കാസർകോട്: ഇന്ധനം നൽകുന്നതിനൊപ്പം വാഹന ഉടമക്ക് സൗജന്യമായി കാറ്റ് നിറക്കാനുള്ള സൗകര്യം മിക്ക പെട്രോൾ പമ്പുകളിലും ലഭ്യമല്ല. നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും പെട്രോൾ പമ്പുകളിൽ മിക്കതിലും എയർ ഫില്ലിങ് സൗകര്യങ്ങൾ എടുത്തുകളഞ്ഞു. ചില പമ്പുകളിലെ മെഷീനുകൾ കേടായി എന്ന് പറയുന്നു. മറ്റ് ചിലർ ഉപഭോക്താക്കളോട് നിങ്ങൾതന്നെ അടിക്കണം എന്ന് പറയും.
കംപ്രസർ പൈപ്പുകൾ പൊട്ടിയെന്ന സ്ഥിരം പല്ലവിയാണ് ഏറെയും കേൾക്കുന്നത്. പുതുതായി തുടങ്ങിയ പമ്പുകളിൽ പോലും എയർ, നൈട്രജൻ എന്നിവ ലഭ്യമല്ല. അവരുടെയും വാദം പൈപ്പ് പൊട്ടിപ്പോയി എന്നാണ്. ഇതൊന്നും നന്നാക്കാനുള്ള സൗകര്യം നമ്മുടെ നാട്ടിലില്ലയോ എന്നാണ് വാഹന ഉടമകൾ ചോദിക്കുന്നത്. എല്ല പമ്പുകളിലും ജനങ്ങൾക്കാവശ്യമായ യൂട്ടിലിറ്റി സൗകര്യങ്ങൾ ലഭ്യമാക്കണമെന്നാണ് കമ്പനി നിയമം. പെട്രോൾ പമ്പ് അനുവദിക്കുമ്പോൾ ഇതുൾപ്പെടെയുള്ള കരാറുകളിൽ എഴുതി ഒപ്പിട്ടാണ് ലൈസൻസ് ലഭ്യമാക്കുന്നത്.
ടോയ്ലറ്റുകളും നിർബന്ധമാണ്. പല പമ്പുകളിലും വൃത്തികേടായ ടോയ് ലറ്റുകളാണുള്ളത്. പലതിന്റെയും പരിസരത്ത് പോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഈ സൗകര്യങ്ങളൊന്നും ഉടമസ്ഥരുടെ സൗജന്യമോ ഔദാര്യമോ അല്ല. നിയമപരമായ സേവനമാണ്. ഇന്ധനം നിറക്കാൻ പോകുന്നവരുടെ അവകാശമാണ്. ഈ സൗകര്യങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരാതി നൽകാൻ പരാതിപ്പെട്ടിയുണ്ടാകണം.
അല്ലാത്ത പക്ഷം ജില്ല കലക്ടർക്കും ഉപഭോക്തൃ വകുപ്പിനും പരാതി നൽകാം. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർ പ്രത്യേകിച്ച് വെക്കേഷൻ കാലങ്ങളിൽ കുടുംബവുമായി യാത്ര ചെയ്യുന്നവർക്ക് ഇത്തരം സൗകര്യങ്ങൾ അത്യാവശ്യമാണ്. ടയറിൽ എയർ കുറഞ്ഞത് കൊണ്ട് ബുദ്ധിമുട്ടുന്നവർ പമ്പിൽ കയറി നിരക്കാനുള്ള സൗകര്യമില്ലാത്തതു കൊണ്ട് നിരാശയോടെ മടങ്ങുകയോ നേരം പുലരുംവരെ സ്വകാര്യ സംവിധാനങ്ങൾ തുറക്കുന്നതും പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.