നീലേശ്വരം: ഭീകരാക്രമണം, മനുഷ്യക്കടത്ത്, ലഹരിക്കടത്ത് തുടങ്ങി രാജ്യസുരക്ഷയെ ദുർബലപ്പെടുത്തുന്ന സംഭവങ്ങൾ തടയാനും തീരസുരക്ഷ ഉറപ്പാക്കാനുമായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘സാഗർ കവച്’ മോക്ഡ്രിൽ മടക്കര, തൈക്കടപ്പുറം ഹാർബർ കേന്ദ്രീകരിച്ച് തുടങ്ങി. കടലിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ജില്ല പൊലീസ്, കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സഹകരണത്തോടെയാണ് മോക്ഡ്രിൽ. കടലിൽനിന്ന് വരുന്ന മുഴുവൻ മത്സ്യബന്ധന ബോട്ടുകളും, വള്ളങ്ങളും അഴിത്തല പുലിമുട്ടിൽവെച്ച് പരിശോധന നടത്തിയാണ് കരയിലേക്ക് കടത്തിവിടുന്നത്. സംശയകരമായ യാനങ്ങളെയോ ആളുകളെയോ കടലിലോ കരയിലോ കണ്ടെത്തിയാൽ വിവരം തീരദേശ പൊലീസിനെ അറിയിക്കണം.
കടൽ മാർഗമുള്ള നുഴഞ്ഞുകയറ്റം തടയാനും, തീരദേശമാകെ ജാഗ്രത പുലർത്താനുമുള്ള പ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളുടെയും ഹാർബർ സുരക്ഷ സമിതിയുടെയും കടലോര ജാഗ്രത സമിതിയുടെയും തീരദേശ വാസികളുടെയും സഹകരണം ഉണ്ടാവണമെന്നും മീൻപിടുത്ത ബോട്ടുകളിലും വള്ളങ്ങളിലും ആർ.സി അടക്കമുള്ള രേഖകളും തൊഴിലാളികളുടെ ബയോമെട്രിക് കാർഡ്, ആധാർ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും നിർബന്ധമായും സൂക്ഷിക്കണമെന്നും തീരദേശ പൊലീസ് അറിയിച്ചു. ഹൗസ് ഓഫീസർ കെ. ജയരാജൻ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.