കാസർകോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിൽ ജനം വലഞ്ഞു. സി.ഐ.ടി.യു യൂനിയൻ വിട്ടുനിന്ന സമരത്തിൽ യൂനിയൻ ജീവനക്കാരും പങ്കെടുത്തുവെന്നതിന് പണിമുടക്ക് വിജയം തെളിവായി. കാസർകോട് ഡിപ്പോയിൽ നാല് ഷെഡ്യൂളുകൾ മാത്രമാണ് സർവിസ് നടത്തിയത്. 68 സർവിസുകളാണ് ആകെയുണ്ടായിരുന്നത്. കാഞ്ഞങ്ങാട്, മംഗളൂരു, കണ്ണൂർ, കാഞ്ഞങ്ങാട് ചന്ദ്രഗിരി എന്നിങ്ങനെയാണ് സർവിസ് നടത്തിയത്. ചന്ദ്രഗിരി ദേശീയപാതയിലാണ് ജനങ്ങൾ ഏറെ വലഞ്ഞത്. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ സർവിസ് ഇല്ലാത്തതിനാൽ കെ.എസ്.ആർ.ടി.സിക്കുവേണ്ടി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നു. ദേശീയപാത വഴിയുള്ള സ്വകാര്യ ബസുകളാണ് ഏക ആശ്രയം. മംഗളൂരു റൂട്ടിൽ കർണാടക ബസിന്‍റെ കൊയ്ത്തായിരുന്നു. പണിമുടക്കിൽനിന്നും വിട്ടുനിന്ന സി.ഐ.ടി.യുവിന് വലിയ തിരിച്ചടിയായി സമരം മാറി. കാസർകോട് ഡിപ്പോയിലെ 488 ജീവനക്കാരിൽ 20 പേർ മാത്രമാണ് ജോലിക്ക് എത്തിയത്. കഴിഞ്ഞ ഹിതപരിശോധനയിൽ കാസർകോട് ഡിപ്പോയിൽനിന്ന് 145 വോട്ടാണ് സി.ഐ.ടി.യുവിന് ലഭിച്ചിരുന്നത്. ഇവരിൽ 20 പേർ മാത്രമാണ് നേതൃത്വത്തിന്‍റെ ആഹ്വാനം സ്വീകരിച്ചത് എന്ന് വ്യക്തം.
കെ.എസ്.ആർ.ടി.സിയോട് ഇടത് സർക്കാർ സ്വീകരിക്കുന്ന സമീപനത്തിൽ വലിയ അതൃപ്തി സി.ഐ.ടി.യു അംഗങ്ങൾക്കുണ്ട് എന്നതിന്‍റെ തെളിവാണ് സൂചന പണിമുടക്കിലെ സി.ഐ.ടി.യു സാന്നിധ്യം എന്ന് പണിമുടക്കിയവർ പറയുന്നു. 250 അംഗങ്ങളാണ് സി.ഐ.ടി.യുവിൽ നേരത്തേയുണ്ടായിരുന്നത്. ഇതിൽ വലിയ കുറവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഷു, ഈസ്റ്റർ, രണ്ടു പെരുന്നാൾ, ഓണം സീസണുകൾ കെ.എസ്.ആർ.ടി.സിയുടെ വരുമാന മാർഗങ്ങളായിരുന്നു.
എന്നാൽ, കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും പെരുന്നാളിനും ജീവനക്കാർക്ക് ശമ്പളം നൽകാത്തതിന്‍റെ അതൃപ്തിയാണ് ഇപ്പോൾ പ്രകടമായിരിക്കുന്നതെന്ന് സമരാനുകൂലികൾ പറയുന്നു. ഭരണപക്ഷത്തുള്ള എ.ഐ.ടി.യു.സി, പ്രതിപക്ഷത്തെ ഐ.എൻ.ടി.യു.സി, ബി.എം.എസ് എന്നീ സംഘടനകളാണ് സൂചന പണിമുടക്ക് നടത്തിയത്.
സമരം കാഞ്ഞങ്ങാട്ട് പൂര്‍ണം
കാഞ്ഞങ്ങാട്: സമരം കാഞ്ഞങ്ങാട് ഡിപ്പോയില്‍ പൂര്‍ണം. 43 സര്‍വിസുകളില്‍ വെറും എട്ടെണ്ണം മാത്രമാണ് നടത്തിയത്. രാവിലത്തെ സര്‍വിസുകളില്‍ 21ല്‍ രണ്ടും വൈകീട്ടുള്ള സര്‍വിസുകളില്‍ 22 എണ്ണത്തില്‍ രണ്ട് സര്‍വിസുകളുമാണ് ഓടിയത്. സി.ഐ.ടി.യുവിന്‍റെ നേതാക്കൾ സര്‍വിസുകള്‍ക്ക് നിര്‍ബന്ധിച്ചതുകൊണ്ടാണ് അത്തരം സര്‍വിസുകള്‍ നടന്നതെന്നാണ് ഐ.എന്‍.ടി.യു.സി നേതാക്കള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.