മലയാള സിനിമയുടെ അമ്മ എന്നതിലുപരി പ്രേക്ഷകരുടെ അമ്മയായിരുന്നു അവർ. ചേച്ചിയുടെ ശബ്ദത്തിൽ ‘മോനേ’ വിളി കേൾക്കുന്നത് മലയാളിക്ക് ആനന്ദമുള്ള കാര്യമാണ്. കുടുംബ സുഹൃത്ത് എന്ന നിലയിലും ചേച്ചിയുമായുള്ള ബന്ധം ഞാൻ ഓർമിക്കുകയാണ്. ഈ വേർപാട് ഒരുപാട് വേദനയുണ്ടാക്കുന്നു
ഏതാനും ദിവസം മുമ്പ് ഞാൻ പൊന്നമ്മ ചേച്ചിയെ കാണാൻ വീട്ടിൽ പോയിരുന്നു. അപ്പോൾ സുഖമില്ലാതെ കിടക്കുകയായിരുന്നു ചേച്ചി. എന്നെ മനസ്സിലായോ എന്ന് ചോദിച്ചു. അപ്പോൾ നിർന്നിമേഷയായി മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. ആ പുഞ്ചിരി ഇപ്പോഴും മനസ്സിലുണ്ട്. ചേച്ചിയുടെ മരണം എന്നിൽ വളരെ വലിയ വിഷമം നിറക്കുന്നു.
ആദ്യചിത്രമായ ‘ഉത്രാടരാത്രി’യിൽ ആരംഭിക്കുന്നതാണ് പൊന്നമ്മ ചേച്ചിയോടൊത്തുള്ള ഓർമകൾ. ആ സിനിമയിൽ അവർ കേന്ദ്ര കഥാപാത്രമായിരുന്നു. യഥാർഥത്തിൽ പൊന്നമ്മ ചേച്ചിയുടെ കൈയും പിടിച്ചാണ് ഞാൻ സിനിമാ ലോകത്തേക്ക് എത്തുന്നത്. പിന്നീടുള്ള എന്റെ മിക്ക ചിത്രങ്ങളിലും ചേച്ചി ഉണ്ടായിരുന്നു. ഞാൻ ആദ്യമായി നിർമിച്ച ചിത്രം ‘ഒരു പൈങ്കിളിക്കഥ’യാണ്. അതിൽ ചേച്ചി എന്റെ അമ്മയായാണ് അഭിനയിച്ചത്. കൂടാതെ, ഏറ്റവും കൂടുതലാളുകൾ ഇഷ്ടപ്പെട്ട ‘ചിരിയോ ചിരി’ എന്ന ചിത്രത്തിലും പ്രധാന വേഷം ചെയ്തു.
ശക്തമായ കഥാപാത്രത്തെയാണ് അതിൽ അവർ അവതരിപ്പിച്ചത്. ‘ഏഴ് സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം’ എന്ന മനോഹരമായ പാട്ട് ആ സിനിമയിലാണ്. അത് ചേച്ചിയുടെ സാന്നിധ്യത്തിലാണ് പാടുന്നത്. പിന്നീട് ‘എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി’ എന്ന സിനിമയിലും ചേച്ചിയുണ്ട്. എന്റെ 25ാമത്തെ ചിത്രമായ ‘അച്ചുവേട്ടന്റെ വീട്ടി’ലും ചേച്ചി വേഷമിട്ടു. ഏറ്റവും ഒടുവിൽ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിലും ചേച്ചി ഒപ്പമുണ്ടായിരുന്നു.
മലയാള സിനിമയുടെ അമ്മ എന്നതിലുപരി പ്രേക്ഷകരുടെ അമ്മയായിരുന്നു അവർ. ചേച്ചിയുടെ ശബ്ദത്തിൽ ‘മോനേ’ എന്ന വിളി കേൾക്കുകയെന്നത് മലയാളിക്ക് ആനന്ദമുള്ള കാര്യമാണ്. എന്റെ എല്ലാ സിനിമാപരമായ പ്രവർത്തനങ്ങളിലും ചേച്ചിയുടെ പങ്കാളിത്തമുണ്ടായിരുന്നു. കുടുംബ സുഹൃത്തെന്ന നിലയിലും ചേച്ചിയുമായുള്ള ബന്ധം ഞാൻ ഓർമിക്കുകയാണ്. ഈ വേർപാട് ഒരുപാട് വേദനയുണ്ടാക്കുന്നു. സാധാരണ ഒരു സിനിമാനടി എന്ന നിലയിലുള്ള ബന്ധമായിരുന്നില്ല. പത്രക്കാരനായി ഞാൻ മദ്രാസിൽ ചെല്ലുമ്പോഴും അവിടെ വെച്ച് ചേച്ചിയെ കണ്ടിട്ടുണ്ട്. നാട്ടിൽനിന്ന് അമ്മയെ പിരിഞ്ഞ് അവിടെയെത്തിയ എനിക്ക് ഇടക്ക് ചേച്ചിയുടെ വീട്ടിൽ പോകുമ്പോഴായിരുന്നു അമ്മയുടെ സാന്നിധ്യം അറിയാൻ കഴിഞ്ഞിരുന്നത്. അന്നേ കുടുംബപരമായ ഒരു ബന്ധം പോലെ അത് മാറിയിരുന്നു. അത് പിന്നീട് ഇന്നോളം തുടർന്നു.
ഓരോ സിനിമക്കും തിരക്കഥയെഴുതുമ്പോൾ അതിലേക്ക് അറിയാതെതന്നെ ചേച്ചിയെത്തും. ചലച്ചിത്ര കുതുകിയായിരുന്നു ചേച്ചിയുടെ ഭർത്താവ് മണിസ്വാമി എന്ന നിർമാതാവ്. ഞങ്ങൾ തമ്മിൽ സംവാദങ്ങളിലേർപ്പെടുമായിരുന്നു. അന്ന് മൂന്നും നാലും ഷിഫ്റ്റ് അഭിനയിക്കുന്ന ആർട്ടിസ്റ്റാണ് ചേച്ചി. ഞങ്ങൾ വീട്ടിലിരുന്ന് സംസാരിക്കുമ്പോൾ ഓരോ സാരിയുടുത്ത് ചേച്ചി വന്നുപോകുന്നത് കാണാമായിരുന്നു. അങ്ങനെ വലിയൊരു കൂട്ടായ്മയായിരുന്നു ആ വീട്ടിൽ. കവിയൂർ പൊന്നമ്മയെന്ന ബ്രാൻഡ് ആവർത്തിക്കാൻ ബുദ്ധിമുട്ടാണ്. ചേച്ചിയുടെ രീതികളും ശബ്ദത്തിന്റെ വിന്യാസവുമൊക്കെ അവരുടെ സ്വന്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.