ബദിയടുക്ക: പെരഡാല പട്ടികവർഗ കോളനിയിലെ കുടിവെള്ള വിതരണ മോേട്ടാർ മോഷ്ടിച്ച സംഭവത്തിൽ കേസെടുത്ത് കുറ്റക്കാരെ ശിക്ഷിക്കുക, കൂട്ടുനിന്ന പഞ്ചായത്ത് മെംബർ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.എം നീർച്ചാൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബദിയടുക്ക പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ബദിയടുക്ക പഞ്ചായത്ത് പതിനാലാം വാർഡ് മെംബറുടെ പങ്കിനെക്കുറിച്ച് മാർച്ചിൽ മുദ്രാവാക്യമുയർന്നു. മോഷ്ടിച്ച മോട്ടോർ തിരിച്ചേൽപിച്ചെന്നുപറഞ്ഞ് കേസെടുക്കാതെ ഒതുക്കിത്തീർത്ത നേതാവിനെ സംരക്ഷിക്കുന്ന സമീപനമാണുണ്ടായത്.
പൊലീസ് ഇടപെടലിനുശേഷം പുനഃസ്ഥാപിച്ച മോട്ടോർ മോഷ്ടിച്ചു കടത്തിയ മോട്ടോർ തന്നെയാണോ എന്ന് ഉറപ്പുവരുത്തുക, മോട്ടർ അറ്റകുറ്റപ്പണി നടത്തിയന്ന പേരിൽ 18,000 രൂപയുടെ കൃത്രിമബിൽ തരപ്പെടുത്തി പണം കൈക്കലാകാനുള്ള ശ്രമം ജനങ്ങൾ തിരിച്ചറിയുക, പഞ്ചായത്തിലെ മുൻകാല കണ്ടിൻജന്റ് പെറ്റിവർക്കുകളും അന്വേഷണ വിധേയമാക്കുക, പഞ്ചായത്തിലെ മറ്റുള്ള കുടിവെള്ള വിതരണ മോട്ടോറുകൾ സ്ഥാപിച്ചിടത്തുതന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് മാർച്ചിൽ ഉന്നയിച്ചത്.
ബദിയടുക്ക ടൗണിൽ നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു.
ജില്ല കമ്മിറ്റി അംഗം മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ബദിയടുക്ക ലോക്കൽ സെക്രട്ടറി ചന്ദ്രൻ പൊയ്യക്കണ്ടം അധ്യക്ഷത വഹിച്ചു. നീർച്ചാൽ ലോക്കൽ സെക്രട്ടറി സുബൈർ ബാപ്പാലിപ്പൊനം സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ ബി. ശോഭ, ശാരദ, ജോതി കാര്യാട്, കൃഷ്ണ ബദിയടുക്ക, പി. രഞ്ജിത്ത്, എം.എസ്. ശ്രീകാന്ത്, രാധാകൃഷ്ണൈ റൈ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.