കാസർകോട്: ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജിൽ ഡിസംബർ ആദ്യവാരവും പിന്നീട് രണ്ടാം വാരവും തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഔട്ട് പേഷ്യൻറ് (ഒ.പി) ചികിത്സ തുടങ്ങാൻ തിരക്കിട്ട നടപടികൾ. ഫാർമസിസ്റ്റുമാരെയും സുരക്ഷ ജീവനക്കാരെയും നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും ഒ.പി തുടങ്ങുന്നതിനു പകരം ഉള്ള ഡോക്ടർമാരെ കൂടി പിൻവലിച്ച നടപടിയിൽനിന്ന് മുഖം രക്ഷിക്കാനാണ് പുതിയ ശ്രമം. ഡിസംബർ അവസാനമാവുേമ്പാഴേക്കും ഒ.പി തുടങ്ങുക ലക്ഷ്യമിട്ടുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിെൻറ ഭാഗമായി മൂന്ന് ഫാർമസിസ്റ്റുകളെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നത്. ഡിസംബർ 20ന് രാവിലെ പത്തിന് മെഡിക്കൽ കോളജ് ഓഫിസിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്. ഇതിനുശേഷമാണ് ഒ.പി എന്നു തുടങ്ങാമെന്ന് പറയാൻ കഴിയൂവെന്നാണ് അധികൃതരുടെ നിലപാട്.
ഡിസംബർ ആദ്യവാരം ഒ.പി. ചികിത്സ തുടങ്ങുമെന്നാണ് കാസർകോടെത്തിയ മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചിരുന്നത്. തറക്കല്ലിട്ടിട്ട് ഒമ്പതാംവർഷത്തിലേക്ക് കടന്ന മെഡിക്കൽ കോളജിനാണ് ഒ.പി പോലും തുടങ്ങാൻ കഴിയാത്ത സ്ഥിതി. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സേവനം പോലും നൽകാനാവാത്ത അവസ്ഥയിൽ പ്രതിഷേധം വ്യാപകമാണ്.
ഒ.പി ചികിത്സ പ്രഖ്യാപനത്തിനുശേഷമാണ് ഡോക്ടർമാരെയും ജീവനക്കാരെയും കൂട്ടത്തോടെ മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റിയത്. ഇതിനെതിരെ യു.ഡി.എഫിലെ വിവിധ പാർട്ടികൾ പ്രതിഷേധം നടത്തി. രോഗികൾക്ക് മരുന്ന് നൽകാൻ കേരള മെഡിക്കൽ സർവിസസ് കോർപറേഷനുമായി കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. സുരക്ഷ ജീവനക്കാരെ കൂടി നിയമിച്ച് പൂർത്തിയായ അക്കാദമിക് ബ്ലോക്കിൽ ചികിത്സ സംവിധാനം ഒരുക്കാനാണ് ശ്രമം.
*എവിടെ വേണം എയിംസ്? ഉന്നത തല സമിതിയെ അയക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പാർലമെൻറിൽ*
https://www.madhyamam.com/n-893944
കാസർകോട്: എയിംസ് കേരളത്തിൽ എവിടെയാണ് സ്ഥാപിക്കേണ്ടത് എന്ന് പഠിക്കാൻ വിദഗ്ധസംഘത്തെ കേരളത്തിലേക്ക് അയക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പാർലമെന്റിൽ ആവശ്യപ്പെട്ടു. ചട്ടം 377 അനുസരിച്ചാണ് എം.പി ആരോഗ്യ രംഗത്തെ കാസർകോടിെൻറ ശോച്യാവസ്ഥ പാർലമെന്റിൽ അവതരിപ്പിച്ചത്.
എയിംസിന് കേരളത്തിൽ പറ്റിയ ഇടം കാസർകോടാണെന്ന് എം.പി ഉന്നയിച്ചു. ജില്ലയിലെ പൊതുജന ആരോഗ്യസംവിധാനം അടിസ്ഥാനസൗകര്യങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിെന്റയും ആരോഗ്യ സേവനങ്ങളുടെ നിലവാരത്തിെന്റയും കാര്യത്തിൽ സംസ്ഥാനത്തിെന്റ മൊത്തത്തിലുള്ള പ്രകടനത്തേക്കാൾ വളരെ പിന്നിലാണ്. കോവിഡിനു ശേഷം ഈ അവസ്ഥാവിശേഷം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
കാസർകോടിന് എയിംസ് വേണമെന്ന ആവശ്യം സമൂഹ മാധ്യമങ്ങളിലെല്ലാം സജീവമാണ്. ഏഴു വർഷങ്ങൾക്ക് മുമ്പ് എയിംസ് സ്ഥാപിക്കാനുള്ള അവസരം നഷ്ടമായ കാസർകോടിനു കോഴിക്കോട് ബാലുശേരിയിലുള്ള കിനാലൂരിലെ 150 ഏക്കർ വ്യാവസായിക എസ്റ്റേറ്റിൽ എയിംസ് സ്ഥാപിക്കാനുള്ള സർക്കാർ തീരുമാനത്തോടെ വീണ്ടും ആ അവസരം നഷ്ടപ്പെട്ടിരിക്കുകയാണ്.
പക്ഷേ പല കാരണങ്ങൾ കൊണ്ടും എയിംസ് സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം കാസർകോടാണ്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ മെഡിക്കൽ കോളജും സ്വകാര്യ മേഖലയിലും പൊതു മേഖലയിലുമായി അഞ്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുമുള്ള സ്ഥലമാണ് കോഴിക്കോട്. പക്ഷേ കാസർകോട് ഒരു സ്ഥാപനം പോലുമില്ല. എയിംസ് വരുകയാണെങ്കിൽ കാസർകോടിനു പുറമെ ദക്ഷിണ കർണാടകയിലെയും കുടകിലെയും കണ്ണൂർ, വയനാട് ജില്ലകളിലെയും രോഗികൾക്ക് ഉപകാരപ്പെടും.
സംസ്ഥാന സർക്കാറിെന്റ ഉടമസ്ഥതയിൽ തരിശ്ശ് കിടക്കുന്ന ധാരാളം ഭൂമി കാസർകോട് ജില്ലയിലുണ്ട്. അതുകൊണ്ടു തന്നെ സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കക്ക് വകയില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി എൻഡോസൾഫാെന്റ ദുരിതവും പേറിയാണ് കാസർകോട്ടെ ജനങ്ങൾ ജീവിക്കുന്നത്. 6727 പേർ എൻഡോസൾഫാൻ ദുരിതബാധിതരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ന്യൂറോളജി വിഭാഗം സ്പെഷ്യാലിറ്റിയുള്ള ഒരു സ്ഥാപനം ജില്ലയിൽ അത്യന്താപേക്ഷിതമാണ്.
എയിംസ് സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ഒരു ഉന്നത തല കമ്മിറ്റിയെ കേരളത്തിലേക്ക് അയക്കണമെന്നും എം.പി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.