നീലേശ്വരം: കിനാനൂർ കരിന്തളം പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ കോളംകുളം തുള്ളൻകല്ല് കുറുഞ്ചേരി റോഡിന് സമീപത്ത് പ്രവർത്തിക്കുന്ന ക്വാറി ഭീഷണിയാകുന്നു. കരിങ്കൽ ക്വാറിക്ക് കിനാനൂർ കരിന്തളം പഞ്ചായത്ത് വീണ്ടും ലൈസൻസ് പുതുക്കിനൽകിയതാണ് സമീപത്തെ കുടുംബങ്ങൾക്ക് വീണ്ടും ഭീഷണിയാവുന്നത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പഞ്ചായത്ത് റോഡിന്റെ വളരെ അരികിലായാണ് ഈ ക്വാറി. നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്താണ് ക്വാറി പ്രവർത്തിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറിക്കും ജില്ല ജിയോളജിസ്റ്റിനും ആർ.ടി.ഒ, ജില്ല കലക്ടർ എന്നിവർക്കും പരാതി നൽകിയിട്ടും പ്രക്ഷോഭങ്ങൾ നടത്തിയിട്ടും പ്രവർത്തനം നിർത്തിക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല, രണ്ടു തവണ ഗ്രാമസഭയിൽ ഈ ക്വാറിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ട്. ഹൈകോടതിയുടെ നിർദേശ പ്രകാരമുള്ള വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ക്വാറി ജനവാസകേന്ദ്രത്തിലാണെന്നും പഞ്ചായത്ത് ടാർ റോഡിന്റെ അരികിലാണെന്നും നിരവധി ജലസ്രോതസ്സുകളുണ്ടെന്നും പ്രദേശവാസികളുടെ സ്വൈരജീവിതത്തിന് തടസ്സമാണെന്നും റിപ്പോർട്ട് നൽകിയിരുന്നു.
സമീപത്തെ വീടുകളെല്ലാം വിള്ളൽ വീണിരിക്കുകയാണ്. സ്ഫോടന സമയത്ത് വാഹനങ്ങൾ കടന്നു പോകാതിരിക്കാൻ ഒരു നിയന്ത്രണവും ആരും ഏർപ്പെടുത്തിയിട്ടില്ല.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി പഞ്ചായത്ത് അധികൃതർ വീണ്ടും അനുവാദം നൽകിയ ക്വാറിയുടെ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് നാട്ടുകാർ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.