ബദിയടുക്ക: ബേള വില്ലേജിൽ മാന്യ ചെടേക്കാൽ ലക്ഷംവീട് കോളനിക്കുസമീപം സർക്കാർ ഭൂമി കൈയേറി കെട്ടിയെന്ന് കാണിച്ച് വീട്ടമ്മയുടെ കുടിൽ ജില്ല കലക്ടറുടെ നിർദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥരെത്തി പൊളിച്ചുനീക്കി. ഭൂരേഖ തഹസിൽദാർ അബൂബക്കർ സിദ്ദീഖ്, ഡെപ്യൂട്ടി തഹസിൽദാർ നാരായണ, ബേള വില്ലേജ് ഓഫിസറുടെ ചുമതലയുള്ള കിരൺകുമാർ, അസി. വില്ലേജ് ഓഫിസർ രഘുരാമ പുരുഷ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടിൽ പൊളിച്ചത്.
തൊട്ടടുത്തുതന്നെയുള്ള ലക്ഷംവീട് കോളനിയിലുള്ള സന്ധ്യ എന്ന വീട്ടമ്മയും കുടുംബവുമാണ് സർക്കാർ ഭൂമിയിൽ കുടിൽ കെട്ടിയത്. ഇതുസംബന്ധിച്ച്പരാതി ലഭിച്ചതിനെ തുടർന്ന് ബേള വില്ലേജ് ഓഫിസർ പരിശോധിച്ചതായി പറയുന്നുണ്ട്. സന്ധ്യയുടെ പിതാവിന് നാലു സെന്റ് ഭൂമി സീറോ ലാൻഡ് പ്രകാരം ലഭിച്ചിരുന്നു.
എന്നാൽ, വിവാഹിതയായ സന്ധ്യ വാടക വീട്ടിലാണ് കഴിഞ്ഞുവരുന്നത്. വാടക കൊടുക്കാൻ നിർവാഹമില്ലാതെയാണ് സർക്കാർ ഭൂമിയിൽ കുടിൽകെട്ടി താമസിക്കേണ്ടി വന്നതെന്നാണ് വീട്ടമ്മ പറയുന്നത്. ഇവർ നേരത്തെ ഭൂമിക്ക് വേണ്ടി വില്ലേജ് ഓഫിസർ അടക്കമുള്ളവർക്ക് അപേക്ഷ നൽകിയിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. തങ്ങൾക്ക് വേറെ പോകാൻ ഇടമില്ലാത്തത് കൊണ്ടാണ് കുടിൽ കെട്ടിയതെന്ന് ഇവർ പറയുന്നു. എന്നാൽ, കലക്ടറുടെ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കുടിൽ പൊളിച്ചുനീക്കുകയായിരുന്നു. അതിനിടെ, ഏഴ് പേർ ഇതേ ഭൂമിക്ക് സമീപം കല്ലുവെച്ച് അതിര് തിരിച്ചുവെച്ചിട്ടുണ്ടെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.