കാസർകോട്: തദ്ദേശസ്വയം ഭരണവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ രൂപവത്കരിച്ച മലിനീകരണ നിയന്ത്രണ എന്‍ഫോഴ്സ്മെൻറ് സ്ക്വാഡ് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മഞ്ചേശ്വരം, ഉദുമ ഗ്രാമപഞ്ചായത്തുകളില്‍ നടന്ന പരിശോധനയില്‍ 200 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളാണ് സ്ക്വാഡ് പിടിച്ചെടുത്തത്.
മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പ്ലാസ്റ്റിക് വസ്തുക്കള്‍ മാത്രം വില്പന നടത്തുന്ന ഒരു ഹോള്‍സെയില്‍ ഷോപ്പില്‍ നിന്നു മാത്രം 50 കിലോഗ്രാമാണ് പിടിച്ചെടുത്തത്. ബന്ധപ്പെട്ട കക്ഷികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനും പിഴ ഈടാക്കാനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി.
ഉദുമ ഗ്രാമപഞ്ചായത്തിലെ 12 ഓളം ഷോപ്പുകളിലാണ് സ്ക്വാഡ് പരിശോധന നടത്തിയത്. മിക്ക ഷോപ്പുകളിലും നിരോധിത പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് സാധനങ്ങള്‍ നല്‍കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മുഴുവന്‍ സ്ഥാപനങ്ങളില്‍ നിന്നും നിയമാനുസൃത പിഴ ഈടാക്കുന്നതിന് റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറി. പരിശോധനയില്‍ സ്ക്വാഡ് അംഗങ്ങളായ ശുചിത്വ മിഷന് അസി.കോഓഡിനേറ്റര്‍ റിയാസ്, ജോ. ഡയറക്ടര്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ട് മനോജ്, പി.വി. സന്തോഷ്കുമാര്‍ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
പരിശോധന വരുംദിവസങ്ങളിലും ശക്തമാക്കുമെന്നും ജില്ല മുഴുവന്‍ വ്യാപകമാക്കുമെന്നും പ്ലാസ്റ്റിക്കിനു പുറമെ മറ്റു പരിസര, പൊതു, ജല, അന്തരീക്ഷ മലിനീകരണങ്ങളും സ്ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.