കാഞ്ഞങ്ങാട്: മകളുടെ ഭർത്താവിനെ മരവടികൊണ്ട് എറിഞ്ഞു പല്ല് കൊഴിച്ച കേസിൽ പ്രതിയായ ഭാര്യാപിതാവിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. മാലോം മണ്ഡപത്തെ വി.കെ. നാരായണനെ (50) യാണ് ചിറ്റാരിക്കാൽ എസ്.ഐ അരുണൻ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നാരായണനെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി റിമാൻഡ് ചെയ്തു. മകളുടെ ഭർത്താവായ മാലോം വെളുത്തപാറയിലെ കെ.കെ. ഷിബു (33) ആണ് പരാതിക്കാരൻ. ഒരു മാസം മുമ്പാണ് കേസിനാസ്പദമായ സംഭവം. നാരായണന്റെ വീട്ടിലെത്തിയ ഷിബുവും ഭാര്യയും രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് സംഭവം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഷിബുവിന്റെ ഭാര്യയുടെ കൈയിൽ നിന്നും ഭക്ഷണം നിലത്ത് വീണിരുന്നു. ഇതേചൊല്ലി ഷിബുവും നാരായണനും തമ്മിൽ വാക്കുതർക്കമായി. ഭക്ഷണം കഴിച്ച് ഷിബു കൈകഴുകി തിരിച്ചു വരുന്നതിനിടെ പ്രകോപിതനായ നാരായണൻ വടികൊണ്ട് ഷിബുവിന് നേരെ എറിയുകയായിരുന്നു. ഏറുകൊണ്ട് പല്ലു പൊട്ടി സാരമായി പരിക്കേൽക്കുകയും ചെയ്തു. ഷിബുവിന്റെ പരാതിയിൽ അന്നുതന്നെ ചിറ്റാരിക്കാൽ പൊലീസ് നാരായണനെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.