കാസർകോട്: പഴയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള മാർക്കറ്റ് റോഡിൽ അതിഥി തൊഴിലാളികളെ നിയമ വിരുദ്ധമായി കുത്തിനിറച്ച ലോഡ്ജിൽ നിന്നും കക്കൂസ് മാലിന്യം പൊതുവഴിയിലേക്ക് തുറന്നുവിടുന്നതായി പരാതി. മത്സ്യമാർക്കറ്റിലാണ് ലോഡ്ജ് സ്ഥിതി ചെയ്യുന്നത്. മാർക്കറ്റിൽനിന്നുള്ള ഫോർട്ട് റോഡിലേക്കാണ് മാലിന്യം ഒഴുക്കിവിടുന്നത്.
പലതവണ പരാതി നൽകിയിട്ടും ആരോഗ്യ വിഭാഗം തിരിഞ്ഞുനോക്കിയില്ലെന്ന് കൗൺസിലർ പരാതി പറഞ്ഞു. മൂന്ന് നിലകളും അമ്പതോളം മുറികളുമാണ് ലോഡ്ജിലുള്ളത്. ഇതിൽ നിറയെ അതിഥി തൊഴിലാളികളാണ്. പകുതി മുറികളിൽ ആൾതാമസമില്ല(നോൺ ഒക്യുപൈഡ്) എന്ന റിപ്പോർട്ടാണ് ലോഡ്ജ് മാനേജർ നഗരസഭക്ക് നൽകിയത്.
എന്നാൽ, എല്ലാ മുറികളിലും ആളുണ്ട്. നഗരസഭയുടെ റവന്യൂ രേഖയിൽ പകുതിയോളം മുറികളിൽ മാത്രമാണ് ആൾതാമസമുള്ളതായി പറയുന്നത്. ഒരു മുറിയിൽ ഒന്നോ രണ്ടോ ആൾക്കാണ് താമസിക്കാനാവുക. എന്നാൽ, ആളുകൾ തിങ്ങിത്താമസിക്കുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു. കക്കൂസ് ടാങ്ക് നിറഞ്ഞതിനെ തുടർന്ന് റോഡിലേക്ക് തുറന്നുവിട്ടതായി നാട്ടുകാർ പരാതിപ്പെട്ടു.
കാസർകോട്: പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സ്വകാര്യ കെട്ടിടത്തിനെതിരെ രേഖാമൂലം പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് കൗൺസിലർ ഹസീന നൗഷാദ്. എല്ലാ മാനദണ്ഡങ്ങളും നിയമങ്ങളും ലംഘിച്ച് പൊതു റോഡിൽ മലിനവെള്ളം ക്രമാതീതമായി ഒഴുക്കിവിടുന്നു. വാർഡ് കൗൺസിലർ എന്ന നിലയിൽ നഗരസഭയിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കാൻ നഗരസഭ അധികൃതർ തയാറായിട്ടില്ല. കെട്ടിട ഉടമകൾക്ക് നഗരസഭ കാര്യാലത്തിലുള്ള സ്വാധീനമാണോ ലംഘനത്തിന്റെ കാരണമെന്ന് സംശയമുണ്ട്. ഇനിയും നഗരസഭ മൗനം പാലിച്ചാൽ മനുഷ്യാവകാശ കമീന് പരാതി നൽകി തദ്ദേശ ഭരണ വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തും -ഹസീന നൗഷാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.