പുത്തിഗെ: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ കനാൽ തകർന്ന് വൻ കൃഷിനാശം. ഷിറിയ അണക്കെട്ടിൽനിന്ന് അംഗടിമുഗർ വരെ കൃഷിയാവശ്യത്തിനായി നിർമിച്ച കനാൽ കന്തൽ ഗുർമിനടുക്കയിൽ പൊട്ടിത്തകർന്നാണ് കൃഷി നശിച്ചത്.
തകർന്ന ഭാഗത്തെ മണ്ണും വെള്ളവും കവുങ്ങുകൃഷിക്കാരുടെ തോട്ടങ്ങളിലേക്ക് ഒലിച്ചുപോയി. നൂറുകണക്കിന് വലിയ കവുങ്ങുകൾ കടപുഴകുകയും ഒരാൾപൊക്കത്തിലെത്തിയ തൈകൾ മണ്ണിൽമൂടി നാമാവശേഷമാവുകയും ചെയ്തു. കന്തൽ എ.എൽ.പി സ്കൂൾ, ജുമാമസ്ജിദ്, മദ്റസകളിലേക്കും കോടി, മദക്കമൂല ഭാഗങ്ങളിലേക്കുമുള്ള നടപ്പാതകളടക്കം ഒലിച്ചുപോയി. കനാൽ പൊട്ടിയൊലിച്ച ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കലക്ടറും ആർ.ഡി.ഒയും സ്ഥലം സന്ദർശിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ഭാരവാഹികളായ സുലൈമാൻ കരിവെള്ളൂർ, ബഷീർ പുളിക്കൂർ, കന്തൽ സൂപ്പി മദനി എന്നിവർ സ്ഥലം സന്ദർശിച്ചു.
വേനൽകാലത്ത് അശാസ്ത്രീയമായി കനാൽ വൃത്തിയാക്കിയതും മഴക്കാലത്ത് അധികം വരുന്ന വെള്ളം പുഴയിലേക്ക് തന്നെ ഒഴുകിപ്പോകുന്ന സംവിധാനം മൂടപ്പെട്ടതും അടിക്കനാലിൽ മാലിന്യം വന്നുമൂടിയതുമാണ് അപകടത്തിനു കാരണം. മുൻകാലങ്ങളിൽ വേനൽക്കാലം അവസാനിക്കുമ്പോൾ ചാലുകൾ വൃത്തിയാക്കാൻ ജലസേചന വിഭാഗം പ്രത്യേക ഫണ്ട് വകയിരുത്തിയിരുന്നു. കുറെ കാലങ്ങൾക്കുശേഷം കൃഷിക്കാരുടെ മുറവിളി അസഹ്യമായപ്പോഴാണ് ഇക്കഴിഞ്ഞ വേനലിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തോട് വൃത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.