കാട്ടാനയെ തുരത്തുന്നതിനിടെ പരിക്കേറ്റ ഇരിയണ്ണിയിലെ
സനൽകുമാറിന് വനം വകുപ്പിന്റെ ധനസഹായം ഡി.എഫ്.ഒ
പി.ബിജു കൈമാറുന്നു
കാസർകോട്: കാട്ടാനശല്യം നേരിടാൻ രണ്ടുംകൽപിച്ച് വനംവകുപ്പിന്റെ ദൗത്യസേന. ശാന്തിനഗർ - കരണി ഭാഗത്ത് ജനവാസ മേഖലയിൽ തമ്പടിച്ച മൂന്നു കാട്ടാനകളെ തുരത്തി. വനം വകുപ്പിന്റെ പ്രത്യേക ദൗത്യസേനയുടെ നേതൃത്വത്തിൽ പത്തു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തൊട്ടടുത്ത സംരക്ഷിത വനമേഖലയിലേക്കാണ് കാട്ടാനകളെ തുരത്തിയത്.
ശനിയാഴ്ച വൈകീട്ട് ആരംഭിച്ച ദൗത്യം ഞായറാഴ്ച പുലർച്ച 4.30 ഓടെയാണ് പൂർത്തിയായത്. നാട്ടുകാരും പൊലീസും വനംവകുപ്പ് സംഘത്തിനു പൂർണപിന്തുണയുമായി രംഗത്തെത്തി.
വനം വകുപ്പ് ആവശ്യപ്പെടുന്ന സമയങ്ങളിൽ വീടുകളിലെ വിളക്കുകൾ അണച്ചും മറ്റു നിർദേശങ്ങൾ കൃത്യമായി പാലിച്ചും ആന തുരത്തലിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്ക് നാട്ടുകാർ കൂടെനിന്നു.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടാനകളെ തുരത്താന്‍ കണ്ണൂര്‍ ഡിവിഷന് കീഴിലുള്ള പ്രത്യേകസംഘം വ്യാഴാഴ്ച ഉച്ചയോടെ എത്തിയിരുന്നു. വനംവകുപ്പിന്റെ കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മേല്‍നോട്ടത്തിലാണ് ദൗത്യസേനയുടെ പ്രവര്‍ത്തനം.
സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.ആര്‍. വിജയനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ എം. ജിതിന്‍, എൻ.എം. ആര്‍ ജീവനക്കാരായ അനൂപ്, മെല്‍ജോ, രാജേന്ദ്രന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
ഇവര്‍ക്ക് പുറമെ കാസര്‍കോട് ൈഫ്ലയിങ് സ്‌ക്വാഡ്, ഡിവിഷന്‍ ജീവനക്കാര്‍, കണ്ണൂര്‍, കാസര്‍കോട് ആര്‍.ആര്‍. ടി.സി ജീവനക്കാര്‍ എന്നിവർ ഉള്‍പ്പെടുന്ന വിപുലമായ ദൗത്യസേനയാണ് ആന തുരത്തലിന് നേതൃത്വം നൽകിയത്. ഡി.എഫ്.ഒ പി. ബിജു, കാസർകോട് ഫോറസ്റ്റ് റേഞ്ചർ ടി.ജി. സോളമൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.വി. സത്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കണ്ണൂർ ഡിവിഷൻ ൈഫ്ലയിങ് സ്‌ക്വാഡ്, വയനാട് ജീവനക്കാർ എന്നിവർ വരുംദിവസങ്ങളിൽ ദൗത്യത്തിൽ പങ്കുചേരും. പുലിപ്പറമ്പ് ഭാഗത്ത് സോളാർ തൂക്കുവേലിയുടെ നിർമാണ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്. അതിനിടെ, ആനയെ കാട്ടിലേക്ക് തുരത്തുന്നതിനിടെ കഴിഞ്ഞയാഴ്ച പരിക്കേറ്റ ഇരിയണ്ണിയിലെ സനൽകുമാറിന് വനംവകുപ്പിന്റെ 75,000 രൂപ ധനസഹായം ഡി.എഫ്.ഒ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.