പാലക്കുന്ന്: വിത്തുതേങ്ങ സംഭരിക്കാൻ ആളില്ലാത്തത് കർഷകർക്ക് പ്രതിസന്ധിയാകുന്നു. വകുപ്പ് ഉദ്യോഗസ്ഥരുടെ അഭാവം വിത്തുതേങ്ങ ഉൽപാദിപ്പിക്കുന്ന കർഷകർക്കാണ് ദുരിതമാകുന്നത്. ഉദുമയുടെ പടിഞ്ഞാറുഭാഗങ്ങളിൽനിന്നും പനയാലിൽനിന്നുമാണ് വിത്തുതേങ്ങ സംഭരിക്കാൻ കൃഷിവകുപ്പിന്റെ കീഴിൽ ഇതിനായി പ്രത്യേകം നിയുക്തരാകുന്ന ഉദ്യോഗസ്ഥർ എത്തിയിരുന്നത്. ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിൽ മൂന്നു തവണകളായി വിത്തു തേങ്ങ സംഭരിക്കുന്നതായിരുന്നു രീതി. മാർച്ചിനുശേഷം അതിനായി ആരും വന്നില്ലെന്നാണ് വിത്തുതേങ്ങ ഉൽപാദക കർഷക കൂട്ടായ്മയുടെ പരാതി. യഥാസമയം ശേഖരിക്കാൻ ആളെത്തിയില്ലെങ്കിൽ മാർക്കറ്റ് വിലക്ക് ഇവ വിൽക്കേണ്ടിവന്നാൽ കർഷകർക്കത് വൻ സാമ്പത്തിക നഷ്ടമായിരിക്കുമെന്നാണ് പരാതി. നിലവിലെ ഉദ്യോഗസ്ഥൻ പ്രമോഷൻ കിട്ടി പോയ ഒഴിവിൽ പകരം ആളെത്താത്തതാണ് കാരണം. രണ്ടുപേർക്ക് നിയമന ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും അവരിൽ ഒരാൾ തുടർപഠനത്തിനായി പോയെന്നും രണ്ടാമൻ ചാർജെടുത്തിട്ടില്ലെന്നുമാണ് കണ്ണൂരിലെ ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടിയെന്നും കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. ബന്ധപ്പെട്ടവരുടെ അനാസ്ഥയിൽ വിത്തു തേങ്ങ ഉൽപാദക കർഷകകൂട്ടായ്മ പ്രതിഷേധിച്ചു. കെ.വി. കുഞ്ഞിക്കോരൻ അധ്യക്ഷതവഹിച്ചു. കെ.വി. കുഞ്ഞിക്കണ്ണൻ, ടി.വി. ഭാസ്കരൻ, അഡ്വ. കെ. റീത്ത എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.