കാസർകോട്: ജില്ലയുടെ െട്രയിൻ യാത്രാദുരിതത്തിന് അറുതി വരുത്തുമെന്ന പ്രതീക്ഷ വച്ച വന്ദേഭാരത് ഉള്ള വഴിയും മുടക്കിയോ എന്ന സംശയംബലപ്പെടുന്നു. ഈ വർഷം ഏപ്രിൽ 25ന് ഓട്ടം ആരംഭിച്ച കേരളത്തിലെ ഒന്നാം വന്ദേഭാരതിന് കാസർകോട്നിന്ന് റെയിൽവേക്ക് ലഭിക്കുന്നത് മികച്ച വരുമാനം. ഒക്ടോബർ 15 വരെയുള്ള കണക്കനുസരിച്ച് കാസർകോട് സ്റ്റേഷനിൽനിന്ന് ഉച്ചക്ക് 2.30ന് എടുക്കുന്ന വണ്ടിക്ക് കയറിയ യാത്രക്കാരിലൂടെ മാത്രം മൂന്നുകോടി 85 ലക്ഷം രൂപ ഇന്ത്യൻ റെയിൽവേക്ക് വരുമാനമായി ലഭിച്ചിട്ടുണ്ട്. ഒരുദിവസം ശരാശരി 2,50,000ലധികം വരുമിത്. ഇതുകൂടാതെ കാസർകോട്ടേക്ക് വരുന്ന വന്ദേഭാരതിലും കാസർകോട്ടെ യാത്രക്കാരുടെ പിന്തുണ ധാരാളമായി ഉണ്ട്. തിരുവനന്തപുരം- കാസർകോട് രണ്ടാം വന്ദേഭാരതിനും കാസർകോട് യാത്രക്കാർ മികച്ച പ്രതികരണമാണ് നൽകിവരുന്നത്. കോടിക്കണക്ക് വരുമാനം യാത്രക്കാർ നൽകിയിട്ടും കാസർകോട് സ്റ്റേഷനിൽ വൈദ്യുതി മുടങ്ങിയാൽ യാത്രക്കാരന് ദുരിതം. ജനറേറ്റർപോലും സ്ഥാപിക്കാൻ സാധിച്ചിട്ടില്ല. വന്ദേഭാരത് വണ്ടികൾ നിർത്തുന്നതും എടുക്കുന്നതും മൂന്നാം പ്ലാറ്റ്ഫോമിൽ ആണ് . അവിടെനിന്ന് ഒന്നാംപ്ലാറ്റ് ഫോമിൽ എത്താൻ ലിഫ്റ്റ് ഉണ്ടെങ്കിലും വൈദ്യുതി തടസ്സം തുടർക്കഥയായ കാസർകോട് സ്റ്റേഷനിൽ ജനറേറ്ററിന്റെ അഭാവത്തിൽ ലിഫ്റ്റ് പ്രർത്തിപ്പിക്കാൻ സാധിക്കുന്നില്ല. സ്ത്രീകളും വൃദ്ധരും ഭിന്നശേഷിക്കാരും ഉൾപ്പെടെ പോർട്ടർമാർ ഇല്ലാത്ത ഈ സ്റ്റേഷനിൽ പ്രയാസം അനുഭവിക്കുന്നു.
‘വൻതുക നൽകി ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നവർക്ക് അതിനനുസരിച്ച് സൗകര്യങ്ങൾ ചെയ്യാൻ ബാധ്യസ്ഥരാണെന്ന് കുമ്പള റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് നിസാർ പെറുവാഡ് പറഞ്ഞു. റെയിൽവേ ഉദ്യോഗസ്ഥരുടെ ഈ നിരുത്തരവാദ സമീപനത്തിനെതിരെ യാത്രക്കാർ രോഷാകുലരാണ്. ഇവിടെനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ചെറിയ ഒരു അംശം ചെലവഴിച്ചാൽ മാത്രം എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഇക്കാര്യത്തിൽ കാസർകോട് എം.പി ഇടപെട്ടുവേണ്ടത് അടിയന്തരമായി ചെയ്യണം’ അദ്ദേഹം പറഞ്ഞു.
കാസര്‍കോട്: ജില്ലയിലെ തീവണ്ടിയാത്ര രംഗത്തുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നവംബര്‍ 13ന് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തും. മലബാര്‍ മേഖലയിലേക്കുള്ള ട്രെയ്നുകളിലെ ജനറല്‍ കമ്പാര്‍ട്ടുമെന്റുകളും സ്ലീപ്പര്‍ കോച്ചുകളും വെട്ടികുറച്ച് പകരം എ.സി കോച്ചുകള്‍ ഉള്‍പ്പെടുത്തുന്ന റെയില്‍വേ നടപടി രൂക്ഷമായ യാത്ര പ്രശ്നത്തിന് കാരണമാണ്. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ജനറല്‍കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും വെട്ടിക്കുറക്കുന്നത്. വരുമാനംമാത്രം ലക്ഷ്യമാക്കിയുള്ള ഇത്തരം തീരുമാനത്തിന്റെ പേരില്‍ സാധാരണ യാത്രക്കാര്‍ വലിയ ദുരിതം അനുഭവിക്കുകയാണ്. റെയില്‍വേയുടെ ഈ സമീപനം കാരണം രണ്ടോ മൂന്നോ തീവണ്ടിയില്‍ യാത്ര ചെയ്യേണ്ട യാത്രക്കാരാണ് ഇപ്പോള്‍ ഒരു തീവണ്ടിയില്‍ സഞ്ചരിക്കേണ്ടിവരുന്നത്. നിലവില്‍ എട്ട് തീവണ്ടികള്‍ തെക്കുഭാഗത്തുനിന്ന് വന്ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നുണ്ട്. കണ്ണൂരിനും മംഗളൂരുവിനുമിടയില്‍ അതിരൂക്ഷമായ യാത്ര പ്രശ്നം നിലനില്ക്കുമ്പോള് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്ന തീവണ്ടികള്‍ മംഗലാപുരംവരെ നീട്ടാന്‍ റെയില്‍വേ നടപടി സ്വീകരിക്കുന്നില്ല. കണ്ണൂരില്‍ രാത്രി യാത്ര അവസാനിപ്പിക്കുന്ന എക്സിക്യൂട്ടിവ് എക്സ്പ്രസിനും ജനശതാബ്ദി എക്സ്പ്രസിനും കണ്ണൂരില്‍ എത്തുന്ന കാസര്‍കോട് ഭാഗത്തേക്കുള്ള യാത്രാക്കാരുടെ ദുരിതം പറഞ്ഞറിയിക്കാനാവില്ല.
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാലയങ്ങളിലും ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ ഒരുപാട് പേര് കണ്ണൂര്‍ ഭാഗത്ത് നിന്ന് വരുന്നവരാണ്. കണ്ണൂര്‍- മംഗലാപുരം റൂട്ടില്‍ കൂടുതല്‍ ട്രെയ്നുകള്‍ അനുവദിക്കാന്‍ റെയില്‍വേ തയ്യാറാകണം. 13ന് എ.ഐ.ടി.യു.സി നേതൃത്വത്തില്‍ നടക്കുന്ന സമരം സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എം.എല്‍.എയും കാഞ്ഞങ്ങാട് എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. കൃഷ്ണനും ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരത്ത് ജില്ല പ്രസിഡന്റ് ടി. കൃഷ്ണനും നീലേശ്വരത്ത് ജില്ല ജനറല്‍ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പിലും തൃക്കരിപ്പൂരില്‍ ജില്ല പ്രസിഡന്റ് പി. വിജയകുമാറും ഉദ്ഘാടനം ചെയ്യും.
കാസർകോട്: റെയിൽവേ സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക, യാത്രാദുരിതം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എഫ്.എസ്.ഇ.ടി.ഒ. സായാഹ്നധർണ മുൻ എം.പി പി. കരുണാകരൻ ഉദ്ഘാടനം ചെയ്തു.
റെയിൽവേ സ്വകാര്യവത്കരണത്തിനും ലാഭ താൽപര്യം മാത്രം മുൻനിർത്തിയുള്ള പരിഷ്കാരങ്ങൾക്കും എതിരെ ജനകീയ യാത്ര സംവിധാനത്തിന്റെ സംരക്ഷണത്തിനായി ശക്തമായ ബഹുജനപ്രക്ഷോഭം ശക്തമായിഉയർന്ന് വരേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ധർണയിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം ടി.പി. ഉഷ, കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, പി. ദിലീപ്കുമാർ, വി. ശോഭ, എൻ.കെ. ലസിത എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ. ജില്ല പ്രസിഡന്റ് കെ. ഭാനുപ്രകാശ് അധ്യക്ഷത വഹിച്ചു.
ജില്ല സെക്രട്ടറി കെ. ഹരിദാസ് സ്വാഗതവും കെ.വി. രാഘവൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.