അർജുനെ കണ്ടെത്താനായില്ല; ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തി, സൈന്യത്തെ അയക്കണമെന്ന് കുടുംബം

അർജുനെ കണ്ടെത്തുന്നതിനായുള്ള ഇന്നത്തെ രക്ഷാപ്രവർത്തനങ്ങൾ നിർത്തി. കനത്ത മഴ വെല്ലുവിളിയായി തുടരുകയാണ്. നാളെ രാവിലെ രക്ഷാപ്രവർത്തനം തുടരും. ലോറിയോടൊപ്പം മണ്ണിനടിയിൽപ്പെട്ട അർജുനെ കണ്ടെത്തുന്ന നിമിഷത്തിനായി നാട് കാത്തിരിക്കുകയാണ്. കുന്നിടിഞ്ഞ ഭാഗത്ത് മണ്ണ് കുതിർന്നു കിടക്കുകയാണ്. ചുരുക്കം മണ്ണുമാന്തി യന്ത്രങ്ങളാണ് സ്ഥലത്തുള്ളത്. വലിയ രീതിയിൽ മണ്ണ് നീക്കിയാൽ മണ്ണ് വീണ്ടും ഇടിയുമെന്ന ആശങ്കയാണുള്ളത്.

ഇതിനിടെ, മണ്ണിടിഞ്ഞ ഭാഗത്ത് മലകളിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. അവിടെ വീണ്ടും മണ്ണിടിയാൻ സാധ്യതയുണ്ട്. റഡാർ കൊണ്ടുവന്ന് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. റഡാറിൽ മൂന്ന് സിഗ്നലുകൾ കാണിച്ചെങ്കിലും ലോറിയാണോ എന്ന് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇടക്കിടെ മഴ പെയ്യുന്നതിനാൽ റോഡിലാകെ ചെളിയാണ്. 10 അടിയോളം ഉയരത്തിൽ റോഡിൽ മണ്ണുണ്ട്. കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും നിരവധി എം.എൽ.എമാരും സ്ഥലത്തെത്തിയിരുന്നു. അർജുന്റെ ബന്ധുക്കളും സ്ഥലത്തുണ്ട്.

കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളക്ക് സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം.

ഇതിനിടെ, അർജു​നെ കണ്ടെത്താൻ സൈന്യത്തെ ഇറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ചിരിക്കുകയാണ് കുടുംബം. രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. രണ്ടുദിവസം കർണാടകയിലെ അധികൃതർ വീഴ്ച വരുത്തി. നിലവിലെ രക്ഷാദൗത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. അർജുനൊപ്പം എത്രപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ വിവരവും അധികൃതർ പുറത്തുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽ നിന്ന് ആളുകളെ അയക്കാൻ അനുവദിക്കണമെന്നും കുടുംബം അഭ്യർഥിച്ചു.അമ്മ ഷീലയും സഹോദരി അഞ്ജുവുമടക്കമുള്ള കുടുംബമാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.

Tags:    
News Summary - Arjun's family asks govt to deploy Army for search

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.