മേൽപറമ്പ്: ബെണ്ടിച്ചാൽ-ഒറ്റത്തെങ്ങ്-കല്ലട റോഡിൽ മാലിന്യം കൊണ്ടിടുന്നതിന് ഒടുവിൽ പരിഹാരമാകുന്നു. സാമൂഹികദ്രോഹികൾ ചാക്കുകളിലാക്കി മാലിന്യം തള്ളുന്നത് സംബന്ധിച്ച് ‘മാധ്യമം’ശനിയാഴ്ച വാർത്ത നൽകിയിരുന്നു. വാർത്തയെ തുടർന്ന്, ശനിയാഴ്ച രാവിലെ പഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കർ, വൈസ് പ്രസിഡന്റ് മൻസൂർ കുരിക്കൾ, അംഗങ്ങളായ ശംസുദ്ദീൻ, ആയിഷ അബൂബക്കർ, രമ, മറിയ മാഹിൻ, ജാനകി, അമീർ, രാജൻ, നിസാർ, ആസിയ, പഞ്ചായത്ത് സെക്രട്ടറി രാഘവൻ, മനാഫ് തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും ചാക്കിൽ തള്ളിയ മാലിന്യം പരിശോധിച്ച് മാലിന്യം തള്ളിയവരെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കുകയും മാലിന്യം നീക്കംചെയ്യുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചമുന്നേ നടുറോഡിൽ കുട്ടികളുടെ ഡയപ്പർ അടക്കമുള്ള മാലിന്യം ചാക്കിലാക്കി റോഡിൽ തളിയിട്ട് വഴിനടക്കാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു. അന്നും ‘മാധ്യമം’ ‘സാമൂഹികദ്രോഹികളേ, ഇത് മാലിന്യക്കുപ്പയല്ല’ എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്തയെ തുടർന്ന് പിറ്റേദിവസം പഞ്ചായത്തംഗം മറിയയുടെ നേതൃത്വത്തിൽ മാലിന്യം നീക്കംചെയ്തിരുന്നു. എന്നാൽ, ഒരാഴ്ചത്തെ ഇടവേളക്കുശേഷം വ്യാഴാഴ്ച രാവിലെ വീണ്ടും മാലിന്യം ചാക്കിലാക്കി തള്ളുകയായിരുന്നു.
അതേസമയം, ഇതിന്റെ അന്വേഷണം എൻഫോഴ്സ്മെൻറിനെ ഏൽപിക്കാനും ഇവർക്കെതിരെ നോട്ടീസ് അയക്കാനും പിഴയടക്കമുള്ള ശിക്ഷാനടപടികളുമായി മുന്നോട്ടുപോകുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ആവശ്യമെങ്കിൽ ഇതുസംബന്ധിച്ച് പഠിച്ച് നിയമനടപടിക്ക് ഒരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികളുടെ ഡയപ്പർ അടക്കമുള്ള വീട്ടുമാലിന്യങ്ങളാണ് തള്ളിയിരുന്നത്. ഈ റോഡിലൂടെ ദുർഗന്ധംസഹിച്ച് യാത്ര ചെയ്യാൻപറ്റാത്ത അവസ്ഥയായിരുന്നു. ബൈക്കിലും മറ്റും പോകുമ്പോൾ മാലിന്യത്തിൽ തട്ടി യാത്രക്കാരുടെമേൽ തെറിക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. ഈഭാഗങ്ങളിൽ തെരുവുവിളക്കും സി.സി.ടി.വിയും സ്ഥാപിക്കാനുള്ള പദ്ധതി ആലോചിക്കുന്നതായും പഞ്ചായത്ത് സെക്രട്ടറി ‘മാധ്യമ’ത്തോട് പറഞ്ഞു. തെരുവുവിളക്കും സി.സി.ടി.വി കാമറയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.