മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് കാ​സ​ര്‍കോ​ട് ടൗ​ണ്‍ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വാ​ഹ​നീ​യം അ​ദാ​ല​ത്തി​ല്‍നി​ന്ന്

21 മുതല്‍ ചെക്പോസ്റ്റുകളിൽ ആര്‍.ടി.ഒ സേവനങ്ങള്‍ –മന്ത്രി

കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ആര്‍.ടി.ഒ സേവനങ്ങള്‍ ഈ മാസം 21 മുതല്‍ എല്ലാ ചെക്പോസ്റ്റുകളിലും ലഭ്യമാകുമെന്ന് മന്ത്രി ആന്റണി രാജു. ആര്‍.ടി ഓഫിസില്‍ ലഭിക്കുന്ന അഞ്ച് സേവനങ്ങള്‍ ഇതോടെ ചെക്പോസ്റ്റിലൂടെ ലഭ്യമാകും.

ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കും അത്തരം വാഹന ഉടമകള്‍ക്ക് നികുതി, പെര്‍മിറ്റ്, സ്പെഷല്‍ പെര്‍മിറ്റ് തുടങ്ങിയവ ഇനി ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെക്പോസ്റ്റില്‍ നിന്ന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ.കെ.എം. അഷ്റഫ്, എം. രാജഗോപാലന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭ കൗണ്‍സിലര്‍ വിമല ശ്രീധര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബേളയിലെ ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം ഡിസംബറോടെ

ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബേളയിലെ ആധുനിക ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം ഡിസംബറോടെ പ്രവര്‍ത്തന സജ്ജമാക്കുമെന്ന് മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പുതുതായി ആര്‍.ടി ഓഫിസുകള്‍ ആരംഭിക്കുമ്പോള്‍ പ്രഥമ പരിഗണന മഞ്ചേശ്വരത്തിനായിരിക്കും. ആര്‍.ടി. ഓഫിസ് തുടങ്ങാന്‍ ഗതാഗത വകുപ്പിനൊപ്പം മറ്റ് വകുപ്പുകളും മന്ത്രിസഭയും വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണം. അതിനാലാണ് മഞ്ചേശ്വരത്ത് ആര്‍.ടി ഓഫിസ് എന്ന പ്രഖ്യാപനം നടത്താത്തതെന്നും മന്ത്രി പറഞ്ഞു.

പടന്നക്കാട്ട് ടൗണ്‍ ടു ടൗണ്‍ ബസിന് സ്റ്റോപ്പ് അനുവദിക്കും

പടന്നക്കാട് നെഹ്റു കോളജ് ബസ് സ്റ്റോപ്പില്‍ കെ.എസ്.ആര്‍.ടി.സി ടൗണ്‍ ടു ടൗണ്‍ ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാൻ മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം.

ദേശീയ പാത 66ല്‍ ജില്ല ആയുര്‍വേദ ആശുപത്രി, കാര്‍ഷിക കോളജ്, നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ്, ടി.ടി.ഐ തുടങ്ങിയ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ടൗണ്‍ ടു ബസുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യമാണ് അംഗീകരിച്ചത്.

203 പരാതികള്‍ പരിഗണിച്ചു; 160 എണ്ണത്തില്‍ തീര്‍പ്പ്

ഗതാഗതമന്ത്രിയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വാഹനീയം പരാതി പരിഹാര അദാലത്തില്‍ 203 പരാതികള്‍ പരിഗണിച്ചു. 160 പരാതികള്‍ തീര്‍പ്പാക്കി. വാഹനങ്ങളുടെ ആര്‍.സിയുമായി ബന്ധപ്പെട്ട് 70 ഉം ലൈസന്‍സുമായി ബന്ധപ്പെട്ട് 90 ഉം പരാതികൾ തീര്‍പ്പാക്കി.

നികുതി അടവ്, പെര്‍മിറ്റ്, വാഹനം പൊളിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ് പരിഹരിക്കാന്‍ ബാക്കിയുള്ളവ. രാവിലെ 11.30ന് ആരംഭിച്ച അദാലത്ത് ഉച്ച 2.30 വരെ നീണ്ടു.

അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണർ പി.എസ്. പ്രോമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എം.പി. ജെയിംസ്, ആര്‍.ടി.ഒ ജി. അനന്ത കൃഷ്ണന്‍, ആര്‍.ടി.ഒ കാസര്‍കോട് ഇന്‍ചാര്‍ജ് ജോസ് അലക്സ്, ജോയിന്റ് ആര്‍.ടി.ഒമാരായ എസ്. വിജു, മേഴ്സിക്കുട്ടി സാമുവല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ പി. സുധാകരന്‍, വി. പ്രജിത്ത്, എം. വിജയന്‍, സാജു ഫ്രാന്‍സിസ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

ജില്ലയിൽ 4.7 ലക്ഷം വാഹനങ്ങൾ; ഒരാഴ്ചക്കകം 4723 കേസ്

4.7 ലക്ഷം വാഹനങ്ങളാണ് ജില്ലയിലുള്ളതെന്ന് മന്ത്രി. മോട്ടോര്‍ വാഹന വകുപ്പ് ഒരാഴ്ച നടത്തിയ പരിശോധനയില്‍ ജില്ലയിൽ 4723 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

81.8 ലക്ഷം രൂപ പിഴ ഈടാക്കി. എട്ട് വാഹനങ്ങളുടെ ആര്‍.സിയും 126 വാഹനങ്ങളുടെ ലൈസന്‍സും റദ്ദാക്കി. 298 വാഹനങ്ങളുടെ ഫിറ്റ്നസും റദ്ദാക്കി. ജില്ലയിൽ കൂടുതല്‍ വാഹനാപകടങ്ങള്‍ ദേശീയപാത 66ലും കെ.എസ്.ടി.പി റോഡിലുമാണ്.

ഇത് പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാൻ സംസ്ഥാന റോഡ് സുരക്ഷ അതോറിറ്റിയുടെ നവംബര്‍ രണ്ടിന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - RTO Services at Checkposts from 21 – Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.