിച്ച് അഞ്ചാം തീയതി തുറന്നുകൊടുക്കുകയായിരുന്നു. കണ്ണിൽപൊടിയിടാൻ മാത്രമാണ് ഇങ്ങനെയൊരു പ്രവൃത്തിയെന്ന് നാട്ടുകാരും യാത്രക്കാരും ആരോപിച്ചു. ഏറെനാളായി ഇവിടങ്ങളിൽ യാത്ര ദുസ്സഹമായിരുന്നു. നിർമാണപ്രവൃത്തിക്കിടെ നാട്ടുകാർ ഇടപെട്ട് കാലതാമസത്തിന്റെ പേരിൽ ഒച്ചപ്പാടുണ്ടായിരുന്നു. പിന്നാലെയാണ് തിരക്കിട്ട് നിർമാണപ്രവൃത്തി തീർത്തതും റോഡ് തുറന്നുകൊടുത്തതും. പണിതുടങ്ങിയപ്പോൾ മഴപെയ്തതും പണി നീളാൻ കാരണമായിരുന്നു.
സംസ്ഥാനപാതയിലെ നിരവധി കുഴികൾ ഇനിയും അടക്കാനുണ്ട്. നിർമാണപ്രവൃത്തി നടന്ന റോഡിലെ ഡ്രെയ്നേജ് മൂടിയതിനാൽ ഒരു മഴ പെയ്താൽ റോഡ് തകരാൻ കാരണമാകുമെന്നും ആക്ഷേപമുയർന്നിരുന്നു. കഴിഞ്ഞദിവസം ഇവിടെ ശക്തമായ മഴയുണ്ടായിരുന്നു. 25 ലക്ഷമാണ് നിർമാണപ്രവൃത്തിക്ക് ചെലവായതെന്നാണ് പറയുന്നത്.
ചിലയിടങ്ങളിലെ ഇന്റർലോക്ക് തകർച്ചയിൽ ജനങ്ങളുടെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. വാഹനങ്ങൾ നീങ്ങിത്തുടങ്ങിപ്പോൾതന്നെ റോഡിന്റെ നിലവാരം മനസ്സിലായിരുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്. ഈ നിർമാണപ്രവൃത്തിയിൽ അഴിമതിയടക്കം ആരോപിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.