കാഞ്ഞങ്ങാട്: ക്ഷേത്രമതിലുകൾക്ക് പുറത്തേക്ക് തിടമ്പുനൃത്തത്തെ ചുവടുെവച്ച് കയറ്റിയ തിടമ്പുനൃത്ത കലാകാരൻ പുതുമന ഗോവിന്ദൻ നമ്പൂതിരി 64ാം വയസ്സിലും കലാസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം. തെയ്യങ്ങളെ പോലെ പുറംലോകത്ത് ക്ഷേത്ര മതിലിനുപുറത്ത് ചുവടുറപ്പിക്കാൻ ഭയപ്പെട്ടിരുന്ന കലയെയാണ് ഗോവിന്ദൻ നമ്പൂതിരി ജനകീയമാക്കിയത്. അദ്ദേഹത്തിെൻറ ചുവടുപിടിച്ച് ഇപ്പോൾ തിടമ്പുനൃത്തം ഏവർക്കും ആസ്വാദ്യകരമായ കലയായി മാറിയിരിക്കുന്നു.
2006 വരെ ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിൽ ഉത്സവാഘോഷങ്ങളുടെ ഭാഗം മാത്രമായിരുന്നു തിടമ്പുനൃത്തം. ഇത് നാടറിയുന്ന ഒരു ക്ഷേത്രകലയായി മാറ്റണമെന്ന ദൃഢനിശ്ചയത്തോടെ, കാഞ്ഞങ്ങാട് ചെമ്മട്ടംവയൽ സ്വദേശിയും തിടമ്പുനൃത്ത കലാകാരനും കൂടിയായ പുതുമന ഗോവിന്ദൻ നമ്പൂതിരിയുടെ ചുവടുവെപ്പുകളാണ് തിടമ്പുനൃത്തത്തെ പൊതുവേദികളിലെത്തിച്ചത്. തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നുവെങ്കിലും കലയുടെ സ്നേഹം കൊണ്ട് മറികടക്കുകയായിരുന്നുവെന്ന് ഗോവിന്ദൻ നമ്പൂതിരി പറയുന്നു.
കുഞ്ഞുനാൾ മുതൽതന്നെ തിടമ്പുനൃത്തേത്താട് അടങ്ങാത്ത സ്നേഹം പ്രകടിപ്പിച്ച ഗോവിന്ദൻ നമ്പൂതിരി 1974ൽ പത്താംക്ലാസ് പഠനം പൂർത്തീകരിച്ച ശേഷമാണ് മാടമന ശങ്കരൻ എമ്പ്രാന്തിരിയുടെ ശിക്ഷണത്തിൽ തിടമ്പുനൃത്തത്തിെൻറ ചുവടുകൾ അഭ്യസിച്ചത്. അതേവർഷം അതിയാമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ അരങ്ങേറ്റവും കുറിച്ചു. പിന്നീടങ്ങോട്ട് ഉത്തരകേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഗോവിന്ദൻ നമ്പൂതിരിയുടെ ചുവടുകൾ തിടേമ്പറ്റി. തിടമ്പുനൃത്തത്തിനുള്ള പ്രതിഫലം ചോദിച്ചുവാങ്ങുന്നത് ഗോവിന്ദൻ നമ്പൂതിരിക്ക് പഥ്യമായിരുന്നില്ല. ഓരോ ക്ഷേത്രത്തിൽനിന്ന് അറിഞ്ഞ് നൽകുന്നത് വാങ്ങും. 2007ലാണ് തിടമ്പുനൃത്തം പൊതുവേദികളിൽ അവതരിപ്പിച്ചു തുടങ്ങുന്നത്. പിന്നീട് സംസ്ഥാന സർക്കാറിെൻറ വിവിധ പരിപാടികളിലും ടൂറിസം വകുപ്പിെൻറ വിവിധ പരിപാടികളിലും തിടമ്പുനൃത്തം അവതരിപ്പിച്ചു.
2014ൽ കേരള സംഗീതനാടക അക്കാദമി കലാശ്രീ പുരസ്കാരം നൽകി ആദരിച്ചു. 2017ൽ സംസ്ഥാന സർക്കാറിെൻറ പ്രഥമ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്കാരത്തിനും അർഹനായി. കാളിയമർദനം, ശിവതാണ്ഡവം, ശ്രീകൃഷ്ണെൻറ പാദമുദ്രകൾ തേടി അക്രൂരൻ നടത്തിയ യാത്രകൾ എന്നിവയാണ് തിടമ്പുനൃത്തത്തിെൻറ ഐതിഹ്യങ്ങൾ. വലംതല, ചെണ്ട, ഉരുട്ടുെചട്ട, കൊമ്പ്, കുഴൽ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെയാണ് തിടമ്പുനൃത്താവതരണം. കൊട്ടി ഉറയിക്കൽ ചടങ്ങോടുകൂടിയാണ് നൃത്താരംഭം.
ദ്രുതതാളത്തിൽ മേളം മുറുകുേമ്പാൾ ആ താളക്രമത്തിൽ വൃത്താകൃതിയിൽ തിരിഞ്ഞ് താളം ചവിട്ടുന്നു. ‘തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങളിൽ പതിഞ്ഞകാലത്തിൽ തുടങ്ങി കാലം മുറുകി വൃത്താകൃതിയിലുള്ള കലാശത്തിനുശേഷം അടുത്ത താളം തുടങ്ങുന്നു. പഞ്ചാരിയും മുറുക്കി പിന്നെ ചുരുക്കി ഏകതാളത്തിൽ നൃത്തം അവസാനിപ്പിക്കുന്നു.
ഭാര്യ: രാധാമണി. ഗവ. എൻജിനീയറിങ് കോളജിൽ അസി. പ്രഫസറായ ഗോവിന്ദൻ നമ്പൂതിരിയും ബംഗളൂരു ഐ.ടി മേഖഖലയിൽ പ്രവർത്തിക്കുന്ന ഈശ്വരനും മക്കളാണ്. ഭാര്യ രാധാമണിയും മകൻ ഗോവിന്ദൻ നമ്പൂതിരിയും ഗോവിന്ദൻ നമ്പൂതിരിയുടെ കാഴ്ചപ്പാടുകൾക്ക് എന്നും പൂർണ പിന്തുണ നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.