കാസർകോട്: കോട്ടകളുടെ നാട്ടിൽ ഇടതുകോട്ട തകർത്തുതരിപ്പണമാക്കി യു.ഡി.എഫ് കോട്ടകെട്ടി. 2019ൽ കൊല്ലത്തുനിന്ന് വണ്ടികയറിയത് വിജയത്തിന്റെ സൈറൺ മുഴക്കിക്കൊണ്ടായിരുന്നുവെങ്കിൽ ഇന്നത് ഇടതുകോട്ട തകർത്ത തുടർവിജയമുണ്ടാക്കാനും ഉണ്ണിത്താന് കഴിഞ്ഞു. കൊല്ലത്തുനിന്ന് വന്നതുകൊണ്ടുതന്നെ ‘വരത്തൻ’എന്നതും പ്രതിയോഗികളിൽനിന്ന് ഉണ്ണിത്താന് കേൾക്കേണ്ടിവന്നതും തളങ്കരയിലെ വിഡിയോ വിവാദവും എല്ലാം തെരഞ്ഞെടുപ്പിൽ വിവാദവിഷയങ്ങളായി ഉണ്ടായിരുന്നത് ജനങ്ങൾ കണ്ടതാണ്. കഴിഞ്ഞപ്രാവശ്യത്തെ കൈത്തെറ്റ് ആവർത്തിക്കില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പങ്കത്തിനിറങ്ങിയ എൽ.ഡി.എഫിന് ഉണ്ണിത്താനോട് പിൻവാങ്ങേണ്ടിവന്നതും ചരിത്രമാവുകയാണ്. പരാജയങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് കൊല്ലത്തുനിന്ന് കാസർകോട്ടേക്ക് വണ്ടികയറിയ രാജ്മോഹൻ ഉണ്ണിത്താൻ മഹാമേരുവായി വളരുന്നതാണ് രാഷ്ട്രീയകേരളം കണ്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പേ എൽ.ഡി.എഫ് കളത്തിലിറങ്ങിയെങ്കിലും ഉണ്ണിത്താന് മുന്നിൽ അടിപതറുകയായിരുന്നു. ഉണ്ണിത്താൻ ഗോദയിൽ ഇറങ്ങുമ്പോഴേക്കും ഒന്നാംഘട്ട പ്രചാരണം എൽ.ഡി.എഫ് പൂർത്തിയാക്കിയിരുന്നു. രാജ്മോഹൻ ഉണ്ണിത്താൻ പ്രചാരണത്തിന് എത്തിയപ്പോഴേക്കും മത്സരം മീനമാസച്ചൂടിന്റെ മൂർധന്യത്തിലായിരുന്നു. ആര് വാഴും, ആര് വീഴുമെന്ന് പ്രവചിക്കാൻ പറ്റാത്തതരത്തിലായിരുന്നു പിന്നീടുള്ള പ്രചാരണം. സിറ്റിങ് എം.പിയെന്നനിലയിൽ എല്ലാവിഷയത്തിലും ഇടപെട്ട സ്ഥാനാർഥിയായിരുന്നു ഉണ്ണിത്താൻ. ആ നിലക്ക് ഉണ്ണിത്താന്റെ വിജയം യു.ഡി.എഫ് കേന്ദ്രങ്ങളിൽ അന്നേ ഉറപ്പായിരുന്നു. ഭൂരിപക്ഷത്തിൽ മാത്രമേ അവർക്ക് സംശയമുണ്ടായിരുന്നുള്ളൂ. പൗരത്വവിഷയവുമായി എൽ.ഡി.എഫ് സംസ്ഥാനത്തുടനീളം നടത്തിയ പ്രവർത്തനങ്ങൾ ഇടതുകേന്ദ്രങ്ങളിൽ ആത്മവിശ്വസമുണ്ടാക്കിയിരുന്നു. എന്നാൽ, അതൊക്കെ ഉണ്ണിത്താന്റെ തേരോട്ടത്തിന് മുന്നിൽ കടപുഴകി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പരാജയഘടകങ്ങൾ ശബരിമലയും കല്യോട്ടെ ഇരട്ടക്കൊലപാതകവുമായിരുന്നു. ഇക്കുറി അത് ഭരണവിരുദ്ധവികാരത്തിന് അടിപ്പെടുകയായിരുന്നു എന്നതിൽ സംശയമില്ല.
തന്റെ കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷമായ 40,438 എന്ന സംഖ്യ മറികടന്ന് 1,00,649ന്റെ ഭൂരിപക്ഷം നേടിയാണ് ഇക്കുറി മധുരമാർന്ന വിജയം നേടിയിരിക്കുന്നത്. 4,74,961 വോട്ടിൽ 43.17 ശതമാനം നേടി യു.ഡി.എഫ് 34 വർഷത്തിനുശേഷം എൽ.ഡി.എഫിനെ തറപറ്റിച്ച 2019ലെ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ച് 4,86,801 വോട്ടുനേടിയാണ് ഉണ്ണിത്താൻ വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.പി. സതീഷ്ചന്ദ്രൻ നേടിയത് 4,34,523 വോട്ടാണ്, 39.50 ശതമാനം. എൻ.ഡി.എയിലെ രവീശതന്ത്രി കുണ്ടാർ 1,76,049 വോട്ടുംനേടി (16.00 ശതമാനം).
കൊല്ലം ജില്ലയിലെ കിളികൊല്ലൂരിൽ കുട്ടൻ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി 1953 ജൂൺ 10നായിരുന്നു ഉണ്ണിത്താന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കൊല്ലം എസ്.എൻ കോളജിൽനിന്ന് ബി.എ ഇക്കണോമിക്സിൽ ബിരുദം നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട്ടെ ഇടതുകോട്ട ഇളക്കാനായിരുന്നു നിയോഗം. നടനും കെ.പി.സി.സി മുൻ വക്താവുമാണ് ഇദ്ദേഹം. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവയിലൂടെ കോൺഗ്രസ് പ്രവർത്തകനായി ജീവിതമാരംഭിച്ച ഉണ്ണിത്താൻ 2015-2016 വർഷങ്ങളിൽ സംസ്ഥാന ചലച്ചിത്ര കോർപറേഷൻ ചെയർമാനായിരുന്നു. 2006ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ സി.പി.എം നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ചുകൊണ്ടാണ് രാഷ്ട്രീയപ്രവേശം. പക്ഷേ, അന്ന് കോടിയേരിക്കുമുന്നിൽ മുട്ടുമടക്കേണ്ടിവന്നു. 2015ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കുണ്ടറയിൽ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജെ. മേഴ്സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു. അതേസമയം, 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട്ടുനിന്ന് സി.പി.എം നേതാവായ മുൻ ജില്ല സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രനെ 40,438 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 35 വർഷത്തിനുശേഷമാണ് ഇവിടെയൊരു കോൺഗ്രസ് സ്ഥാനാർഥി ജയിക്കുന്നത് എന്നതും 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയായി. ഇപ്പോൾ 2024ലും തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിച്ച് വരത്തനല്ല താൻ നിങ്ങളിലൊരുത്തനാണെന്നും അതാണ് തന്റെ കരുത്തെന്നും പറയുകയാണ് ഉണ്ണിത്താൻ. ഭാര്യ: സുതകുമാരി. മക്കൾ: അഖിൽ, അതുൽ, അമൽ.
കാസർകോട്: കാസർകോടിന്റെ മണ്ണിൽനിന്ന് ലക്ഷംകടന്ന ഭൂരിപക്ഷത്തിൽ മിന്നുംവിജയം നേടി വീണ്ടും കാസർകോട്ടുകാരുടെ പ്രിയപ്പെട്ട ഉണ്ണിച്ചയായി ഉണ്ണിത്താൻ മാറി. കഴിഞ്ഞ പ്രാവശ്യത്തെ ഭൂരിപക്ഷത്തിന്റെ രണ്ടിരട്ടിയിലധികം നേടിയാണ് തന്റെ മേൽക്കോയ്മ മണ്ഡലത്തിലുറപ്പിച്ചത്. 2004ൽ ആദ്യമായി സി.പി.എമ്മിലെ പി. കരുണാകരൻ മത്സരിക്കുമ്പോഴുള്ള ഭൂരിപക്ഷമാണ് ഇക്കുറി രാജ്മോഹൻ ഉണ്ണിത്താൻ മണ്ഡലത്തിൽ നേടിയതെന്നുള്ളത് ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. കാസർകോട്ടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ ഇതുണ്ടാക്കുന്ന ആവേശം ചെറുതൊന്നുമല്ല. പല കാര്യങ്ങളിലും വിവാദസ്വരങ്ങളുണ്ടാകുമ്പോൾ അതിൽ ഉഴലുന്ന യു.ഡി.എഫ് നേതൃത്വത്തിന് ഈയൊരു വിജയം പുതിയൊരൂർജമാണ് നൽകിയിരിക്കുന്നത്. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾതന്നെ യു.ഡി.എഫ് നേതാക്കൾ ഒരു ലക്ഷം ഭൂരിപക്ഷം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിങ്ങനെയാകുമെന്ന് അവർപോലും കരുതിയിട്ടുണ്ടാവില്ല. ആ നിലയിലുള്ള വിജയമാണ് കാസർകോട്ടെ ജനത ഉണ്ണിത്താന് നൽകിയിരിക്കുന്നത്.
ന്യൂനപക്ഷം മുറുകെപ്പിടിച്ചു
കാസർകോട്: കഴിഞ്ഞ തവണത്തെ രാഹുൽ ഇഫക്ടിനുശേഷം ഇക്കുറിയും ലോക്സഭ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷമേഖല ഉണ്ണിത്താനെ മുറുകെപ്പിടിക്കുന്നതാണ് കണ്ടത്. ന്യൂനപക്ഷമേഖലകളിൽ പോളിങ്ങിന്റെ കനത്തതുടക്കം പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഫലനമാണെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങളിലെ വിലയിരുത്തൽ. രാവിലെ മുതൽ മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ത്രീകളും പുരുഷന്മാരും ഒപ്പത്തിനൊപ്പം എന്ന അളവിൽ ബൂത്തുകളിൽ നീണ്ട നിര സൃഷ്ടിച്ചിരുന്നു. വലിയ ആവേശത്തിലായിരുന്നു പോളിങ് ദിനവും. ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായി കൊണ്ടുവന്നത് പൗരത്വ ഭേദഗതി നിയമമാണ്. എന്നാൽ, യു.ഡി.എഫ് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ഭരണത്തിനെതിരെയാണ് പ്രചാരണം നടത്തിയത്. അത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ഇടതുകേന്ദ്രങ്ങളിലും ന്യൂനപക്ഷമേഖലയിൽ നല്ല പ്രതികരണം പ്രകടമായിരുന്നു. പക്ഷേ, അത് ഇടതുമുന്നണിക്ക് അനുകൂലമായിരുന്നില്ല എന്ന് തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. എൽ.ഡി.എഫിന്റെ കാടിളക്കിയുള്ള പൗരത്വ പ്രക്ഷോഭവും മറ്റും ന്യൂനപക്ഷം കൈക്കൊണ്ടില്ല എന്ന് വ്യക്തമാണ്. അവർ യു.ഡി.എഫിന് അനുകൂലമായി നിന്നു എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്. ഇടതുപക്ഷത്തിന്റെയടക്കം വോട്ടുകൾ യു.ഡി.എഫിന് അനകൂലമായി വന്നു എന്നും മനസ്സിലാക്കാം.
കാസർകോട്: കാസർകോട് ലോക്സഭ മണ്ഡലം വോട്ടെണ്ണലിന്റെ ഗതി 2019ലേതിന് സമാനം. അന്ന് എൽ.ഡി.എഫിന്റെ പുതിയ സ്ഥാനാർഥിയായി കെ.പി. സതീഷ് ചന്ദ്രനെ രംഗത്തിറക്കിയ ഇടതുപക്ഷം, കൊല്ലത്തുനിന്ന് ‘ചാവേറാ’യി വന്ന രാജ്മോഹൻ ഉണ്ണിത്താനെ ശക്തനായ എതിരാളിയായി കണ്ടിരുന്നില്ല. ഒന്നര ലക്ഷം വരെയുള്ള വോട്ടിന് വിജയം ഉറപ്പിച്ച ഇടതുപക്ഷത്തിന് 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 40000വോട്ടിന് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. 2019ൽ പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ തന്നെ ലീഡ് എൽ.ഡി.എഫിലേക്കും യു.ഡി.എഫിലേക്കും മാറിമറിഞ്ഞിരുന്നു. ഇത് ഉണ്ണിത്താനെ 10,000 വോട്ടുകളുടെ ലീഡിലേക്ക് എത്തിക്കുന്നത് വരെ തുടർന്നു. സമാനമായ സ്ഥിതിയാണ് ഇത്തവണയുമുണ്ടായത്. പതിനായിരം വരെ മാറിമറിഞ്ഞ ലീഡ് പിന്നീട് രാജ്മോഹൻ ഉണ്ണിത്താന് അനുകൂലമായി തുടരുകയായിരുന്നു. അതിനിടയിൽ രാജ്മോഹൻ ഉണ്ണിത്താനും എം.വി. ബാലകൃഷ്ണനും വോട്ടെണ്ണൽ നടക്കുന്ന പെരിയ കേന്ദ്ര സർവകലാശാല കേരളയിലെ വോട്ടെണ്ണൽ കേന്ദ്രമായ യമുന ബ്ലോക്കിലും മീഡിയ സെന്ററിലും എത്തിയിരുന്നു. ഇരുവർക്കും അവിടെയുള്ള ഇടുങ്ങിയ സംവിധാനം ഇഷ്ടമായില്ല. ഇക്കാര്യം മാധ്യമങ്ങളോട് പങ്കുവെക്കുകയും ചെയ്തു. അതിനിടയിൽ പതിനായിരത്തിലേക്ക് ലീഡ് കയറുന്നതിനു മുമ്പ് ഉണ്ണിത്താന്റെ ലീഡ് ഒന്ന് പിറകിലേക്ക് പോയി. ഇതിൽ ആശങ്ക വന്നതുകൊണ്ടാണോയെന്നറിയില്ല, ഉണ്ണിത്താൻ കളംവിട്ട് പെരിയ ടൗണിലെ ഡി.സി.സി ജനറൽ സെക്രട്ടറി ധന്യ സുരേഷിന്റെ വീട്ടിൽ പോയി ടി.വി കണ്ടു. പതിനായിരം പിന്നിട്ട് തന്റെ ലീഡ് തുടർന്നതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഉണ്ണിത്താൻ തിരികെയെത്തി. ഇതിനിടയിൽ ഇറങ്ങിപ്പോയ എം.വി. ബാലകൃഷ്ണൻ പിന്നീട് തിരിച്ചുവന്നില്ല. രാവിലെ 11ന് 13755വോട്ടിന്റെ ലീഡിലെത്തിയ ഉണ്ണിത്താൻ, 216967 വോട്ടുകൾ എണ്ണിയപ്പോൾ 16000വോട്ടിന്റെ ലീഡിലേക്ക് എത്തി. മൂന്നാം റൗണ്ടിലേക്ക് എത്തിയപ്പോൾ കാൽ ലക്ഷം വോട്ടിലേക്ക് ഉണ്ണിത്താൻ ലീഡ് ഉയർത്തി. ഇതോടെ ഇടത് നേതാക്കൾ പടിയിറങ്ങിത്തുടങ്ങി. കേരളത്തിന്റെ പൊതു പ്രവണതയിൽ യു.ഡി.എഫ് കുതിച്ചപ്പോൾ സ്വയം വിമർശനവുമായി അവർ കളം വിടുകയായിരുന്നു.
കാസർകോട്: ജനാധിപത്യത്തിനും മതേതരത്ത്വത്തിനുമുള്ള മഹത്തായ അംഗീകാരമാണ് രാജ്മോഹൻ ഉണ്ണിത്താന്റെ വിജയമെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ. ബി.ജെ.പി കേന്ദ്രത്തിൽ ഭരണം നടത്തിയിട്ടും ശക്തമായ ഇടപെടലിലൂടെ വൻ വികസന പദ്ധതികൾ കൊണ്ടുവരാൻ ഉണ്ണിത്താന് സാധിച്ചു. നിസ്വാർഥസേവനത്തിനുള്ള അംഗീകാരമായിട്ടാണ് ജനങ്ങൾ അദ്ദേഹത്തെ വീണ്ടും ജയിപ്പിച്ചതെന്നും ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.
കാസർകോട് മണ്ഡലത്തിൽനിന്ന് ഇതുവരെ വിജയിച്ചവർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.