കാസർകോട്: ഖരമായും ദ്രാവകമായും വാതകമായും രൂപം പ്രാപിക്കാൻ കഴിവുള്ള ഭൂമിയിലെ ഏകപദാർഥം...വായു കഴിഞ്ഞാൽ മനുഷ്യനും ജീവജാലങ്ങൾക്കും ജീവൻ നിലനിർത്താൻ ആവശ്യമായ ഘടകം...
ഒരസുഖം വരുമ്പോൾ ഔഷധമായും അത് മാറുന്നു. ജലത്തിന്റെ പ്രാധാന്യവും മഹത്ത്വവും മനസ്സിലാക്കിയ ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു. ...ജലം... അത് അമൂല്യമല്ല, ജീവന്റെ ഭാഗംതന്നെയാണ്. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയാറാക്കിയതിന്റെ ആഹ്ലാദത്തിലാണ് ലോക ജലദിനം ജില്ലയിൽ ആഘോഷിക്കുന്നത്. ജില്ലയിലെ ജലലഭ്യത അടിസ്ഥാനമാക്കി ജല ഉപഭോഗത്തിന്റെ അളവു കണക്കാക്കിയാണ് ജലബജറ്റ് തയാറാക്കിയത്.
സമ്പൂർണമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ജലബജറ്റ് തയാറാക്കിയ ഇന്ത്യയിലെ ഏക ജില്ലയാണ് കാസർകോട്. കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആൻഡ് മാനേജ്മെന്റിന്റെ സാങ്കേതിക സഹായത്തോടെ ഹരിതകേരളം മിഷനാണ് ഇതിന് നേതൃത്വം നൽകിയത്.
ജില്ലയിലെ ജലസേചനവകുപ്പ്, ഭൂജല വകുപ്പ്, മണ്ണുസംരക്ഷണ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം എന്നിവയിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിൽ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ സാങ്കേതിക സമിതികളാണ് ജലബജറ്റ് പരിശോധിച്ച് ന്യൂനത പരിഹരിച്ചിരിക്കുന്നത്.
ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലത്തിന്റെ അളവ് കണക്കാക്കി വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ തോതനുസരിച്ചാണ് ജലബജറ്റ് തയാറാക്കിയത്.
സംസ്ഥാന ശരാശരിയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന ഭൂപ്രദേശത്ത് രൂക്ഷമായ വരൾച്ച അനുഭവപ്പെടുന്ന മേഖല പ്രത്യേകമായി പരിഗണിച്ച് ജലസുരക്ഷാപദ്ധതി തയാറാക്കാനാണ് ജലബജറ്റ് നിർദേശം.
നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരള മിഷൻ മുഖേനയാണ് ഇത് നടപ്പിലാക്കിയത്. കഴിഞ്ഞ പത്ത് വർഷം പെയ്തിറങ്ങിയ പ്രതിദിന മഴയുടെ അളവ് പരിഗണിച്ചാണ് ബജറ്റിനുള്ള ജലലഭ്യത കണക്കാക്കിയത്.
ജലസേചന വകുപ്പിന് കീഴിലുള്ള ഹൈഡ്രോളജി റെയിൻഗേജ് സ്റ്റേഷനുകളിൽനിന്നുള്ള മഴ അളവാണ് ഇതിനായി പരിശോധിച്ചത്. നിലവിൽ കവ്വായിപ്പുഴക്ക് വെള്ളച്ചാലിലും തേജസ്വിനി പുഴക്ക് കാക്കടവിലും നീലേശ്വരം പുഴക്ക് എരിക്കുളത്തും ചന്ദ്രഗിരി പുഴക്ക് കാട്ടും പടിയടുക്കയിലും മൊഗ്രാൽ പുഴക്ക് മധൂർ, ഷിറിയ പുഴക്ക് പൈക്ക, ഉപ്പള പുഴക്ക് ഉപ്പളയിലും മഞ്ചേശ്വരം പുഴക്ക് മഞ്ചേശ്വരത്തുമുള്ള മഴമാപിനികളിൽനിന്ന് ഓരോ വർഷവും ജൂൺ ഒന്നു മുതൽ മേയ് 31 വരെയുള്ള ജല വർഷത്തിൽ ലഭിച്ച മഴയുടെ അളവാണ് ജില്ല ബജറ്റിന് ആധികാരികരേഖയായി പരിഗണിച്ചത്. ഓരോ ഗ്രാമപഞ്ചായത്ത് തലത്തിലും മുനിസിപ്പൽ തലത്തിലുമാണ് ജലബജറ്റ് റിപ്പോർട്ട് തയാറാക്കിയത്.
ബ്ലോക്ക് പഞ്ചായത്ത്തലത്തിൽ ക്രോഡീകരിച്ച് റിപ്പോർട്ടുകൾ തയാറാക്കിവരുന്നു. കാസർകോട് ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ല ജലസുരക്ഷ പ്ലാൻ തയാറാക്കാൻ നടപടി പൂർത്തിയായിവരുന്നു. സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ജലബജറ്റ് തയാറാക്കിയ 15 ബ്ലോക്കുകളിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഒപ്പമുള്ള അജാനൂർ, പള്ളിക്കര, ഉദുമ, പുല്ലൂർ പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടു. സംസ്ഥാനതലത്തിൽ അംഗീകാരം ലഭിച്ചതിനെ തുടർന്ന് ജലസുരക്ഷാപ്ലാൻ തയാറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.