കാസര്‍കോട്: കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിര്‍വഹണ ആസ്ഥാന മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 20ന് ഉദ്ഘാടനം ചെയ്യും. ഭരണഘടന ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ നാമധേയത്തിലുള്ള മന്ദിരം ഓണ്‍ലൈനായാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയെന്ന് വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ് പ്രഫ. കെ.സി. ബൈജു വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
22 സംസ്ഥാനങ്ങളിലെ 37 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 12,744 കോടി രൂപയുടെ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയോ തറക്കല്ലിടുകയോ ചെയ്യുന്നത്. പെരിയ കാമ്പസില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന പരിപാടിയില്‍ രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, കോര്‍ട്ട്, എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
മൂന്ന് നിലകളിലായി 68200 സ്ക്വയര്‍ ഫീറ്റില്‍ 38.16 കോടി ചെലവിലാണ് ഡോ. ബി.ആര്. അംബേദ്കര്‍ ഭവന് നിർമിച്ചിരിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഹയര്‍ എജുക്കേഷന്‍ ഫിനാന്‍സിങ് ഏജന്‍സി സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് 2020ല്‍ നിര്‍മാണം ആരംഭിച്ചു. സര്‍വകലാശാലയുടെ ഭാവിയിലെ വികസനവും കണക്കിലെടുത്തുള്ള സൗകര്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.
നിലവില്‍ ഗംഗോത്രി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട മുഴുവന്‍ വിഭാഗങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറും. ആദ്യ നിലയിലാണ് വൈസ് ചാന്‍സലറുടെ കാര്യാലയം. രജിസ്ട്രാര്‍, പരീക്ഷാ കണ്ട്രോളര്, ഫിനാന്‍സ് ഓഫിസര്‍ എന്നീ ഓഫിസര്‍മാരുടെ ഓഫിസുകള്‍, അക്കാദമിക്, അഡ്മിനിസ്ട്രേറ്റിവ്, ഫിനാന്‍സ്, പരീക്ഷ, പര്‍ച്ചേസ് തുടങ്ങി വിവിധ സെക്ഷനുകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.
സംസ്ഥാനത്ത് ആദ്യമായി ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാം (ഐ.ടി.ഇ.പി) സര്‍വകലാശാല ആരംഭിച്ചിരുന്നു. കൂടുതല്‍ അടിസ്ഥാന സൗകര്യ വികസനം യാഥാർഥ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 3 ഹെല്‍ത്ത് സെന്റര്‍, ഗസ്റ്റ് ഹൗസ്, ഫാക്കല്‍റ്റി ക്വാര്‍ട്ടേഴ്സ്, ഹോസ്റ്റലുകള്‍ക്ക് കോമണ്‍ ഡൈനിങ് ഹാള്‍ എന്നിവ അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ടവയാണ്. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന് നമ്പ്യാര്‍, ഡീന്‍ അക്കാദമിക് പ്രഫ. അമൃത് ജി. കുമാര്‍, മീഡിയ ആൻഡ് പബ്ലിസിറ്റി ചെയര്മാന് പ്രഫ. ടി.ജി. സജി, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ കെ. സുജിത് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.