ലഹരി തടയാൻ വനിതകളുടെ മിന്നല്‍ സേന

വലിയപറമ്പ: ലഹരിക്കെതിരെ വനിതാ മിന്നല്‍സേനയുമായി വലിയപറമ്പ ഗ്രാമപഞ്ചായത്ത്. പരസ്യ മദ്യപാനം, അനധികൃത മദ്യവില്‍പന, മയക്കുമരുന്ന് വില്‍പന എന്നിവക്കെതിരായ വനിതകളുടെ കൂട്ടായ്മ രൂപവത്കരിച്ചാണ് ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നത്.

അമിത മദ്യപാനവും ലഹരി ഉപയോഗവും ദുരിതമായി മാറിയതോടെയാണ് പഞ്ചായത്തിലെ സ്ത്രീകളെ സംഘടിപ്പിച്ച് മിന്നല്‍ സേന രൂപവത്കരിക്കുന്നത്.

വലിയപറമ്പ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍ വനിത മിന്നല്‍ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഗ്രാമപഞ്ചായത്ത്, ചന്തേര പൊലീസ്, എക്സൈസ്, കുടുംബശ്രീ ജെ.ആര്‍.സി എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുക. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും മിന്നല്‍ സേന രൂപവത്കരിക്കും.

ഓരോ വാര്‍ഡില്‍നിന്നും സന്നദ്ധരായ 30 വനിതകളെ ഉള്‍ക്കൊള്ളിച്ചാണ് സേന രൂപവത്കരിക്കുന്നത്. അതത് വാര്‍ഡ് മെമ്പര്‍ക്കും കുടുംബശ്രീക്കുമാണ് മിന്നല്‍ സേനാംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള ചുമതല.

നിലവില്‍ പഞ്ചായത്തിലെ എട്ട്, ഒമ്പത് വാര്‍ഡുകളില്‍ മിന്നല്‍ സേന ആരംഭിച്ചിട്ടുണ്ട്. വനിത മിന്നല്‍ സേന രൂപത്കരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ശ്യാമള അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. മനോഹരന്‍, ഖാദര്‍ പാണ്ഡ്യല, ഇ.കെ. മല്ലിക, എം. അബ്ദുൽ സലാം, എം.പി. വിനോദ് കുമാര്‍, കുടുംബശ്രി ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, ചന്തേര ഇന്‍സ്‌പെക്ടര്‍ പി. നാരായണന്‍, എക്സൈസ് എസ്.ഐ. കെ.ആര്‍. കലേഷ് എന്നിവര്‍ സംസാരിച്ചു. ഇ.കെ.ബിന്ദു സ്വാഗതവുംസി. രജിത നന്ദിയും പറഞ്ഞു.

Tags:    
News Summary - Women's force to prevent drug addiction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.