കാസർകോട്: ജനറൽ ആശുപത്രിയിലെ റോഡ് വികസനത്തിെൻറ ഭാഗമായി, അനുമതി ലഭിക്കുന്നതിനുമുമ്പേ മരംമുറിച്ചു കടത്തിയതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നു. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. സർക്കാർ ഭൂമിയിൽ അനധികൃതമായി കടന്ന് മരംമുറിച്ച് കടത്തിയതിനാണ് കേസ്.
സംഭവത്തിൽ ഉദ്യോഗസ്ഥതല വീഴ്ചകൾ പരിശോധിക്കാൻ വിജിലൻസും രംഗത്തുണ്ട്. ഇതിൻെറ ഭാഗമായി വിജിലൻസ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിൻെറ നേതൃത്വത്തിൽ ആശുപത്രി വളപ്പിലെത്തി പരിശോധന നടത്തി.
കാസർകോട് പഴയ ബസ്സ്റ്റാൻഡിൽനിന്ന് ജനറൽ ആശുപത്രിയിലേക്ക് പ്രവേശിക്കുന്ന റോഡാണ് വികസിപ്പിക്കുന്നത്. റോഡ് വീതികൂട്ടി ആശുപത്രിക്കു പിന്നിലുള്ള നായക്സ് റോഡുമായി ബന്ധിപ്പിക്കുന്ന വിധം 32 ലക്ഷത്തിൻെറ പദ്ധതിയാണ് നഗരസഭ ഇവിടെ നടപ്പാക്കുന്നത്.
റോഡ് വീതികൂട്ടുന്നതിൻെറ ഭാഗമായി മരം മുറിക്കാൻ നഗരസഭ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ടെൻഡർ നടപടികൾ പൂർത്തീകരിക്കുന്നതിനുമുമ്പേ മരങ്ങൾ മുറിച്ചതാണ് വിവാദമായത്. മൂന്ന് തേക്കും രണ്ടു വാകമരങ്ങളുമാണ് മുറിച്ചത്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലാണ് മരം മുറിച്ചത്. അഞ്ച് മരങ്ങളും നഗരസഭയുടെ വിദ്യാനഗറിലെ വ്യവസായ പാർക്കിലേക്ക് മാറ്റുകയും ചെയ്തു.
റോഡ് വികസനത്തിൻെറ ഭാഗമായുള്ള നടപടിയായതിനാൽ ഇതിൽ ആർക്കും സംശയമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് ഇതിന് അനുമതിയായില്ലെന്ന വിവരം പുറത്തുവന്നത്. മരംമുറിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. രാജാറാമാണ് പൊലീസിൽ പരാതി നൽകിയത്. മരംമുറി അന്വേഷിക്കാൻ അസി. എൻജിനീയറെ നഗരസഭയും ചുമതലപ്പെടുത്തി. മരംമുറിക്കാൻ നഗരസഭ തീരുമാനിച്ചതാണെന്നും നടപടിക്രമങ്ങൾ പൂർത്തിയായില്ലെന്നും നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ 'മാധ്യമ'ത്തോട് പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള മരംമുറി അന്വേഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.