കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ പത്ത് പ്രതികളുടെ ജീവപര്യന്തം തടവ് ഹൈകോടതി ശരിവെച്ചു. മൂന്ന് പേരെ വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ട പ്രതികൾക്കെല്ലാം നിയമവിരുദ്ധ പ്രവർത്തനം തടയൽ (യു.എ.പി.എ) നിയമപ്രകാരം വിചാരണ കോടതി വിധിച്ച ശിക്ഷക്ക് പുറമെ ഇന്ത്യൻ ശിക്ഷ നിയമപ്രകാരമുള്ള ശിക്ഷയും കൂടി ഹൈകോടതി വിധിച്ചു. ജീവപര്യന്തം ശിക്ഷയുടെ എണ്ണം വർധിച്ചെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
രാജ്യത്തിനെതിരെ യുദ്ധം ചെയ്യാൻ യുവാക്കളെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകിയെന്നും ഇതിനായി ഗൂഢാലോചന നടത്തിയെന്നുമുള്ളതിന് സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്ന് വിലയിരുത്തിയാണ് വിചാരണ കോടതിയുടെ ശിക്ഷ ഡിവിഷൻബെഞ്ച് ശരിവെച്ചത്. വിചാരണ കോടതി ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ടാം പ്രതി അണ്ടത്തോട് ചാന്തിന്റവിട എം.എച്ച്. ഫൈസല്‍, 14ാം പ്രതി കൊട്ടാരത്ത് മൗത്താരക്കണ്ടി മുഹമ്മദ് നവാസ്, 22 -ാം പ്രതി പരപ്പനങ്ങാടി ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ മുഖ്യ സൂത്രധാരനായ കണ്ണൂർ സ്വദേശി തടിയന്റവിട നസീർ,16ം പ്രതി സാബിർ പി. ബുഹാരി, സഫ്രാസ് നവാസ് എന്നിവർക്ക് വിചാരണ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം തടവുശിക്ഷ അഞ്ച് ജീവപര്യന്തമാക്കി ഉയർത്തി.
15 ാം പ്രതി അബ്ദുൽ ജബ്ബാറിന്റെ നാലു ജീവപര്യന്തം കഠിനതടവ് ആറ് ജീവപര്യന്തമാക്കി. ഒന്നാം പ്രതി കണ്ണൂർ കാട്ടൂർ കടമ്പൂർ അബ്ദുല്‍ ജലീല്‍, നാലാം പ്രതി മൗവഞ്ചേരി മുതുകുറ്റി പി. മുജീബ്, അഞ്ചാം പ്രതി തയ്യില്‍ പൗണ്ട് വളപ്പ് ഷഫാസ്, 11ാം പ്രതി വയനാട് പടിഞ്ഞാറെത്തറ പതുണ്ടന്‍വീട്ടില്‍ ഇബ്രാഹിം മൗലവി, 12ാം പ്രതി കളമശ്ശേരി കൂനംതൈ ഫിറോസ്, 21ാം പ്രതി സത്താര്‍ഭായി എന്ന പെരുവള്ളൂര്‍ സൈനുദ്ദീന്‍ എന്നിവർക്ക് നാല് ജീവപര്യന്തം ശിക്ഷ വിധിച്ചു.
എല്ലാ പ്രതികളും ജീവപര്യന്തം ഒരുമിച്ച് അനുഭവിച്ചാൽ മതി. വിചാരണ കോടതി വിധിച്ച ശിക്ഷ റദ്ദാക്കിയ മൂന്ന് പ്രതികളെയും മറ്റ് കേസുകളിൽ തടവ് ആവശ്യമില്ലാത്ത പക്ഷം ഉടനടി മോചിപ്പിക്കാൻ കോടതി നിർദേശിച്ചു.
വിചാരണക്കോടതിയുടെ വിധിക്കെതിരെ 13 പ്രതികളും എൻ.ഐ.എയും നൽകിയ അപ്പീലുകളാണ് ഡിവിഷൻബെഞ്ച് പരിഗണിച്ചത്. 2008 ഒക്ടോബർ നാലു മുതൽ എട്ടുവരെ കശ്മീർ അതിർത്തിയിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ കണ്ണൂർ സ്വദേശികളായ ഫയാസ്, ഫായിസ്, മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുൽ റഹീം, എറണാകുളം തമ്മനം സ്വദേശി വർഗീസ് ജോസഫ് എന്ന മുഹമ്മദ് യാസിൻ എന്നിവർ കൊല്ലപ്പെട്ടതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.